ലണ്ടൻ: ഡ് ഡേ ആഘോഷങ്ങൾ പൂർത്തിയാകും വരെ കാത്തു നിൽക്കാതെ ഇറങ്ങിപ്പോയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ നടപടി പല കോണുകളിൽ നിന്നും ഏറെ വിമർശനം ഏറ്റുവാങ്ങിയ ഒന്നാണ്. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര സൈനികരുടെ സ്മരണനാളിൽ പ്രധാനമന്ത്രിയുടെ പ്രവൃത്തി നൽകുന്ന സൂചന, അദ്ദേഹം നമ്മുടെ ചരിത്രത്തെയോ സംസ്‌കാരത്തെയോ കാര്യമാക്കുന്നില്ല എന്നായിരുന്നു റിഫോം പാർട്ടി നേതാവ് നൈജർ ഫരാജ് പറഞ്ഞത്. ദേശസ്നേഹം തൊട്ടുതീണ്ടാത്ത വ്യക്തി എന്ന് ഋഷിയെ വിമർശിച്ച ഫരാജ്, രാജ്യത്തിലോ അതിന്റെ പൗരന്മാരിലോ വിശ്വാസമർപ്പിക്കാത്ത വ്യക്തിയാണ് ഋഷി എന്നുകൂടി പറഞ്ഞു വെച്ചു.

വിഷയം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാനാണ് നീക്കം എന്ന് വ്യക്തമാക്കുന്ന തരത്തിൽ തന്നെയായിരുന്നു ഫരാജെയുടെ പിന്നീടുള്ള ആഹ്വാനം. രാജ്യസ്നേഹികളായ ബ്രിട്ടീഷുകാർ ഒരുകാരണവശാലും ഋഷി സുനകിന് വോട്ട് ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഫരാജിന്റെ ഈ പ്രസ്താവനകൾക്ക് എതിരെയാണ് ഇപ്പോൾ ബി ബി സിയുടെ താര അവതാരക രംഗത്ത് വന്നിരിക്കുന്നത്. 'നമ്മുടെ ചരിത്രം', ' നമ്മുടെ സംസ്‌കാരം' എന്നീ പ്രയോഗങ്ങൾ ഇന്ത്യൻ വംശജനായ ഋഷിക്കെതിരെയുള്ള വംശീയ വിവേചനത്തിന്റെ ചിഹ്നങ്ങളാണെന്ന് അവർ തുറന്നടിച്ചു.

എന്നാൽ, ബ്രിട്ടനൊപ്പം നിൽക്കുന്ന കോമൺവെൽത്ത് രാജ്യങ്ങളെപുകഴ്തിക്കൊണ്ടായിരുന്നു ഫരാജെ തിരിച്ചടിച്ചത്. ബ്രിട്ടന്റെ യുദ്ധങ്ങളിലെല്ലാം തന്നെ 40 ശതമാനത്തോളം പിന്തുണയും സംഭാവനയും ചെയ്തത് കോമൺവെൽത്ത് രാജ്യങ്ങളാണെന്ന് പറഞ്ഞ ഫരാജെ, സൈനികരെ സ്മരിക്കുന്ന ചടങ്ങിൽ ഉണ്ടായിരിക്കണം എന്ന് ഋഷിയുടെ മനസ്സിൽ തോന്നേണ്ട കാര്യമായിരുന്നു എന്നും പറഞ്ഞു. ആയിരക്കണക്കിന് കൺസർവേറ്റീവ് വോട്ടർമാർ ഇപ്പോൾ ചിന്തിക്കുന്നത് ഋഷി സുനകിന് എന്തിന് വോട്ട് ചെയ്യണം എന്നാണെന്നും ഫരാജെ പറഞ്ഞു.

എന്നാൽ, ഇത് വ്യക്തമായ വംശീയ വിവേചനം പ്രതിഫലിക്കുന്ന പ്രസ്താവനയാണെന്നാണ് ക്യൂൻസ്‌ബെർഗ് ചൂണ്ടിക്കാട്ടുന്നത്. 'നമ്മുടെ സംസ്‌കാരം' എന്ന് ഫരാജെ പറയുമ്പോൾ, ഫരാജെ ശ്രമിക്കുന്നത് പ്രധാനമന്ത്രിയുടെ പാരമ്പര്യം പുറത്ത് ചർച്ചാവിഷയമാക്കാനാണെന്ന് അവർ പറയുന്നു. ഒരു കുടിയേറ്റക്കാരനാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണിതെന്നും അവർ ആരോപിക്കുന്നു. എന്നാൽ, രണ്ട് ലോകമഹായുദ്ധങ്ങളിലും, 40 ശതമാനത്തോളം സഹായവും പിന്തുണയും ബ്രിട്ടന് ലഭിച്ചത് കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നാണെന്നും ഋഷി സുനകിന് അത്തരം കാര്യങ്ങൾ ഒന്നും തന്നെ അറിയില്ലെന്നും ഫരാജ് തിരിച്ചടിച്ചു.

പരോക്ഷമായി വംശീയ ചിന്ത ഉയർത്തി വിടുന്ന ഫരാജെയുടെ സ്ഥിരം ശൈലിയുടെ ആവർത്തനമാണിതെന്നായിരുന്നു ലേബർ പാർട്ടി ആരോപിച്ചത്. ലോകമഹായുദ്ധങ്ങളിലെ കോമൺവെൽത്ത് രാജ്യങ്ങളുടെ സംഭാവനകൾ ചൂണ്ടിക്കാട്ടി, വംശീയ ന്യൂനപക്ഷങ്ങളെ പ്രശംസിക്കുന്ന രീതിയിലുള്ള ഈ പരാമർശം പക്ഷെ യഥാർത്ഥത്തിൽ അർത്ഥമാക്കുന്നത് എന്തെന്ന് ആർക്കും മനസ്സിലാകും എന്നും ലേബർ വക്താവ് പറഞ്ഞു.