ന്യൂയോർക്ക്: കോവിഡ് വ്യാപനം തുടരുമ്പോൾ കൂടുതൽ തുറസ്സായ സ്ഥലവും സൂര്യപ്രകാശമേൽക്കുന്ന തീരപ്രദേശങ്ങളുടെ സാമിപ്യവും ഒക്കെ കൊതിച്ച് അമേരിക്കയുടെ വടക്കൻ സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ കൂട്ടത്തോടെ ഫ്ളോറിഡയിലേക്ക് ചേക്കേറുകയാണ്. ദിവസേന ആയിരത്തോളം പേരാണ് ഇങ്ങനെ ഫ്ളോറിഡയിൽ എത്തുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൊറോണവൈറസ് ലോക്ക്ഡൗൺ മൂലം തിരക്കുപിടിച്ച നഗരങ്ങളിൽ നിന്നും അകന്നു നിന്ന്, താത്ക്കാലിക താമസത്തിന് ഒരുങ്ങിയെത്തിയവർ ഇവിടം സ്ഥിരതാമസ സ്ഥലമാക്കുന്നതാണ് തിരക്ക് വർദ്ധിക്കാൻ പ്രധാന കാരണം.

ഈയടുത്ത് പുറത്തുവിട്ട ഒരു റിപ്പോർട്ടിൽ പറയുന്നത് ന്യുയോർക്ക്, ബോസ്റ്റൺ, കാലിഫോർണിയ, ഷിക്കാഗോ തുടങ്ങിയ സമ്പന്ന മേഖലകളിൽ നിന്നുമാണ് കൂടുതൽ ആളുകൾ ഇവിടേക്ക് എത്തുന്നത് എന്നാണ്. മറ്റൊരു റിപ്പോർട്ട് പറയുന്നത് ഫ്ളോറിഡയുടെ പടിഞ്ഞാറൻ തീരത്തുള്ള കൗണ്ടികളിൽ സിംഗിൾ ഫാമിലി വീടുകൾക്ക് ജൂലായ് മാസത്തിൽ ആവശ്യകത ഇരട്ടിയായി എന്നാണ് ഇത് ഇപ്പോഴും വർദ്ധിച്ചുകൊണ്ടുതന്നെ ഇരിക്കുന്നു. അതേസമയം പാം ബീച്ച് കൗണ്ടി പോലുള്ള ഇടങ്ങളിൽ വീടുകൾക്ക് വിലയും അസാമാന്യമായ തോതിൽ വർദ്ധിക്കുന്നുണ്ട്.

താത്ക്കാലിക താമസത്തിനായാണ് പലരും ഇവിടെ എത്തുന്നത്. എന്നാൽ കൊറോണ എന്ന വൈറസ് മനുഷ്യന്റെ ജീവിതത്തെക്കുറിച്ചുള്ള വീക്ഷണത്തിൽ വരുത്തിയ മാറ്റമാണ് ഇവരെ ഇവിടത്തെ സ്ഥിരതാമസക്കാരാക്കുന്നത്. തങ്ങളുടെ ജീവിത ശൈലിയെ കുറിച്ചും ദൈനംദിന പ്രവർത്തനങ്ങളെ കുറിച്ചുമെല്ലാം ഒരു ആത്മപരിശോധന നടത്തുവാൻ ലോക്ക്ഡൗൺ സഹായിച്ചു എന്നാണ് ഇവരിൽ പലരും പറയുന്നത്. ന്യുയോർക്ക്, ന്യു ജഴ്സി തുടങ്ങിയ തിരക്കുപിടിച്ച നഗരങ്ങളിൽ നിന്നുള്ളവരാണ് നഗരത്തിന്റെ സമൃദ്ധിയും തിരക്കുപിടിച്ച ജീവിതവും ഒഴിവാക്കി ഇവിടങ്ങളിലെത്തുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.

നികുതിയാണ് മറ്റൊരു ആകർഷണം. ഫ്ളോറിഡ നിവാസികൾക്ക് സ്റ്റേറ്റ് ഇൻകം റ്റാക്സോ എസ്റ്റേറ്റ് ടാക്സോ നൽകേണ്ടതില്ല. ഇത്തരത്തിലുള്ള നിരവധി ഇളവുകൾ കൊണ്ടുതന്നെ ഫ്ളോറിഡ നേരത്തേ പലരേയുമിവിടേക്ക് ആകർഷിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സംസ്ഥാനത്തെ ജനസംഖ്യ 3.43.000 എന്നതിൽ നിന്നും 22 മില്ല്യൺ ആയി വർദ്ധിച്ചു. നികുതിയിളവും മറ്റും ആകർഷകമാണെങ്കിലും, കോവിഡ് പ്രതിസന്ധിയാണ് കൂടുതൽ പേരെയും ഇവിടേക്ക് ആകർഷിക്കുന്നത്.

ഇതോടെ ഫ്ളോറിഡയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഒരു പുത്തനുണർവ്വ് ഉണ്ടായിരിക്കുകയാണ്. പുതിയ പല മേഖലകളും ആവാസകേന്ദ്രങ്ങളായി വികസിച്ചുകൊണ്ടിരിക്കുന്നു. ഇനിയും കുറേനാളത്തേക്ക് കൂടി ഈ ഒഴുക്ക് തുടരുമെന്നാണ് കണക്കാക്കുന്നത്. ഒഴിയാത്ത കോവിഡ് പ്രതിസന്ധി ഇനിയും ഒരുപാടുപേരെ ഈ തീരദേശ സംസ്ഥാനത്തേക്ക് ആകർഷിച്ചേക്കും. ഇത് ഫ്ളോറിഡയിൽ വസ്തുവില ഇനിയും വർദ്ധിപ്പിക്കും എന്ന പ്രതീക്ഷയിലാണ് ഇവിടത്തെ റിയൽ എസ്റ്റേറ്റ് കമ്പനികളും ബ്രോക്കർമാരും.