തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊലീസിന്റെ ക്രൂരതകൾ തീരുന്നില്ല. രാജനേയും അമ്പിളിയേയും കത്തിച്ചു കൊന്ന പൊലീസ് അവരുടെ മക്കളേയും വെറുതെ വിടാൻ തയ്യാറല്ല. അമ്മയേയും അച്ചനേയും അടക്കിയ മണ്ണിൽ നിന്ന് കുട്ടികളെ കുടിയിറക്കാനാണ് തീരുമാനം. അതിനിടെ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അതിശക്തമാണ്. പൊലീസാണ് രാജനേയും ഭാര്യയേയും കത്തിച്ചു കൊന്നത് എന്നതിനാലാണ് ഇത്.

നെയ്യാറ്റിൻകര മുൻസിഫ് കോടതിയാണ് കുടിയൊഴുപ്പിക്കാൻ ഉത്തരവ് ഇട്ടത്. എന്നാൽ ഹൈക്കോടതിയിലെ ഹർജിയെ കുറിച്ച് മനസ്സിലാക്കി അതേ മുൻസിഫ് തന്നെ വിധി താൽകാലികമായി മരവിപ്പിക്കുകയും ചെയ്തു. എന്നിട്ടും ഗ്രേഡ് എസ് ഐയും സംഘവും കുടിയൊഴുപ്പിക്കാൻ എത്തിയത് ദുരൂഹമാണ്. പൊലീസിന്റെ ജപ്തി നടപടി, പകരം പാർപ്പിട സൗകര്യം ഒരുക്കിയിരിക്കണമെന്ന കോടതിവിധി ലംഘിച്ചാണെന്നതും നിർണ്ണായകമാണ്. അതിനിടെ പൊലീസിനും അയൽക്കാരിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി രാജന്റെ മകൻ രഞ്ജിത് ഡിജിപിക്ക് പരാതി കൊടുത്തു.

പോങ്ങിൽ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിലെ നിർധന കുടുംബത്തെ കുടിയിറക്കാൻ മനുഷ്യത്വം മറന്ന് അനാവശ്യ തിടുക്കം കാട്ടിയെന്ന ആരോപണത്തിനിടെയാണു പൊലീസും റവന്യു വകുപ്പും ഇക്കാര്യത്തിൽ മുൻ കോടതി ഉത്തരവുകൾ ലംഘിച്ചതും വ്യക്തമാകുന്നത്. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണത്തിന് ആവശ്യം ഉയരുന്നത്. പൊലീസ് പ്രതിക്കൂട്ടിലാണ്. അതുകൊണ്ട് തന്നെ പൊലീസ് അന്വേഷിച്ചാൽ നീതി കിട്ടില്ല. കേസ് അട്ടിമറിക്കാനാണ് പൊലീസ് നിരന്തരം ശ്രമിച്ചതെന്നും വ്യക്തമാണ്. കുട്ടികളെ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്ന് മാറ്റാനാണ് നീക്കം. ഇതിനെതിരേയും പ്രതിഷേധം ശക്തമാണ്.

ജപ്തി നടപടികളിൽ താമസക്കാരെ ഒഴിപ്പിക്കുകയാണെങ്കിൽ അവർക്കു താൽക്കാലിക പാർപ്പിട സൗകര്യം അധികൃതർ ഉറപ്പാക്കിയിരിക്കണമെന്നു സർക്കാർ ഉത്തരവും കോടതി വിധികളുമുണ്ട്. എന്നാൽ രാജനെയും കുടുംബത്തെയും കുടിയിറക്കാൻ ധൃതി കാണിച്ചവർ അതൊന്നും പാലിച്ചില്ല. ജപ്തി നടപടിക്കുള്ള മുൻസിഫ് കോടതി ഉത്തരവിനെതിരെ രാജൻ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കാനിരുന്ന ദിവസം അതിലെ വിധിക്കായി പോലും കാക്കാതെയായിരുന്നു നെയ്യാറ്റിൻകര പൊലീസിന്റെ നടപടി. മുൻസിഫും ഉത്തരവ് മരിവിപ്പിച്ചിരുന്നുവെന്നതാണ് വസ്തുത.

ഇതേത്തുടർന്നാണ് രാജനും ഭാര്യ അമ്പിളിയും ദേഹത്തു പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. എന്നാൽ പൊലീസ് കത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പൊള്ളലേറ്റു മരിച്ച ദമ്പതിമാരുടെ ഇളയ മകൻ രഞ്ജിത്ത് സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണിരുന്നു. അടുത്തുണ്ടായിരുന്ന കൊടിക്കുന്നിൽ സുരേഷ് എംപി. തന്റെ കാറിൽ ഉടൻതന്നെ രഞ്ജിത്തിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലാക്കി. ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെത്തുടർന്നാണ് രഞ്ജിത്ത് കുഴഞ്ഞുവീണത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

രഞ്ജിത്ത് കുഴഞ്ഞുവീണപ്പോൾ അടുത്ത് പൊലീസ് വാഹനമുണ്ടായിട്ടും ആശുപത്രിയിലാക്കാൻ അവർ തയ്യാറായില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. പറഞ്ഞു. ഇതിനെത്തുടർന്നാണ് തന്റെ കാറിൽ രഞ്ജിത്തിനെ ആശുപത്രിയിൽ കൊണ്ടുപോയത്. ആശുപത്രിയിൽ രഞ്ജിത്തിന് ഓക്‌സിജൻ നൽകി. മാതാപിതാക്കളായ രാജനും അമ്പിളിക്കും പൊള്ളലേറ്റപ്പോൾ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ രഞ്ജിത്തിന്റെ കൈകൾക്കും പൊള്ളലേറ്റിരുന്നു.

