സുസുക്കിയുടെ ഏറ്റവും ജനപ്രിയ ഹാച്ചുകളിലൊന്നാണ് സ്വിഫ്റ്റ്. പുതിയ കാലത്തിനനനുസരിച്ച് പുത്തൻ പരിവേഷത്തിൽ ഉപഭോക്താൾക്കിടയിലേക്ക് വരാൻ ഒരുങ്ങുകയാണ് സ്വിഫ്റ്റ്. മൂന്നാം തലമുറ വിപണിയിലെത്തി നാലു വർഷമാകാനൊരുങ്ങുമ്പോഴാണ് സ്വിഫ്റ്റിന്റെ അടുത്ത മോഡലിന്റെ പരീക്ഷണങ്ങളിലേക്ക് സുസുക്കി കടക്കുന്നത്. അടുത്ത വർഷം അവസാനം സ്വിഫ്റ്റും 2023ൽ സ്വിഫ്റ്റ് സ്‌പോർട്ടും രാജ്യാന്തര വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ ഈ രണ്ടു വാഹനങ്ങളിൽ മാത്രം ഒതുക്കാതെ സ്വിഫ്റ്റ് സ്‌പോർട്ടിനെ അടിസ്ഥാനമാക്കി ഒരു ചെറു എസ്‌യുവിയും സുസുക്കി വികസിപ്പിക്കുമെന്നാണ് ജപ്പാനിൽ നിന്നുള്ള വാർത്ത. ബെസ്റ്റ് കാർ വെബ് എന്ന ജാപ്പനീസ് സൈറ്റിലാണ് സ്വിഫ്റ്റ് ക്രോസിനെ സംബന്ധിച്ച വാർത്തകൾ വന്നിട്ടുള്ളത്. പുതിയ തലമുറ ഹാർടെക് പ്ലാറ്റ്‌ഫോമിലായിരിക്കും വാഹനം നിർമ്മിക്കുക. സ്വിഫ്റ്റ് സ്‌പോർട്ടിന്റെ പെർഫോമൻസ് ക്രോസിൽ പ്രതീക്ഷിക്കാമെന്നും റിപ്പോർട്ടു പറയുന്നു.

സുസുക്കി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2024ൽ വാഹനം വിപണിയിലെത്തിയേക്കും. എസ്യുവി ലുക്ക് നൽകുന്നതിനായി ഉയർന്ന ബോണറ്റും വലിയ വീൽ ആർച്ചുകളും വാഹനത്തിലുണ്ടാകും. സുസുക്കിയുടെ 48 വാട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റമുള്ള 1.4 ലീറ്റർ ടർബൊ പെട്രോൾ എൻജിനായിരിക്കും കാറിന്. കൂടാതെ സുസുക്കി ഓൺവീൽ ഡ്രൈവ് സിസ്റ്റവും ഉണ്ടാകും.