മലപ്പുറം : ഐ.എസിൽചേർന്ന് അഫ്ഗാൻ ജയിലിലായ നാല മലയാളി യുവതികളെ തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകാത്തതാണ് ഇന്നു വിവിധ ചർച്ചകൾക്ക് ഇടയാക്കിയിട്ടുള്ളത്. സുരക്ഷാവിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് കേന്ദ്രസർക്കാർ ഇത്തരത്തിലൊരു നിലപാട് എടുത്തത്. അതേ സമയം കേരളത്തിൽനിന്നും മതംമാറി ഐ.എസിൽചേർന്ന മലയാളി പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരാണു അഫ്ഗാൻ ജയിലിൽ കഴിയുന്നത്. നിലവിൽ കേരളത്തിൽനിന്നും മൂന്നു സ്ത്രീകളും, രണ്ടു പുരുഷന്മാരുമാണ് മതംമാറി ഐ.എസിൽ പോയവർ. നിമിഷ പേരുമാറ്റി ഫാത്തിമായപ്പോൾ, സോണിയ- ആയിഷയും, മെറിൻ- മറിയവുമായി മതംമാറി ഐ.എസിലെത്തി. ഇവർക്കുപുറമെ സഹോദരങ്ങളായ ബെക്സൺ-ഈസയായും, ബെസ്റ്റിൻ- യഹിയയും മുസ്ലിംമതം സ്വീകരിച്ച് ഐ.എസിൽപോയി. മൂന്നു സ്ത്രീകളും, രണ്ടു പുരുഷന്മാരും ഇത്തരത്തിൽ മതംമാറിപോയവരാണ്.

ഐ.എസിൽ ചേർന്ന തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയുടെ സഹപഠിയായിരുന്നു ഇജാസിന്റെ ഭാര്യ റഫീല. പാലക്കാട് യാക്കര സ്വദേശിയായ ബെക്സൺ എന്ന ഈസയുടെ  ഭാര്യയാണ് നിമിഷ ഫാത്തിമ. ബെക്സണിന്റെ സഹോദരൻ ബെസ്റ്റിൻ എന്ന യഹിയ, ഭാര്യ മെറിൻ മറിയം എന്നിവരും ഇവർപോയ സംഘത്തിലുണ്ടായിരുന്നു. ഇതിനിടെ അഫ്ഗാനിലെ ഐ.എസ് ക്യാമ്പിൽ വച്ച് നിമിഷ  ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെന്ന സന്ദേശം ബന്ധുക്കൾക്ക് ലഭിച്ചു. ഇതിനുശേഷം നിമിഷ ഫാത്തിമയുടെ നിർണ്ണായക വീഡിയോയും ദേശീയ മാധ്യമം പുറത്തുവിട്ടിരുന്നു.  മതം മാറിയ ശേഷം ദുബായ് വഴിയാണ് താനും ഭർത്താവും അഫ്ഗാനിൽ എത്തിയതെന്നും, തങ്ങളെ അതിന് സഹായിച്ചത് ഒരു പാക്കിസ്ഥാനി സ്ത്രീ ആണെന്നും നിമിഷ ഫാത്തിമ വീഡിയോയിൽ പറഞ്ഞിരുന്നു. അഫ്ഗാനിൽ എത്തുമ്പോൾ ഫാത്തിമ ഏഴ് മാസം ഗർഭിണി ആയിരുന്നു. നിലവിൽ അഫ്ഗാൻ സേനയുടെ തടവിൽ ആണിവരെന്നാണ് റിപ്പോർട്ട്. തന്റെ നാട് അഫ്ഗാൻ അല്ലെന്നും പറ്റുമെങ്കിൽ ഇന്ത്യയിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്നു എന്നും ഫാത്തിമ പറയുന്ന വീഡിയോയും അടുത്തിടെ പുറത്തുവന്നു. ഐസിസിൽ ചേർന്ന് ജിഹാദ് നടത്തുന്നതിന് വേണ്ടി മതം മാറുന്നതിനു മുൻപ് ഫാത്തിമ എന്ന താൻ ഹിന്ദു ആയിരുന്നുവെന്നും തന്റെ പേര് നിമിഷ എന്നായിരുന്നു എന്നും ഭർത്താവ് ക്രിസ്ത്യൻ മത വിശ്വാസി ആയിരുന്നു എന്നും പിന്നീട് ഇയാളും മതം മാറി മുസ്ലിം ആകുകയായിരുന്നു എന്നും ഇവർ വീഡിയോയിൽ പറഞ്ഞിരുന്നു.

