റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ജോലി ചെയ്യുന്നതിനിടെ ഭാരമുള്ള ഇരുമ്പ് കഷണങ്ങൾ പതിച്ച് യു.പി സ്വദേശി മരിച്ചു. ഉത്തർപ്രദേശ് അസംഗഢ് സ്വദേശി ദിൽഷാദ് അഹ്‌മദ് (55) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ ജോലിക്കിടെ വലിയ ഭാരമുള്ള ഇരുമ്പ് ഭാഗങ്ങൾ ശരീരത്തിലേക്ക് വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

അപകടം സംഭവിച്ച ഉടൻ തന്നെ റോയൽ കമീഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ പെട്രോൾ എഞ്ചിൻ മെക്കാനിക്ക് ആയി ജോലി ചെയ്തുവരികയായിരുന്നു മരണപ്പെട്ട ദിൽഷാദ് അഹ്‌മദ്. മൃതദേഹം റോയൽ കമീഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് മരണാനന്തര നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.