ബ്രസീലിയൻ സൂപ്പർ താരം നെയ്മർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നെയ്മർ അടക്കം പിഎസ്ജി ക്ലബ്ബിലെ മൂന്ന് താരങ്ങൾക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. രോഗവിവരം പിഎസ്ജി ഔദ്യോഗിക ട്വിറ്റർ പേജിൽ സ്ഥിരീകരിച്ചു.

ക്ലബ് അംഗങ്ങളെല്ലാം ക്വാറന്റീനിലാണെന്നും വരും ദിവസങ്ങളിൽ കോവിഡ് പരിശോധന തുടരുമെന്നും പിഎസ്ജി ട്വീറ്റിൽ കുറിച്ചു. നെയ്മറെ കൂടാതെ ഏഞ്ചൽ ഡി മാരിയ, ലിയാഡ്രോ പരേഡ്സ് എന്നിവർക്കാണ് രോഗം കണ്ടെത്തിയത് എന്നാണ് സ്ഥീരീകരിക്കാത്ത റിപ്പോർട്ട്.

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പിഎസ്ജി ബയേൺ മുണിച്ചിനോട് 1-0ന് പരാജയപ്പെട്ടിരുന്നു. മത്സരശേഷം താരങ്ങൾ ഇബിസ ദ്വീപിൽ അവധി ആഘോഷിച്ചെന്നും റിപ്പോർട്ടുണ്ട്. ഇവിടെവച്ചാണ് താരങ്ങൾക്ക് രോഗബാധ ഉണ്ടായതെന്നാണ് കരുതുന്നത്.