അഭിമുഖത്തിൽ നിമിഷ ഫാത്തിമക്കൊപ്പം കുഞ്ഞും ഉണ്ട്. തന്റെ അമ്മക്ക് തന്നെ കാണാൻ അതിയായ ആഗ്രഹമുണ്ടെന്നും തനിക്കും അമ്മയെ കാണാൻ വളരെയേറെ ആഗ്രഹമുണ്ടെന്നും വീഡിയോയിൽ നിമിഷ ഫാത്തിമ പറഞ്ഞിരുന്നു. തന്റെ മകളുടെ  അവസ്ഥ മറ്റൊരുപെൺകുട്ടിക്കും ഉണ്ടാകരുതൈന്നാണ് നിമിഷ ഫാത്തിമയുടെ മാതാവ് ബിന്ദുവിന് ഇതുസംബന്ധിച്ചു പറയാനുള്ളത്.  മകളെ നാട്ടിലെത്തിക്കാൻ ഇടപെടലുണ്ടാകണമെന്നാഭ്യർഥിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന് മുമ്പാകെ തേങ്ങി കരഞ്ഞ് അപേക്ഷയുമായും ബിന്ദു എത്തിയിരുന്നു. സാധാരണ കുടുംബത്തിലെ ഒരു പെൺകുട്ടിക്ക് എങ്ങനെ ഈ അവസ്ഥ ഉണ്ടായെന്നു പുറത്തുവരണമെങ്കിൽ ഇന്ത്യൻ സർക്കാർ അവളെ നാട്ടിലെത്തിക്കണമെന്നാണ് ബിന്ദുവിന്റെ ആവശ്യം. നിമിഷ നാട്ടിലെത്തിയാലേ ഇതിനു പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് വിവരം ലഭിക്കൂ. ഇന്ത്യൻ സർക്കാരിലും നിയമത്തിലും വിശ്വാസമുണ്ട്. വിചാരണ ഇന്ത്യയിൽ ആയാലേ ഇതിനു പിന്നിൽ പ്രവർത്തിച്ച ദുഷ്ടശക്തികളെ അറിയാൻ കഴിയൂ. ഇനി ഒരു പെൺകുട്ടിക്കും ഈ അവസ്ഥ വരരുത്. നിമിഷയ്ക്ക് നാട്ടിലേക്കു വരാൻ കേന്ദ്രസർക്കാർ അവസരം കൊടുക്കണം. നിയമപ്രകാരമുള്ള നടപടികൾ നേരിടാൻ തയാറാണെന്നുമാണ് വിഷയത്തിൽ ബിന്ദുവിന്റെ പ്രതികരണം.

2016 ജൂലൈയിലാണ് നിമിഷ ഫാത്തിമയുമായി ബന്ധപ്പെട്ട വിവാദം ആദ്യം പുറത്തെത്തുന്നത്. തന്റെ മകൾ നിമിഷയെ കാണാനില്ലെന്നും ഭർത്താവിനൊപ്പം ഭീകരസംഘടനയിൽ ചേർന്നതായി സംശയിക്കുന്നുവെന്നുമുള്ള മാതാവ് ബിന്ദുവിന്റെ പരാതിയോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ഉന്നത പൊലീസ് ഉദ്യോഗസ്ഥയ്ക്കു പരാതി നൽകിയത് അവർ ഗൗരവത്തിലെടുക്കാതെ അവഗണിച്ചെന്നുമായിരുന്നു ബിന്ദു ആരോപിച്ചത്.   ബിഡിഎസിനു പഠിക്കുമ്പോഴാണ് ഈസയുമായി നിമിഷ പരിചയത്തിലായത്. പിന്നീട് ഇയാൾ നിമിഷയെ വിവാഹം ചെയ്തു. നിമിഷ പാലക്കാട്ട് ഉണ്ടെന്നറിഞ്ഞു ബന്ധുക്കൾ അവിടെയെത്തി. എന്നാൽ കൂടെ വരാൻ തയാറായില്ല. തുടർന്നു പൊലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഇസയ്ക്കൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നു നിമിഷ കോടതിയിൽ പറഞ്ഞു. 18 വയസ്സു തികഞ്ഞ നിമിഷയെ കോടതി ഇസയ്ക്കൊപ്പം വിട്ടു.

