കോഴിക്കോട്: സിപിഎം - സിപിഐ സർവീസ് സംഘടനകളുടെ അധികാരപ്പോരിൽ കോഴിക്കോട് സിവിൽ സ്റ്റേഷൻ പ്രവർത്തനം സ്തംഭിപ്പിച്ചുള്ള സമരം 10 ദിവസം പിന്നിട്ടു. 15 വില്ലേജ് ഓഫിസർമാരെ സ്ഥലംമാറ്റിയതിനു പിന്നാലെയാണു സമരം തുടങ്ങിയത്. ഇതിപ്പോൾ കൂടുതൽ വഷളാകുകയും ഭീഷണിയിലേക്ക് പോലും കാര്യങ്ങൾചെന്നെത്തിക്കുകയും ചെയ്യുന്നു. ഇന്നു മുതൽ സമരം കൂടുതൽ ശക്തമാക്കുമെന്നു സിപിഎം സംഘടനയായ എൻജിഒ യൂണിയൻ പ്രഖ്യാപിച്ചു. കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി നടത്തിയ ചർച്ചകൾ ഫലിച്ചില്ല.

ഇടതു മുന്നണിയാണു ഭരിക്കുന്നതെന്നും മുൻകാല കലക്ടർമാരുടെ അനുഭവം ഓർക്കണമെന്നും നേതാക്കൾ വെല്ലുവിളിച്ചു. സമരക്കാർ അഡീഷനൽ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് മുഹമ്മദ് റഫീഖിനെയും ചേംബറിൽ കയറി വെല്ലുവിളിച്ചു. സിപിഐ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലിന്റെ താൽപര്യപ്രകാരമാണു സ്ഥലംമാറ്റമെന്നും അംഗീകരിക്കില്ലെന്നുമാണ് എൻജിഒ യൂണിയന്റെ നിലപാട്. സമരത്തെ എതിർത്ത് ജോയിന്റ് കൗൺസിൽ രംഗത്തുവന്നതോടെ ഫലത്തിൽ ഇരു സംഘടനകളും തമ്മിലുള്ള പരസ്യ പോർവിളിയാണിപ്പോൾ.

സമരത്തിനായി ഉദ്യോഗസ്ഥർ കൂട്ടത്തോടെ ഇറങ്ങുന്നതിനാൽ ജനങ്ങളെ വലച്ച് ഓഫിസുകളുടെ പ്രവർത്തനം താളം തെറ്റി. സിവിൽ സ്റ്റേഷനു പുറത്തുള്ള ഓഫിസുകളിലെ ഉദ്യോഗസ്ഥരും സമരത്തിലായതിനാൽ അവയുടെ പ്രവർത്തനവും താറുമാറായി. മാന്യനായ ഓഫിസറാണെങ്കിൽ കലക്ടർ തെറ്റു തിരുത്തണം. സമരത്തിന്റെ ഉത്തരവാദിത്തം കലക്ടർക്കാണ്. ഇടതുമുന്നണിയാണു ഭരിക്കുന്നതെന്ന് ഓർക്കണം, മുൻകാല കലക്ടർമാരുടെ അനുഭവം ഓർക്കുന്നതും നല്ലതാണ് എന്നാണ് എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.രാജചന്ദ്രൻ പറഞ്ഞത്.

'റവന്യു വകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റം ആയിട്ടില്ല. കലക്ടർക്കു സ്ഥലംമാറ്റം നടത്താം. ഒരിടത്തു 3 വർഷം പൂർത്തിയായവരെ സ്ഥലംമാറ്റണമെന്നു സർക്കാർ മാർഗനിർദേശമുണ്ടെന്ന് ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ.ജയപ്രകാശനും പറഞ്ഞു.