വാഷിങ്ടൻ: മണിക്കൂറുകളോളം ശുചിമുറി ഉപയോഗിക്കാൻ എയർലൈൻ അധികൃതർ അനുവദിക്കാതെ ഇരുന്നതോടെ യാത്രാമധ്യേ വിമാനത്തിൽ മൂത്രമൊഴിച്ച് യുവതി. യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പിരിറ്റ് എയർലൈൻസിലാണു സംഭവം. രണ്ടു മണിക്കൂറോളം കാത്തിരുന്നതായും തുടർന്ന് വിമാനത്തിൽ തന്നെ മൂത്രമൊഴിക്കാൻ നിർബന്ധിതയായെന്നുമാണ് യുവതി പറയുന്നത്.

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പുറംലോകം അറിഞ്ഞത്. ''ജൂലൈ 23ന് സ്പിരിറ്റ് എയർലൈൻസിലെ ഒരു യാത്രക്കാരി വിമാനം ടേക്ക് ഓഫ് ചെയ്തപ്പോൾ വിമാനത്തിന്റെ ഫ്‌ളോറിൽ മൂത്രമൊഴിച്ചു. നിങ്ങളുടെ മൂത്രത്തിനു രൂക്ഷമായ ദുർഗന്ധമുണ്ട്. നന്നായി വെള്ളം കുടിക്കണം എന്ന് വിമാന ജീവനക്കാർ പറഞ്ഞു.'' എന്ന കുറിപ്പോടെയാണ് വിഡിയോ പുറത്തുവന്നത്.

വിമാനത്തിന്റെ തറയിൽ ഇരുന്ന് മൂത്രമൊഴിക്കുന്ന സ്ത്രീ ജീവനക്കാരോട് തർക്കിക്കുന്നതും വിഡിയോയിൽ കാണാം. 'ഈ വിഡിയോ അലോസരപ്പെടുത്തുന്നു' എന്നാണ് വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. 'എന്റെ പൂച്ചയ്ക്കു പോലും ഇതിലും വൃത്തിയുണ്ട്. അതുപോലും കാത്തിരിക്കും.' എന്നായിരുന്നു മറ്റൊരു കമന്റ്. വിഷയത്തെ കുറിച്ച് പ്രതികരിക്കാൻ എയർലൈൻസ് അധികൃതർ തയാറായിട്ടില്ല.