അഹമ്മദാബാദ്: ഗുജറാത്തിൽ ഗൂഗിളിന്റെ ആഗോള ഫിൻടെക് ഓപ്പറേഷൻ സെന്റർ ഉടൻ തുടങ്ങുമെന്ന് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വാഷിങ്ടണിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സുന്ദർ പിച്ചൈ ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ എന്ന കാഴ്ചപ്പാട് ഗംഭീരമാണെന്നും മറ്റ് രാജ്യങ്ങൾക്ക് മാതൃകയാണിതെന്നും സുന്ദർ പിച്ചൈ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്ത്യയുമായുള്ള പങ്കാളിത്തം തുടരുമെന്ന് പ്രഖ്യാപിച്ച പിച്ചൈ, ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ (GIFT) തങ്ങളുടെ ഗ്ലോബൽ ഫിൻടെക്ക് ഓപ്പറേഷൻ സെന്റർ ആരംഭിക്കുമെന്ന പ്രഖ്യാപനവും നടത്തി. ഒപ്പം 1000 കോടി ഡോളറിന്റെ ഡിജിറ്റൈസേഷൻ ഫണ്ട് നിക്ഷേപം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

2020 ലാണ് ഗൂഗിൾ ഇന്ത്യയ്ക്ക് വേണ്ടിയുള്ള 1000 കോടി ഡോളറിന്റെ ഡിജിറ്റൈസേഷൻ ഫണ്ട് പ്രഖ്യാപിച്ചത്. അടുത്ത അഞ്ചോ ഏഴോ വർഷക്കാലത്തെ നിക്ഷേപമാണ് കമ്പനി വാഗ്ദാനം ചെയ്തത്.

പ്രധാനമന്ത്രി മോദിയുടെ ഡിജിറ്റൽ ഇന്ത്യ കാഴ്ചപ്പാട് എറെ മുന്നേറിയെന്നും മറ്റ് രാജ്യങ്ങൾക്ക് അതൊരു മാതൃകയാക്കാവുന്ന ബ്ലൂ പ്രിന്റ് ആണതെന്നും പിച്ചൈ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫിൻടെക്ക്, ഗവേഷണങ്ങളുടെ പ്രോത്സാഹനം, വികസനം എന്നിവ സംബന്ധിച്ച കാര്യങ്ങൾ സുന്ദർ പിച്ചൈയുമായി മോദി സംസാരിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വർഷം ഇന്ത്യ സന്ദർശിച്ച സുന്ദർ പിച്ചൈ ജി20 അധ്യക്ഷ സ്ഥാനത്ത് ഇന്ത്യയ്ക്ക് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുമായുള്ള പങ്കാളിത്തം ജി20യിൽ ഇന്ത്യയ്ക്കുള്ള പിന്തുണയും തുടരുമെന്നും പിച്ചൈ വെള്ളിയാഴ്ച പറഞ്ഞു.

'യു.എസ് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ സാധിച്ചത് അഭിമാനകരമായ കാര്യമാണ്. ഗൂഗിൾ ഇന്ത്യയുടെ ഡിജിറ്റൈസേഷൻ ഫണ്ടിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കുന്നുവെന്ന് ഞങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ചു. മാത്രമല്ല, ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ ഗൂഗിളിന്റെ ആഗോള ഫിൻടെക് ഓപ്പറേഷൻ സെന്റർ തുറക്കും'.

'പ്രധാനമന്ത്രി മോദിയുടെ ഡിജിറ്റൽ ഇന്ത്യ എന്ന കാഴ്ചപ്പാട് പ്രശംസനീയമാണ്. മറ്റ് രാജ്യങ്ങൾക്ക് കൂടി സ്വീകരിക്കാൻ കഴിയുന്ന ഒരു ബ്ലൂ പ്രിന്റാണ് അത്. അദ്ദേഹത്തിന്റെ കാലഘട്ടത്തേക്കാൾ വളരെ മുന്നിലായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്'- സുന്ദർ പിച്ചൈ പറഞ്ഞു.