ബെംഗളുരു: വയറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കൊക്കെയ്‌നുമായി നൈജീരിയക്കാരൻ ബെംഗളുരു വിമാനത്താവളത്തിൽ പിടിയിലായി. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയ ആളാണ് പിടിയിലായത്. 11 കോടി രൂപ വില വരുന്ന കൊക്കെയ്ൻ ആണ് വയറിനുള്ളിൽ ഒളിപ്പിച്ചിരുന്നത്.

അധികൃതർക്ക് രഹസ്യം വിവരം ലഭിച്ചിരുന്നെങ്കിലും നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായിരുന്നില്ല. പിന്നീട് സ്‌കാനിങ് നടത്തിയാണ് കൊക്കെയ്ൻ വയറിനുള്ളിൽ നിന്ന് കണ്ടെത്തിയത്. പൊതികളായാണ് ഇത് വയറിനുള്ളിൽ സൂക്ഷിച്ചിരുന്നത്. യുവാവിനെ ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) അറസ്റ്റ് ചെയ്തു. തുടർന്ന് ഇയാളെ ആശുപത്രിയിലെത്തിച്ച് കൊക്കെയ്ൻ പുറത്തെടുത്തു.