അബുദാബി: യുഎഇയിലെ പൊതുമേഖലയ്ക്ക് ബാധകമായ ബലി പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെ ഫെഡറൽ മന്ത്രാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും നാല് ദിവസത്തെ അവധിയാണ് ബലി പെരുന്നാളിന് ഔദ്യോഗികമായി ലഭിക്കുക. മാസപ്പിറവി ദൃശ്യമാവുന്നതിന് അനുസരിച്ച് അവധി ദിനങ്ങളിൽ മാറ്റം വരാം. എന്നാൽ വാരാന്ത്യ അവധി ദിനങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ ആറ് ദിവസം അവധി ലഭിക്കാനുള്ള സാധ്യതയുമുണ്ട്.

ഫെഡറൽ അഥോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൺ റിസോഴ്‌സസ് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഹിജ്‌റ കലണ്ടറിലെ ദുൽഹജ്ജ് മാസം ഒമ്പതാം തീയ്യതി മുതൽ 12-ാം തീയ്യതി വരെയാണ് ബലി പെരുന്നാൾ അവധി. ദുൽഹജ്ജ് ഒമ്പതാം തീയ്യതി അറഫാ ദിനത്തിന്റെയും തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ ബലിപ്പെരുന്നാൾ ആഘോഷങ്ങൾക്ക് വേണ്ടിയുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ദുൽഹജ്ജ് മാസത്തിന് തുടക്കം കുറച്ചുകൊണ്ടുള്ള മാസപ്പിറവി ജൂൺ 18ന് ദൃശ്യമാവുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ അന്ന് മാത്രമേ അവധി ദിവസങ്ങൾ സംബന്ധിച്ച് വ്യക്തത വരൂ.