പത്തനംതിട്ട: ഇടതു സഹയാത്രികനായ നിരണം ഭദ്രാസനം മുൻ മെത്രാപ്പൊലീത്ത ഡോ. ഗീവർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശങ്ങൾ അദ്ദേഹത്തെ തിരിച്ചടിക്കുന്നു. ഈ വിഷയത്തിൽ കൂറിലോസിനെ പിന്തുണക്കുന്നവരാണ് കൂടുതലും. ഇടതു നേതാക്കളും മറ്റുള്ളവരുമെല്ലാം പിണറായി വിജയന്റെ പരാമർശങ്ങളെ തള്ളുന്നു. ഏറ്റവും ഒടുവിലായി കൂറിലോസിനെതിരായ വിവരദോഷി പരാമർശത്തിൽ പ്രതികരണവുമായി ഓർത്തഡോക്‌സ് സഭയും രംഗത്തുവന്നു.

മുഖ്യമന്ത്രി വിമർശനങ്ങൾ ഉൾകൊള്ളാൻ തയാറാകണമെന്ന് തുമ്പമൺ ഭദ്രാസനാധിപൻ എബ്രഹാം മാർ സെറാഫിം പറഞ്ഞു. വിമർശനങ്ങളെ പോസ്റ്റീവായി കണ്ട് തിരുത്തലുകൾ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് ഇടത് അനുഭാവിയായി അറിയപ്പെടുന്ന ഗീവർഗീസ് മാർ കൂറിലോസ് രംഗത്തു വന്നിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിനുണ്ടായ തകർച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് ഭരണവിരുദ്ധവികാരമാണെന്നും സിപിഎം. എത്ര നിഷേധിക്കുവാൻ ശ്രമിച്ചാലും അത് ഒരു യാഥാർഥ്യമാണെന്നും ഗീവർഗീസ് മാർ കൂറിലോസ് ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചത്.

സാമ്പത്തികനയങ്ങളിലെ പരാജയം, അച്ചടക്കമില്ലായ്മ, ധൂർത്ത്, മോശമായ പൊലീസ് നയം, മാധ്യമവേട്ട, സഹകരണ ബാങ്കുകളിൽ ഉൾപ്പെടെയുള്ള അഴിമതി, പെൻഷൻ മുടങ്ങിയത്, പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങൾ, എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയം, വിമർശനങ്ങളോടുള്ള അസഹിഷ്ണുത, മത-സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങൾ, വലതുവൽക്കരണ നയങ്ങൾ തുടങ്ങിയവയും ഈ തോൽവിക്ക് കാരണമാണ്.

ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമാണ്. ധാർഷ്ട്യവും, ധൂർത്തും ഇനിയും തുടർന്നാൽ ഇതിലും വലിയ തിരിച്ചടികൾ വരും. പ്രളയവും മഹാമാരികളും എപ്പോഴും രക്ഷയ്ക്ക് എത്തണമെന്നില്ല.'കിറ്റ് രാഷ്ട്രീയത്തിൽ' ഒന്നിലധികം പ്രാവശ്യം ജനങ്ങൾ വീഴില്ല, പ്രത്യേകിച്ച് കേരളത്തിൽ. തിരുത്തുമെന്ന് നേതൃത്വം പറയുന്നത് സ്വാഗതാർഹമാണ്. അത് പക്ഷേ, തൊലിപ്പുറത്തുള്ള തിരുത്തൽ ആകരുത്.

രോഗം ആഴത്തിലുള്ളതാണ്. ചികിത്സയും ആഴത്തിൽ വേണം.ഇടതുപക്ഷം 'ഇടത്ത്' തന്നെ നിൽക്കണം. ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടിട്ട് വലത്തോട്ട് വണ്ടിയോടിച്ചാൽ അപകടം ഉണ്ടാകും. ലക്ഷ്യസ്ഥാനത്ത് എത്തുകയുമില്ല.

ഇതിന് പിണറായി വിജയൻ പറഞ്ഞ മറുപടി ഇങ്ങനെ:

'ഒരു മാധ്യമത്തിൽ പഴയ ഒരു പുരോഹിതന്റെ വാക്കുകൾ കാണാൻ കഴിഞ്ഞു. പ്രളയം ഉണ്ടായതാണ് ഈ സർക്കാറിനെ വീണ്ടും അധികാരത്തിലേറ്റാൻ ഇടയാക്കിയതെന്നും ഇനിയൊരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ടാ എന്നും ആ പുരോഹിതൻ പറഞ്ഞതായിട്ട് കണ്ടത്. പുരോഹിതന്മാരുടെ ഇടയിലും ചിലപ്പോൾ ചില വിവരദോഷികളുണ്ടാകും എന്നതാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നത്.

നമ്മളാരും ഇവിടെ വീണ്ടും ഒരു പ്രളയം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. പക്ഷെ, നേരിട്ട ദുരന്തത്തെ ശരിയായ രീതിയിൽ അതിജീവിക്കാൻ നമ്മുടെ നാടാകെ ഒറ്റക്കെട്ടായി നിന്നു. അതാണ് നമുക്ക് ലോകത്തിന് നൽകാൻ കഴിഞ്ഞ പാഠം. അത് കേരളത്തിന് മാത്രം കഴിയുന്നതാണ്. നമ്മുടെ നാടിന്റെ പ്രത്യേകതയാണെന്നും'.

ഗീവർഗീസ് മാർ കൂറിലോസിന്റെ നിലപാട് തള്ളി യാക്കോബായ സഭ, പ്രസ്താവന സഭയുടെ നിലപാടോ അഭിപ്രായമോ അല്ലെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം സിപിഎം നേതാക്കൾ അടക്കം പരസ്യമായി കൂറീലോസിനെ പിന്തുണച്ചു കൊണ്ട് രംഗത്തുവന്നിരുന്നു.