അഹമ്മദാബാദ്: ഗുജറാത്തിലെ നാല് നഗരങ്ങളിൽ ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ ഫെബ്രുവരി 15 വരെ നീട്ടി. അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട് എന്നീ ന​ഗരങ്ങളിലാണ് രാത്രികാല കർഫ്യൂ നീട്ടിയത്. അതേസമയം, കർഫ്യൂ സമയം ഒരുമണിക്കൂർ കുറച്ചിട്ടുണ്ട്. രാത്രി 11 മുതൽ രാവിലെ ആറ് മണിവരെയാണ് കർഫ്യൂ. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായാണ് നിയന്ത്രണങ്ങൾ.

സംസ്ഥാനത്തെ കോവിഡ് മുക്തി നിരക്ക് 96.94 ശതമാനമാണെന്ന് ഗുജറാത്ത് ആഭ്യന്തര അഡീഷ്ണൽ ചീഫ് സെക്രട്ടറി പങ്കജ് കുമാർ പറഞ്ഞു. എന്നാൽ കോവിഡ് വ്യാപനം പൂർണമായും തുടച്ചുനീക്കാൻ ജാഗ്രത തുടരണമെന്നും നിയന്ത്രണങ്ങൾ പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ കോവിഡ് കേസുകൾ കുത്തനെ ഉയർന്നതോടെ കഴിഞ്ഞ ഡിസംബർ മുതലാണ് അഹമ്മദാബാദ് ഉൾപ്പെടെയുള്ള നാല് നഗരങ്ങളിൽ രാത്രികാല കർഫ്യു ഏർപ്പെടുത്തിയത്. നിലവിൽ സംസ്ഥാനത്ത് 3,589 കോവിഡ് രോഗികൾ മാത്രമാണ് ചികിത്സയിലുള്ളത്. ഇതിനോടകം 2,60,901 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 100ൽ നിന്ന് 200 ആക്കിയും സംസ്ഥാന സർക്കാർ വർധിപ്പിച്ചിട്ടുണ്ട്. ഹാളുകളിൽ നടക്കുന്ന പരിപാടികളിൽ 50 ശതമാനം സീറ്റുകളിൽ വരെ ആളുകളെ പ്രവേശിപ്പിക്കാം. വിവാഹങ്ങൾ, ആരാധനാലയങ്ങൾ, ഷോപ്പിങ്‌ മാൾ, ഹോട്ടൽ, സിനിമാ തീയേറ്റർ, നീന്തൽകുളം, വ്യായാമകേന്ദ്രം, സ്‌കൂൾ, കോളേജ് തുടങ്ങിയ ഇടങ്ങളിൽ കോവിഡ് മാർഗനിർദ്ദേശങ്ങൾ ഉറപ്പാക്കുമെന്നും അഡീഷ്ണൽ ചീഫ് സെക്രട്ടറി വ്യക്തമാക്കി.