തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസ് പ്രതികളുമായി ഒരു ബന്ധവുമില്ലെന്ന് വിശദീകരിച്ചിരുന്ന ചാനലാണ് റിപ്പോർട്ടർ ടിവി. റിപ്പോർട്ടർ ചാനലിൽ റോജി അഗസ്റ്റിന് ഓഹരി പങ്കാളിത്തമുള്ള കാര്യം വനം വകുപ്പിന്റെ ആദ്യ അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിനെതിരെ വക്കീൽ നോട്ടീസിലൂടെ നിയമ നടപടിക്കും ശ്രമിച്ചിരുന്നു റിപ്പോർട്ടർ ടിവി. ഇപ്പോൾ ദീപക് ധർമ്മടം ബന്ധത്തിന് ഫോൺ രേഖകൾ തെളിവാകുമ്പോൾ മലക്കം മറിയുകയാണ് റിപ്പോർട്ടർ ടിവി.

അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ പരാതി നൽകി റിപ്പോർട്ടർ ചാനൽ എം.ഡി എം വി നികേഷ് കുമാർ പുതു നീക്കത്തിലാണ്. കേസിലെ മുഖ്യപ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർക്കെതിരെയാണ് കളമശ്ശേരി പൊലീസിൽ പരാതി നൽകിയത്. പ്രതികൾ റിപ്പോർട്ടൽ ചാനലിന്റെ ഓഫീസിൽ സൂക്ഷിച്ച ഇവരുടെ സാധനസാമഗ്രികൾ നീക്കം ചെയ്യാനുള്ള നടപടികളാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 2012 ജൂൺ പത്തിന് നൽകിയ വക്കീൽ നോട്ടീസിന് വിരുദ്ധമാണ് ഇപ്പോഴത്തെ പരാതി.

വയനാട് അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് ചാനലിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിനെതിരെ നിയമനടപടിയുമായി റിപ്പോർട്ടർ ടിവി രംഗത്ത് വന്നതായിരുന്നു ജൂണിലെ വാർത്ത. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഓഫീസർ ഡി കെ വിനോദ് നൽകിയ റിപ്പോർട്ടിലെ അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് അഭിഭാഷകൻ സെബാസ്റ്റ്യൻ പോൾ മുഖേന അയച്ച വക്കീൽ നോട്ടീസിൽ റിപ്പോർട്ടർ ടിവി വ്യക്തമാക്കിയിരുന്നു.

കേസിലെ പ്രതികളിൽ ഒരാളായ റോജി അഗസ്റ്റിൽ റിപ്പോർട്ടർ ന്യൂസ് ചാനലിന്റെ ഓഹരിയുടമയാണെന്ന ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഓഫീസറുടെ റിപ്പോർട്ട് വസ്തുതക്കൾക്ക് നിരക്കാത്തതാണ്. റോജി അഗസ്റ്റിൻ ഓഹരിയുടമ അല്ല. റിപ്പോർട്ടർ ടിവിയുടെ മാതൃ കമ്പനിയായ ഇന്തോഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി സംബന്ധമായ വിവരങ്ങൾ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്-ഇതായിരുന്നു വക്കീൽ നോട്ടീസിലെ പരാമർശം. എന്നാൽ ഇപ്പോൾ പൊലീസിന് നൽകിയ പരാതിയിലുള്ളത് അഗസ്റ്റിൻ സഹോദരങ്ങളുമായുള്ള ചാനലിന്റെ ബന്ധമാണ്.

2021 ഫെബ്രുവരി 17 ന് രാവിലെ റിപ്പോർട്ടർ ടി വി നൽകിയ റിപ്പോർട്ട് വസ്തുതാപരവും നിലനിൽക്കുന്നതുമാണ്. റിപ്പോർട്ടർ വാർത്തയെ തെറ്റായ വിധത്തിൽ വ്യാഖ്യാനിച്ച് റിപ്പോർട്ട് നൽകിയത് ഞങ്ങളുടെ കർത്തവ്യത്തിലെ കടന്നു കയറ്റമാണ്. ഈ സാഹചര്യത്തിൽ തെറ്റ് തിരുത്തി കൃത്യമായ വിവരങ്ങൾ കത്ത് നൽകിയ എല്ലാവരെയും അറിയിക്കുകയും ചാനലിനെ ഖേദം അറിയിക്കുകയും ചെയ്തില്ലെങ്കിൽ ക്രിമിനൽ നടപടി കൈക്കൊള്ളും എന്നും വക്കീൽ നോട്ടീസിൽ അറിയിച്ചിരുന്നു. എന്നാൽ റിപ്പോർട്ടർ ടിവിയുമായി ഈ സമയത്ത് അഗസ്റ്റിൻ സഹോദരങ്ങൾക്ക് എന്തോ ബന്ധമുണ്ടെന്ന് വരികയാണ് ഇപ്പോഴത്തെ പൊലീസ് പരാതി.

വയനാട്ടിലെ മുട്ടിലിൽ നടന്ന വനം കൊള്ളയിലെ പ്രധാന പ്രതിയായ റോജി അഗസ്റ്റിന് എല്ലാ ഒത്താശകളും ചെയ്തത് റിപ്പോർട്ടർ ചാനലാണെന്ന ആരോപണം പരിവാർ ബന്ധമുള്ള ജനം ടിവി അടക്കം ഉന്നയിച്ചിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ വാർത്ത നൽകി പ്രധാന പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച റിപ്പോർട്ടർ ചാനലിന് ഇതിനു പകരമായി റോജി അഗസ്റ്റിൻ കോടികളുടെ കടം തീർത്തെന്നാണ് ജനം ടിവി റിപ്പോർട്ട് ചെയ്തിരുന്നത്. റിപ്പോർട്ടർ ചാനലിന്റെ ഓഹരിയുടമകളിൽ ഒരാളാണ് റോജി അഗസ്റ്റിനെന്ന് ചീഫ് കൺസർവേറ്ററുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ജനം ടിവി മുമ്പ് ഈ വാർത്ത കൊടുത്തത്.

വനത്തിൽ നിന്നും കോടികളുടെ വീട്ടിമരം ഉദ്യോഗസ്ഥർ മുറിച്ച് കടത്തിയതായി പരാതിയെന്ന് വ്യാജവാർത്ത കൊടുത്ത് റോജി അഗസ്റ്റിനെ വെള്ള പൂശാൻ ചിലർ ശ്രമിച്ചിരുന്നു. ഇടത് സർക്കാരുമായി ഏറ്റവും അടുത്തു നിൽക്കുന്ന ചാനലാണ് റിപ്പോർട്ടർ ചാനൽ. ചാനൽ മേധാവിയായ നികേഷ് കുമാർ സിപിഎമ്മിനു വേണ്ടി 2016 ൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.