തിരുവനന്തപുരം: അടുത്ത തവണ സിപിഎം മുന്നോട്ട് വയ്ക്കാൻ പോകുന്നത് ഒരു മുസ്ലിം മുഖ്യമന്ത്രിയെ ആയിരിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അടുത്ത കേരള മുഖ്യമന്ത്രി പിഎ മുഹമ്മദ് റിയാസ് ആയിരിക്കുമെന്നാണ് സുരേന്ദ്രൻ സൂചിപ്പിച്ചത്. അതിനുള്ള നീക്കങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി കൊണ്ടിരിക്കുന്നതെന്നും ഒരു ചാനൽ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. മുഹമ്മദ് റിയാസിന് വേണ്ടി ഇപ്പോൾ നടക്കുന്ന പിആർ പ്രവർത്തനങ്ങൾ ഭാവിയെ മുൻനിർത്തിയുള്ള നീക്കങ്ങളാണ്. അടുത്ത തവണ സിപിഐഎം മുന്നോട്ട് വയ്ക്കാൻ പോകുന്നത് ഒരു യുവ മുസ്ലിം മുഖ്യമന്ത്രിയെ നാടിന് ആവശ്യമുണ്ടെന്നായിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

കെ സുരേന്ദ്രൻ പറഞ്ഞത്: 'ഞാൻ അഞ്ച് വർഷം ഇപ്പുറത്ത് നിന്നാണ് സംസാരിക്കുന്നത്. അടുത്ത തവണ സിപിഐഎം കൊണ്ടുവരാൻ പോകുന്നത് ഒരു മുസ്ലിം മുഖ്യമന്ത്രിയെയായിരിക്കും. അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പിണറായി വിജയൻ നടത്തി കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ മന്ത്രിസഭയിൽ ഒരേയൊരു ആൾക്ക് വേണ്ടിയാണ് പിആർ പ്രവർത്തനങ്ങൾ ശക്തമായി നടക്കുന്നത്.''

'അത് പിഎ മുഹമ്മദ് റിയാസിന് വേണ്ടിയാണ്. മാധ്യമങ്ങൾ അത് എത്രമാത്രം ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്ക് അറിയില്ല. എല്ലാ ദിവസം ശക്തമായ പിആർ പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന് വേണ്ടി നടക്കുന്നത്. അദ്ദേഹം പല സ്ഥലങ്ങളിലും റോഡ് കുഴി നന്നാക്കാൻ പോകുന്നുണ്ട്. ഒന്നും ഇതുവരെ നന്നായിട്ടില്ല. പക്ഷെ വളരെ ചടുലമായ രീതിയിൽ പ്രവർത്തിക്കുന്ന മന്ത്രിയാണ് റിയാസ് എന്ന് വരുത്താനുള്ള വലിയൊരു പ്ലാൻ നടക്കുന്നുണ്ട്. ഇത് ഭാവിയെ മുൻനിർത്തിയുള്ള നീക്കമാണ്. വളരെ ആസൂത്രിതമായ പ്ലാനാണിത്. അടുത്ത തവണ സിപിഐഎം മുന്നോട്ട് വയ്ക്കാൻ പോകുന്നത് ഒരു യുവ മുസ്ലിം മുഖ്യമന്ത്രിയെ നാടിന് ആവശ്യമുണ്ടെന്നായിരിക്കും.''

'പത്തു വർഷം അധികാരത്തിൽ നിന്ന മാറിനിൽക്കുന്നതിൽ കോൺഗ്രസുകാർ തന്നെ അസംതൃപ്തരാണ്. മുസ്ലിം ലീഗിനെ പോലെയൊരു കച്ചവട പാർട്ടിക്ക് ഇനി യുഡിഎഫിനുള്ളിൽ ഒരു ആശയം പറഞ്ഞുകൊണ്ടെന്നും നിൽക്കാൻ സാധിക്കില്ല. ലീഗിൽ നിന്ന് കൊഴിഞ്ഞുപോക് സംഭവിക്കും, ലീഗിന്റെ അടിത്തറ തകരും. സിപിഐഎമ്മിന് അറിയാം അഞ്ചുവർഷത്തിൽ ഹിന്ദു, ദളിത് വോട്ട് ബാങ്കുകളിൽ വിള്ളൽ സംഭവിക്കുമെന്ന്. അക്കാര്യത്തിൽ ഒരു സംശയം വേണ്ട.

ഇപ്പോൾ തന്നെ ലീഗ് ശക്തമല്ലാത്ത സ്ഥലങ്ങളിൽ മുസ്ലിം വോട്ടുകൾ എൽഡിഎഫിന് ലഭിച്ചിട്ടുണ്ട്. ലീഗ് മത്സരിക്കാത്ത സ്ഥലങ്ങളിലെ വോട്ടും എൽഡിഎഫിന് പോയി. ഈയൊരു രാഷ്ട്രീയത്തിലേക്ക് കേരളം പോകുകയാണ്. തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ പലർക്കും ഇന്ന് സുരക്ഷിതമായ മണ്ഡലമില്ല. മതപരമായ കണക്കുകൾ നോക്കിയാണ് മണ്ഡലങ്ങൾ തീരുമാനിക്കുന്നത്. ഇപ്പോൾ പാർട്ടിയൊന്നുമില്ല. എല്ലാം പിണറായി വിജയനും അടുത്ത അനുയായികളുമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഉദേശം യുവ സിപിഐഎം മുസ്ലിം മുഖ്യമന്ത്രിയാണ്.'