അതിനിടെ ദമ്പതികൾ തീകൊളുത്തി മരിച്ച സംഭവത്തിൽ മക്കളുടെ മൊഴിപോലും പൊലീസ് എടുത്തില്ലെന്നു കെ. ആൻസലൻ എംഎ‍ൽഎ. ആരോപിച്ചു. അതേസമയം മരിച്ച രാജനെതിരെയും സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരെയും പൊലീസ് കേസെടുത്തു. സംഭവത്തിൽ അടിയന്തരനടപടി കൈകൊള്ളണമെന്നു ഡി.ജി.പി. ലോക്നാഥ് ബെഹ്റ റൂറൽ എസ്‌പിക്കു നിർദ്ദേശം കൊടുത്തിട്ടും മരിച്ച അശോകൻ-അമ്പിളി ദമ്പതികളുടെ മക്കളായ രാഹുലിന്റെയോ രഞ്ജിത്തിന്റെയോ മൊഴി ഇന്നലെ രാത്രിവരെ പൊലീസ് രേഖപ്പെടുത്തിയില്ല. ഇതോടെയാണു പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായെന്ന് സിപിഎം. നേതാവും സ്ഥലം എംഎ‍ൽഎയുമായ ആൻസലൻ ആരോപിച്ചത്.

അമ്പിളിയുടെ മൃതദേഹം തടഞ്ഞുവച്ച് പ്രതിഷേധിച്ചതിനു കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരേയാണു കേസെടുത്തത്. പൊലീസ് നടപടി തടസപ്പെടുത്തിയെന്നും കോവിഡ് നിയന്ത്രണം ലംഘിച്ചെന്നുമാണ് ഇവർക്കെതിരായ ആരോപണം. ഇതിൽ രാജന്റെ മക്കളും ഉൾപ്പെടും. ആത്മഹത്യചെയ്ത രാജനെതിരേയും കേസെടുത്തു. ഭൂമിയുമായി ബന്ധപ്പെട്ട് കേസ് നൽകിയ വസന്തയ്ക്കെതിരേ നിയമനടപടിയെടുക്കണം, കുറ്റക്കാരനായ പൊലീസുകാരനെതിരേ നടപടി, ദമ്പതികളുടെ മക്കൾക്കു സർക്കാർജോലി, ഇതേ ഭൂമിയിൽ വീട് എന്നീ ആവശ്യങ്ങളുന്നയിച്ചാണു നാട്ടുകാർ പ്രതിഷേധിച്ചത്. നെയ്യാറ്റിൻകര ഡിവൈ.എസ്‌പിയും തഹസിൽദാരുമെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ജില്ലാ കലക്ടർ നേരിട്ടെത്തി ഉറപ്പുനൽകണമെന്നു സമരക്കാർ ആവശ്യപ്പെട്ടു.

രണ്ടരമണിക്കൂർ കഴിഞ്ഞ് കലക്ടറെത്തി ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പുനൽകിയതിനേത്തുടർന്നാണു പ്രതിഷേധം അവസാനിച്ചത്. കേസിൽനിന്നു പിന്മാറുന്നുവെന്ന് പരാതിക്കാരി വസന്ത നേരത്തേ വ്യക്തമാക്കിയെങ്കിലും ഭൂമി വിട്ടുനൽകാനാകില്ലെന്ന നിലപാടുമായി പിന്നീട് രംഗത്തെത്തി. ഇതോടെ നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് ഇവരെ സ്ഥലത്തുനിന്നു മാറ്റി. പിന്നീടാണ് അമ്പിളിയുടെ മൃതദേഹം സംസ്‌കരിച്ചത്.

നെയ്യാറ്റിൻകര സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ. അനിൽകുമാറാണ് അഭിഭാഷക കമ്മിഷനൊപ്പം 22-നു രാജന്റെ വീട്ടിലെത്തിയത്. ദേഹത്ത് പെട്രോളൊഴിച്ച രാജന്റെ കൈയിൽനിന്നു ലൈറ്റർ തട്ടിമാറ്റാൻ ശ്രമിച്ചത് അനിൽകുമാറാണ്. രാജന്റെ മൃതദേഹം അവിടെത്തന്നെ അടക്കാൻ ശ്രമിച്ച മകനോടു വാക്കുതർക്കത്തിലേർപ്പെട്ടതു നെയ്യാറ്റിൻകര സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്‌ഐ. സെന്തിലും