തിരുവനന്തപുരം: കൈയേറ്റം ഒഴിപ്പിക്കാനെത്തിവർക്ക് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കവേ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. പൊലീസിന്റെ വീഴ്‌ച്ചയിലാണ് അന്വേഷണം നടത്തുന്നത്. പൊലീസിനെതിരെ മക്കളും ബന്ധുക്കളും നാട്ടുകാരും ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ ആണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. തിരുവനന്തപുരം റൂറൽ എസ് പി ബി അശോകിനാണ് അന്വേഷണ ചുമതല.

അതേസമയം സംഭവത്തിൽ പൊലീസിനെതിരെ രോഷം ശക്തമാകവേ സർക്കാർ അടിയന്തര നടപടിയുമായി രംഗത്തെത്തി. കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുത്തു. അവർക്ക് ഉടൻ വീടുവെച്ചു നൽകാനും തീരുമാനിച്ചു. ഇക്കാര്യത്തിൽ അടിയന്തര നടപടി ഉണ്ടാകണമെന്ന് മുഖ്യമന്ത്രി അധികൃതർക്ക് നിർദ്ദേശം നൽകി. നേരത്തെ യൂത്ത് കോൺഗ്രസ് അവർക്ക് സ്ഥലവും വീടും നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാറും വീടു വെച്ചു നൽകാൻ ഉത്തരവിട്ടത്.

മരിച്ച ദമ്പതിമാരുടെ അയൽവാസിയായ സ്ത്രീയുടെ സ്വാധീനത്തിന് വഴങ്ങി പൊലീസ് കുടിയൊഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോയെന്നാണ് ആരോപണം. കോടതി ജനുവരി നാലാം തിയ്യതിവരെ സാവകാശം നൽകികൊണ്ട് മറ്റൊരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിന് വിരുദ്ധമായി പൊലീസ് കുടിയൊഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. ഇത് തടയാനായി ആത്മഹത്യ ഭീഷണി മുഴക്കുമ്പോഴാണ് രാജനും ഭാര്യയ്ക്കും പൊള്ളലേറ്റത്.

പൊലീസിനോട് രാജൻ സാവകാശം ചോദിച്ചുവെങ്കിലും നൽകിയില്ല. കൂടാതെ പൊലീസിനോടൊപ്പം കുടിയൊഴിപ്പിക്കൽ നടപടികൾക്കായി റവന്യൂ ഉദ്യോഗസ്ഥരാരും എത്തിയിരുന്നുമില്ല. തുടങ്ങിയ ആരോപണങ്ങളാണ് പൊലീസിനെതിരെ ഉയരുന്നത്. സംഭവത്തിൽ പൊലീസിന് വീഴ്ചപറ്റിയതായാണ് പ്രഥമിക വിലയിരുത്തൽ.

അതേസമയം സ്ഥലം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ നടത്തിയ ആത്മഹത്യാശ്രമത്തിനിടയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ ഉന്നയിക്കുന്നത്. മകനും കുടുംബത്തിനും നീതി കിട്ടണമെന്ന് രാജന്റെ അമ്മ പറഞ്ഞു. 'ഞങ്ങൾക്ക് നീതി കിട്ടണം. അവര് വന്നാണ് കത്തിച്ചത്. എന്റെ പിള്ളക്ക് നാല് സെന്റും വീടും കിട്ടണം. അവൻ സ്വയമേ കത്തിച്ചതല്ല. അവരാണ് കത്തിച്ചത്. കോരി വെച്ച ചോറ് തിന്നാൻ സമ്മതിക്കാതെ, കൊലക്കുറ്റം ചെയ്തവരായാലും, തിന്നാൻ സമ്മതിക്കാതെ പിടിച്ചിറക്കി കൊണ്ടുപോവൂല. അത് എവിടുത്തെ നിയമം?

സംഭവം കഴിഞ്ഞപ്പോഴാണ് ഞാൻ ഇവിടെ എത്തിയത്. ഞാൻ വന്ന് നോക്കിയപ്പോൾ മേശപ്പുറത്ത് നാല് പാത്രം നിരന്നിരിപ്പുണ്ട്. ണ്ടിരിക്കുന്നവരെ ഉണ്ണാൻ സമ്മതിക്കാതെ ആരെങ്കിലും കൊണ്ടുപോകുമോയെന്ന് എന്റെ മകളും ചോദിച്ചു. അമ്പിളിയെയും ഇവിടെ തന്നെ അടക്കും. ഈ ഭൂമിയിൽ വാഴാൻ സമ്മതിക്കൂലാന്ന് നേരത്തെ ഭീഷണിയുണ്ട്. രാജൻ നേരത്തെ എന്നോട് പറഞ്ഞിരുന്നു, അമ്മാ ആരെങ്കിലും എന്തേലും ചെയ്ത് ഞാൻ ചത്താൽ ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് തന്നെ എന്നെ അടക്കണം. ശ്മശാനത്തിലൊന്നും കൊണ്ടിടരുതെന്ന് അവൻ പറഞ്ഞിട്ടുണ്ട്.' രാജന്റെ അമ്മ പറഞ്ഞു.

നെയ്യാറ്റിൻകര പോങ്ങിൽ മൂന്ന് സെന്റ് ഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആൺമക്കളുമടങ്ങുന്ന കുടുംബം. രാജൻ ഭൂമി കയ്യേറിയെന്നാരോപിച്ച് അയൽവാസി വസന്ത മുൻസിഫ് കോടതിയിൽ കേസ് നൽകിയിരുന്നു. ആറ് മാസം മുൻപ് രാജനെതിരെ കോടതി വിധി വന്നു. ഉത്തരവ് നടപ്പാക്കാനായി കോടതിയിൽ നിന്നുള്ള ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോഴാണ് ആത്മഹത്യാശ്രമം.
ഡിസംബർ 22നാണ് സംഭവം നടന്നത്.

കഴിഞ്ഞ ജൂണിൽ കോടതി കമ്മീഷനെ നിയോഗിച്ച് ഒഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് രാജൻ തടസപ്പെടുത്തിയിരുന്നു. ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസിടപെട്ടതോടെയാണ് തീകൊളുത്തേണ്ടി വന്നതെന്നും രാജൻ മൊഴി നൽകിയിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജന്റെ രണ്ട് വൃക്കകളും തകരാറിലായതോടെയാണ് തിങ്കളാഴ്ച രാവിലെയോടെ മരണപ്പെടുന്നത്. വൈകീട്ടോടെ ഭാര്യ അമ്പിളിയും മരിക്കുകയായിരുന്നു. അച്ഛന്റെ മരണത്തിൽ പൊലീസിനും അയൽവാസിക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജന്റെ മക്കൾ രംഗത്തുവന്നിട്ടുണ്ട്.