നാലുമാസം കഴിഞ്ഞപ്പോൾ നിമിഷയുടെ ഫോൺ വരാൻ തുടങ്ങി. പാലക്കാട്ടാണു താമസമെന്നും വന്നാൽ കാണാമെന്നും പറഞ്ഞു. ബിന്ദു അവിടെപ്പോയി അവളെ കണ്ടു. ഇസയുടെ വീട്ടുകാരോടും സംസാരിച്ചു. അപ്പോഴും മകൾ കൂടെവരാൻ തയാറായില്ല. ഇതിനിടെ മകൾ ഗർഭിണിയായി. തുടർന്നു നിമിഷ വീട്ടിലേക്കു വന്നു. മൂന്നുമണിക്കൂർ ചെലവഴിച്ചതിനുശേഷം തിരിച്ചുപോയി. മൂന്നു ദിവസം കഴിഞ്ഞ് ഒരു ഫോൺ വന്നു. തങ്ങൾ ശ്രീലങ്കയിലേക്കു പോകുകയാണെന്നും ഇനി ചിലപ്പോൾ വിളിക്കാൻ സാധിക്കില്ലെന്നും പറഞ്ഞു. പിന്നീട് വാട്സാപ് വഴി മാത്രമാണു ബന്ധപ്പെട്ടിരുന്നത്. ഇസയുടെ വീട്ടുകാർക്കും അവരെക്കുറിച്ചു വിവരമൊന്നും ഇല്ലായിരുന്നുവെന്നാണ് ബിന്ദുവിന്റെ പരാതിയിൽ പറഞ്ഞിരുന്നത്.  മകളെയും കുഞ്ഞിനെയും തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ബിന്ദു ഹൈക്കോടതിയിലും ഹർജി നൽകി. അഫ്ഗാനിലുള്ള നിമിഷയെ ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് ആശങ്കയുള്ളതിനാൽ രക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

അതേ സമയം അഫ്ഗാനിൽ കീഴടങ്ങിയ ഐ.എസ്. സംഘത്തിൽ രണ്ടു മലയാളി യുവതികളെ തിരിച്ചറിഞ്ഞെങ്കിലും എറണാകുളം സ്വദേശിനി മെറിൻ -മറിയത്തെ കുറിച്ചു വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. അഫ്ഗാനിൽ സുരക്ഷ സേനയുടെ മുമ്പാകെ കീഴടങ്ങിയ 900 അംഗ സംഘത്തിൽ തിരുവനന്തപുരം സ്വദേശിനി നിമിഷയും കാസർഗോഡ് സ്വദേശിനി അയിഷ എന്ന സോണിയയും ഉൾപ്പെട്ടതായാണ് ബന്ധുക്കളും എൻ.ഐ.എയും തിരിച്ചറിഞ്ഞത്. എന്നാൽ 2016-ൽ ഭർത്താവ് യഹിയക്കൊപ്പം ഐ.എസ്. ക്യാമ്പിലെത്തിയ മെറിൻ കീഴടങ്ങിയവരിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതു സംബന്ധിച്ച് വിവരമൊന്നുമില്ലായിരുന്നു. യഹിയ നേരത്തെ അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. പാലക്കാട് യാക്കര സ്വദേശി ബെസ്റ്റിൻ വിൻസന്റാണ് ഇസ്ലാം മതം സ്വീകരിച്ച് യഹിയ ആയത്. സ്‌കൂൾകാലം മുതൽ സഹപാഠിയായിരുന്ന ബെസ്റ്റിനുമായി മെറിൻ പ്രണയത്തിലായിരുന്നു.

