തിരുവനന്തപുരം: റിപ്പോർട്ടർ ടിവിക്കും ചാനൽ എം ഡി നികേഷ് കുമാറിനുമെതിരെ കെ പി സി സി അധ്യക്ഷൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി എം വി നികേഷ് കുമാർ.മോൻസൻ മാവുങ്കൽ വിഷയത്തിൽ കെ സുധാകരനുള്ള മറുപടി അദ്ദേഹത്തിന്റെ ലീഗൽ നോട്ടീസ് കിട്ടിയ ശേഷം നൽകുമെന്ന് നികേഷ് കുമാർ പറഞ്ഞു.കുറച്ച് കാര്യങ്ങൾ വിശദമായി തന്നെ പറയാനുണ്ട്.അതൊക്കെയും മറുപടിയിൽ ഉൾക്കൊള്ളിക്കാമെന്നും നികേഷ് മുന്നറിയിപ്പ് നൽകുന്നു.

ടോണി ചെമ്മണി ഒളിവിൽ പോയി എന്ന വാർത്ത നൽകിയത് റിപ്പോർട്ടർ നൽകിയത് അനുസരിച്ചാണെന്നും അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥനുമായി സംസാരിക്കുന്നതും കാണിച്ചിരുന്നുവെന്നും നികേഷ് പറയുന്നു.എം വി രാഘവനുമായി ബന്ധപ്പെട്ട പ്രസ്താവനയിലാണ് നികേഷ് സുധാകരനെ വെല്ലുവിളിച്ചത്. തൊണ്ണൂറുകളിലേക്ക് നമുക്കൊന്ന് തിരിച്ചു പോകാൻ അവസരം ഉണ്ടോ ? ആര് ആരെ സംരക്ഷിച്ചു എന്ന വിഷയത്തിൽ ഒരു തുറന്ന സംവാദം ആയാലോ ? സ്ഥലവും തീയതിയും അങ്ങയുടെ സൗകര്യമെന്നും നികേഷ് ഫേസ്‌ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണരൂപം

മാനനഷ്ട കേസിന് പോകുമെന്ന കെ സുധാകരന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു . രണ്ട് കാരണങ്ങൾ ആണ് കുറിപ്പിൽ സുധാകരൻ വിശദീകരിക്കുന്നത് .
ഒന്ന് : മോൻസൻ മാവുങ്കലുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചതിന് . ഇക്കാര്യത്തിൽ സുധാകരന്റെ നോട്ടീസ് കിട്ടട്ടെ . മറുപടി അപ്പോൾ നൽകാം . വിശദമായി പറയാനുള്ള കാര്യം അതിലുണ്ട് . മറുപടി എല്ലാ കാര്യങ്ങളും പറയാനുള്ള അവസരവുമാകും .

രണ്ട് : ടോണി ചമ്മണി ഒളിവിൽ എന്ന 'വ്യാജ വാർത്ത' നൽകിയതിന് . ഈ വാർത്ത നൽകിയത് വി എസ് ഹൈദരലി എന്ന കൊച്ചി റിപ്പോർട്ടറാണ്. ഇക്കാര്യം പൊലീസിനോട് അന്വേഷിച്ച് സ്ഥിരീകരിച്ചു എന്നാണ് ഹൈദരലി നൽകുന്ന വിശദീകരണം . പ്രതികളെ തിരയുന്ന കാര്യത്തിൽ പൊലീസ് അല്ലേ സോഴ്‌സ് . സി ഐയുമായി ഹൈദരലി സംസാരിച്ചത് ടി വിയിൽ ഞങ്ങൾ കാണിക്കുന്നുണ്ട് .

ഇനി എം വി രാഘവനോടുള്ള അങ്ങയുടെ സ്‌നേഹത്തിന്റെ കാര്യം . ഒരിക്കൽ ടി വിയിലും താങ്കൾ ഇത് പറഞ്ഞു . ' ഞാൻ ആണ് എം വി രാഘവനെ സംരക്ഷിച്ചത് ' എന്ന് .എന്നോടാണ് ഇത് പറഞ്ഞത് എന്ന ബോധ്യം താങ്കൾക്ക് ഉണ്ടായിരുന്നോ?അന്നുണ്ടായ അതിശയം ഇപ്പോഴും മാറിയിട്ടില്ല .

