തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിൽ നാളെ മുതൽ രാത്രി മുതൽ രണ്ടാഴ്ചത്തേക്ക്  രാത്രികാല കർഫ്യൂ ഏർപ്പെടുത്തും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന കോവിഡ് കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

രാത്രി ഒൻപത് മുതൽ പുലർച്ചെ അഞ്ച് വരെയാണ് ബാധകം. അതേ സമയം ചരക്ക്, പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. 

സാധ്യമായ ഇടങ്ങളിൽ വർക് ഫ്രം ഹോം നടപ്പാക്കും. അവശ്യ സർവീസുകളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കും.

വിദ്യാർത്ഥികളുടെ സ്വകാര്യ ട്യൂഷൻ ഒഴിവാക്കും, ഓൺലൈൻ ക്ലാസുകൾ മാത്രമേ ഉണ്ടാകൂ. നിയന്ത്രണങ്ങൾ കർശനമാക്കാനുള്ള നിർദ്ദേശങ്ങൾ പൊലീസ് ചീഫ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. തീയേറ്ററുകൾ, മാളുകൾ എന്നിവയ്ക്ക് ഏഴുമണിവരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു.

പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള കർശന നപടികൾ സ്വീകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. 

രോഗം തീവ്രമായ കോഴിക്കോട്, എറണാകുളം ജില്ലകളിൽ ഉൾപ്പടെ ശക്തമായ പ്രതിരോധം ഏർപ്പെടുത്തി. കർഫ്യൂ നിർദ്ദേശങ്ങൾ സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഉടൻ പുറത്തിറങ്ങും.

തൃശൂർ പൂരം ഇത്തവണയും ചടങ്ങുകൾ മാത്രമായി നടത്താനും ഉന്നതതല യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. പൂരപ്പറമ്പിൽ പൊതുജനങ്ങക്ക് പ്രവേശനമുണ്ടാകില്ല. സംഘാടകർക്ക് മാത്രമാണ് അനുമതി.

പൂരചടങ്ങുകളും കുറച്ചു. അത്തചമയം ഉണ്ടാകില്ല, പൂരത്തിന്റെ പിറ്റേന്നുള്ള പകൽപൂരവും ഇല്ല. മഠത്തിൽ വരവും ഇലഞ്ഞിത്തറ മേളവും ഉണ്ടാകും എന്നാൽ കുടമാറ്റം സമയം കുറയ്ക്കും. സാമ്പിൾ വെടിക്കെട്ടിന് ഒരു കുഴിമിന്നൽ മാത്രം.

ഇത്തവണത്തെ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവം റദ്ദാക്കി. സംസ്ഥാനത്ത് ഇന്ന് കൂടുതൽ കോവിഡ് രോഗഫലം വരുന്നതോടെ ആകെ കോവിഡ് രോഗികൾ ഒരു ലക്ഷം കടക്കുമെന്നാണ് കരുതുന്നത്. യോഗത്തിൽ വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.