എറണാകുളത്തെ പ്രമുഖ കോളജിലെ പഠനശേഷം ക്യാമ്പസ് റിക്രൂട്ട്മെന്റിലൂടെ മെറിന് ജോലി ലഭിച്ചു. മുംെബെയിലെ സ്വകാര്യ കമ്പനിയിൽ തൊഴിൽ പരിശീലനത്തിനെത്തിയ മെറിൻ ഇസ്ലാംമതം സ്വീകരിച്ച് മറിയയായി. ബെസ്റ്റിൻ വിൻസന്റ് യഹിയയുമായി. ഇവർ തമ്മിൽ രജിസ്റ്റർ വിവാഹവും നടന്നു. മകൾ ഇസ്ലാം മതം സ്വീകരിച്ചതറിഞ്ഞ മാതാപിതാക്കൾ, 2014 ൽ മെറിനെ നാട്ടിലേക്കു കൊണ്ടുവന്നു. മകളുടെ മതംമാറ്റത്തെ മാതാപിതാക്കൾ എതിർത്തിരുന്നു. പിന്നീട് മെറിനും ഭർത്താവും ഭർതൃസഹോദരൻ ഈസ എന്ന ബെക്സൻ വിൻസന്റും ഭാര്യ നിമിഷയെന്ന ഫാത്തിമയും ഉൾപ്പെടെ 2016മെയ്‌ മുതൽ ജൂൺ വരെയുള്ള കാലയളവിലാണു കാണാതാവുന്നത്. മെറിനും യഹിയയും ശ്രീലങ്കയ്ക്ക് മതപഠനത്തിന് പോയതായാണ് വീട്ടുകാരെ അറിയിച്ചിരുന്നത്. എന്നാൽ ഇവരെല്ലാം ഐ.എസിൽ ചേർന്നതായി പിന്നീട് സ്ഥിരീകരിച്ചു. ബംഗളുരു വിമാനത്താവളം വഴിയാണ് ഇറാനിലെ ടെഹ്റാനിലേക്കു പോയത്.എന്നാൽ പിന്നീട് ഭർത്താവിന്റെ മരണത്തോടെ മെറിൻ മറ്റൊരാളെ  വിവാഹം കഴിച്ചതായി നാട്ടിൽ അറിയുന്നത്. സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷ റാഷീദ് അബ്ദുല്ലള്ളയുമായി പ്രണയത്തിലാകുന്നതും ഇരുവരും പിന്നീട് വിവാഹിതരായതുമെല്ലാം ഒരു സിനിമാകഥപോലെ തന്നെയാണ്. ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷയെ റാഷീദ് സ്വന്തമാക്കുന്നത്.