തൊണ്ണൂറുകളിലേക്ക് നമുക്കൊന്ന് തിരിച്ചു പോകാൻ അവസരം ഉണ്ടോ ? ആര് ആരെ സംരക്ഷിച്ചു എന്ന വിഷയത്തിൽ ഒരു തുറന്ന സംവാദം ആയാലോ ? സ്ഥലവും തീയതിയും അങ്ങയുടെ സൗകര്യം .
മറുപടി പ്രതീക്ഷിക്കുന്നു.


കോൺഗ്രസിനെതിരെ റിപ്പോർട്ടർ ചാനൽ നിരന്തരം വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നു എന്ന പരാതി ഉയരുന്നതിനിടെയാണ് നിയമനടപടിയുമായി കെ. സുധാകരൻ രംഗത്തെത്തിയത്. റിപ്പോർട്ടർ ചാനലിനെതിരെ നിയമനടപടിക്ക് കെപിസിസി. കോൺഗ്രസിനെതിരായ വ്യാജവാർത്തകൾ നിരന്തരം പ്രസിദ്ധീകരിക്കുന്നു എന്ന് ആരോപിച്ച് അപകീർത്തികരമായ വാർത്തകൾക്ക് ഒരുകോടി രൂപ നഷ്ടപരിഹാരവും ചാനലിന്റെ സംപ്രേഷണം അവസാനിപ്പിക്കാൻ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് പരാതി നൽകിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഫേസ്‌ബുക്ക് കുറിപ്പിൽ അറിയിച്ചു.

മോൻസൻ വിഷയത്തിൽ സുധാകരന്റെ പേരിലും നിരന്തരമായി റിപ്പോർട്ടർ ചാനലിൽ വാർത്തകൾ വന്നിരുന്നു. സുധാകരൻ കൂട്ടുപ്രതിയാകുമെന്നും, സുധാകരന്റെ നഗ്നദൃശ്യങ്ങൾ മോൻസന്റെ പക്കലുണ്ടെന്നുമുള്ള തരത്തിൽ റിപ്പോർട്ടർ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.

മോൻസൻ എറണാകുളത്തെ വീട്ടിൽ ഒളിക്യാമറകൾ ഘടിപ്പിച്ചിരുന്നു എന്ന വാർത്തകൾ പുറത്തുവന്നപ്പോൾ അതിനെ പറ്റി മാധ്യമപ്രവർത്തകർ സുധാകരനോട് ചോദിച്ചിരുന്നു. ''എന്നാൽ നിങ്ങൾ ദൃശ്യങ്ങൾ കാണിക്ക്' എന്നായിരുന്നു സുധാകരന്റെ പ്രതികരണം. അതിനെ ' തന്റെ നഗ്നദൃശ്യങ്ങൾ പുറത്തുവിടാൻ വെല്ലുവിളിച്ച് സുധാകരൻ' എന്നായിരുന്നു റിപ്പോർട്ടർ ഓൺലൈൻ റിപ്പോർട്ട് ചെയ്തത്. സുധാകരനുമായി ബന്ധപ്പെട്ട വാർത്തകളെല്ലാം പരിഹാസരൂപേണെ റിപ്പോർട്ട് ചെയ്യുന്ന ശൈലിയും റിപ്പോർട്ടർ ഓൺലൈനിനുണ്ടായിരുന്നു. അപ്പോഴെല്ലാം മാധ്യമങ്ങളോടുള്ള ബഹുമാനം മുൻനിർത്തിയും നികേഷിന്റെ അച്ഛൻ എംവി രാഘവനോടുള്ള സ്‌നേഹം കൊണ്ടുമാണ് നിയമനടപടികൾക്ക് മുതിരാതിരുന്നതെന്ന് സുധാകരൻ പറയുന്നു