എംജി സർവകലാശാലയിൽ ഒപ്പനയ്ക്ക് ഒന്നാം സമ്മാനം നേടിയ എറണാകുളം എഞ്ചിനീറിങ് കൊളജ് ടീമിലെ മണവാട്ടിയെയാണ് ആദ്യം റഷീദ് കാണുന്നത്. ഈ യുവജനോത്സവ വേദിയിലാണ് ആദ്യമായി റാഷീദ് അബ്ദുള്ള സോണിയ സെബാസ്റ്റ്യനെ കാണുന്നത്. പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു റാഷീദ്.  തുടർന്ന് ഒന്നാം സമ്മാനക്കാരിയായ മണവാട്ടിയെ പരിചയപ്പെടാനും അഭിനന്ദിക്കാനും റഷീദ് മറന്നില്ല. ഇരുവരും മുമ്പു് പഠിച്ചത് ഗൾഫിലെ സ്‌കൂളിലായിരുന്നു. ഉപരിപഠനത്തിനായി നാട്ടിലേക്ക് തിരികെ എത്തിയതാണ്. ഈ സാമ്യം ഇരുവരെയും പിന്നീട് കൂടുതൽ അടുപ്പിച്ചു. പരിചയം പിന്നീട് പ്രണയത്തിലേക്ക് മാറി. എറണാകുളത്തുള്ള പുരാതന ക്രിസ്ത്യൻ കുടുംബത്തിലെ അംഗമായിരുന്നു സോണിയ. അച്ഛനും അമ്മയും ബെഹ്റിനിൽ ഉയർന്ന തസ്തികയിൽ ഉദ്യോഗസ്ഥരായിരുന്നു. പ്രണയം ശക്തമായി തുടരുന്ന അവസരത്തിലാണ് അച്ഛന്റെ നിർദ്ദേശപ്രകാരം റാഷീദ് ദുബായിൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലിയിൽ പ്രവേശിക്കുന്നത്. എന്നാൽ സോണിയയെ പിരിഞ്ഞിരിക്കാൻ സാധിക്കാതെ വന്നതോടെ ആ ജോലി ഉപേക്ഷിച്ച് നാട്ടിൽ മറ്റൊരു ജോലിയിൽ കയറി. എൻജിനീയറിങ്ങും  എംബിഎയും കഴിഞ്ഞ സോണിയയ്ക്ക് മാതാപിതാക്കൾ വിവാഹം ആലോചന തുടങ്ങി. എന്നാൽ റാഷീദിനെ വേർപിരിയാൻ ആകാതെ സോണിയ ഇസ്ലാം മതം സ്വീകരിച്ച് ആയിഷയായി. ഇങ്ങനെയൊരു മകളില്ലെന്ന് പ്രഖ്യാപിച്ച മാതാപിതാക്കൾ വിദേശത്ത് നിന്നും നാട്ടിലേക്ക് വരുന്നത് പോലും കുറച്ചു. വിവാഹശേഷമാണ് റാഷീദിന് കോഴിക്കോട് ഇന്റർനാഷണൽ സ്‌കൂളിൽ ജോലി ലഭിക്കുന്നത്. അവിടെവച്ചാണ് ബിഹാറുകാരിയായ യാസ്മിനെ പരിചയപ്പെടുന്നത്. റഷീദിനെ ഐസ്എസിലേക്ക് അടുപ്പിക്കുന്നത് യാസ്മിനാണ്. തുടർന്ന്  ഇയാൾ രണ്ടാം ഭാര്യയാക്കി. 2016 മെയ് 31 നാണ് മൂവരും മുംബൈയിൽ നിന്നും മസ്‌ക്കറ്റിലേക്ക് വിമാനം കയറിയത്. അന്ന് ആയിഷ ഗർഭിണിയായിരുന്നു. അതിനുശേഷം ഇവർ അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാംപിലേക്ക് പോയി. അവിടെവച്ചാണ് സാറ എന്ന പെൺകുഞ്ഞിന് ആയിഷ ജന്മം നൽകുന്നത്.

മതംമാറിപ്പോയ സഹോദരങ്ങളായ ബക്സൻ എന്ന ഈസയും ബെസ്റ്റിൻ എന്ന യഹിയയും വീടുമായി ഏറെ അകന്നാണ് കഴിഞ്ഞിരുന്നത്. ബെംഗളൂരുവിലെ പഠന കാലത്തുതന്നെ ബെസ്റ്റിന് കാസർകോട്, മുംബൈ ബന്ധമുള്ള സൗഹൃദങ്ങളുണ്ടായിരുന്നു.  ബെസ്റ്റിനാണ് സഹോദരൻ ബക്സനെയും ഇസ്ലാംമതം സ്വീകരിക്കാൻ പ്രേരിപ്പിച്ചതെന്നാണ് ഇരുവടേയും കുറിച്ചു നടത്തിയ അന്വേഷണത്തിൽനിന്നും പൊലീസിന്  ലഭിച്ചവിവരം.