ആലപ്പുഴ: ഗുണ്ടാ നേതാവിന്റെ വീരശൂര പരാക്രമങ്ങളിൽ ആകൃഷ്ടയായാണ് ക്രിമിനൽ കേസ് പ്രതിയായ ഭർത്താവിനെ ഉപേക്ഷിച്ചതെന്ന് കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ നിമ്മി. കഞ്ചാവും വാറ്റു ചാരായം പിടിച്ചെടുത്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് നിമ്മി മുൻ ഭർത്താവിനെ ഉപേക്ഷിച്ച് കേസിലെ ഒന്നാം പ്രതിയായ ലിജു ഉമ്മൻ തോമസിന്റെ കൂടെ പോരാൻ ഇടയായ സംഭവം വെളിപ്പെടുത്തിയത്.

നിമ്മിയുടെ ഭർത്താവ് കായംകുളം സ്വദേശി സേതു എന്ന് വിളിക്കുന്ന വിനോദാണ്. ഇയാൾ നിരവധി ക്രമിനൽ കേസുകളിലെ പ്രതിയാണ്. വിനോദിനൊപ്പം പലവട്ടം ലിജു വീട്ടിൽ വന്നിട്ടുണ്ട്. ചിലകേസുകളിൽ ഭർത്താവ് ഒളിവിൽ പോകുമ്പോഴും ജയിലിൽ കിടക്കുമ്പോഴും ലിജുവാണ് സഹായത്തിനെത്തിയിരുന്നത്. അങ്ങനെയാണ് ഇരുവരും തമ്മിൽ അടുപ്പമാകുന്നത്. സേതു ഇപ്പോൾ വിദേശത്താണ്.

ഇവർ തമ്മിലുള്ള അടുപ്പം അറിഞ്ഞ് വിനോദ് ബഹളമുണ്ടാക്കുകയും പിന്നീട് നിമ്മി ലിജുവിനൊപ്പം മാവേലിക്കരയിലേക്ക് പോകുകയുമായിരുന്നു. ലിജുവിന് നിലവിൽ ഭാര്യയും കുട്ടികളും ഉണ്ട്. ബംഗളൂരുവിലെ കോളേജിൽ ഒരു അടിപിടി സമയത്ത് പരിചയപ്പെട്ട യുവതിയെ പിന്നീട് വിവാഹം കഴിക്കുകയായിരുന്നു. ഇവർ തെക്കേക്കരയിലെ ലിജുവിന്റെ വീട്ടിൽ താമസിക്കുന്നുണ്ട്. ഭാര്യ അറിയാതെയാണ് ലിജു നിമ്മിയുമായുള്ള ബന്ധം തുടർന്നത്.

മാവേലിക്കര പൊലീസ് സ്റ്റേഷനിലെ സ്ഥിരം പ്രശ്നക്കാരനായ ഗുണ്ടയാണ് ഇയാൾ. പലവട്ടം പൊലീസിന്റെ കയ്യിൽ നിന്നും രക്ഷപെട്ടിട്ടുണ്ട്. ഏറെ നാൾ മുൻപ് പൊലീസിന്റെ കണ്ണു വെട്ടിച്ച് കോടതിയിൽ ഹാജരാകാനായി എത്തിയ ലിജുവിനെ അന്നത്തെ മാവേലിക്കര എസ്‌ഐ ആയിരുന്ന ജോസ് മാത്യൂ പിടികൂടാൻ ശ്രമിച്ചിരുന്നു. എന്നാൽ എസ്‌ഐയെ മർദ്ദിച്ച് വീഴ്‌ത്തിയ ശേഷം രക്ഷപെട്ടു.

വർഷങ്ങളായി ഗുണ്ടാ പ്രവർത്തനങ്ങളും ലഹരി ഇടപാടുകളുമായി നടക്കുന്ന ലിജുവിനെതിരെ വിവധ സ്റ്റേഷനുകളിലായി 41 കേസുകളുണ്ട്. കായംകുളത്ത് ശർക്കര വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലും കൊറ്റുകുളങ്ങര ബോംബേറ്, അടുത്തിടെ കായംകുളത്തെ രാഷ്ട്രീയ പ്രവർത്തകനെ വെട്ടിയ കേസ് തുടങ്ങീ നിരവധി കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. എപ്പോഴും ഗുണ്ടാ സംഘങ്ങൾക്കൊപ്പമാണ് നടപ്പ്. മിക്ക സമയത്തും കയ്യിൽ വടിവാളോ കത്തിയോ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കാണും.

മാവേലിക്കര നഗരത്തിൽ വടിവാളുമായി ഇറങ്ങി നാട്ടുകാരെ ഭീതിപ്പെടുത്തുന്നത് പതിവാണ്. ഏതെങ്കിലും കേസിൽപെട്ടാൽ രാഷ്ട്രീയ ഉന്നതർ പൊലീസിനെ സമ്മർദ്ദത്തിലാക്കുന്നത് സ്ഥിരം പരിപാടിയാണ്. എന്തു ചെയ്യാനും മടിയില്ലാത്ത ഇയാളെ തൊടാൻ പൊലീസുകാർക്കും പേടിയാണ്. അതിനാലാണ് ആലപ്പുഴ എസ്‌പി മാന്നാർ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മേൽനോട്ടത്തിൽ അന്വേഷണ സംഘത്തെ രൂപീകരിച്ചത്. തുടർന്നായിരുന്നു അപ്രതീക്ഷിതമായ റെയ്ഡ് നടത്തിയത്.

അപ്രതീക്ഷിതമായി പൊലീസ് വീട് വളഞ്ഞതോടെ ഇയാൾ ഉപയോഗിച്ചിരുന്ന സ്‌ക്കോഡാ ഒക്ടാവിയ വാഹനം അവിടെ തന്നെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പൊലീസ് വീട്ടിനുള്ളിൽ പരിശോധനയ്ക്ക് കയറുമ്പോൾ നിമ്മിക്കൊപ്പും എട്ടും അഞ്ചും വയസ്സുള്ള കുട്ടികൾ ഉണ്ടായിരുന്നു. ബന്ധുക്കളെ വിളിച്ചു വരുത്തി കുട്ടികളെ സുരക്ഷിതമായി ഏൽപ്പിച്ച ശേഷമാണ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. പരിശോധനയിൽ 29 കിലോ കഞ്ചാവും 4.5 ലിറ്റർ വാറ്റുചാരായവും 40 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും 1800 പായ്ക്കറ്റ് ഹാൻസുമാണ് പൊലീസ് പിടിച്ചെടുത്തത്.

ലഹരി വസ്തുക്കൾ കടത്താൻ ഉപയോഗിച്ചിരുന്ന ലിജു ഉമ്മന്റെ ആഡംബര കാറും നിമ്മിയുടെ സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുണ്ടാ പ്രവർത്തനത്തിനൊപ്പം ലഹരി കച്ചവടവുമായിരുന്നു നിമ്മിയുമായി ചേർന്ന് നടത്തിയിരുന്നത്. സ്‌ക്കൂട്ടറിയും കാറിലും സഞ്ചരിച്ചായിരുന്നു ഇവരുടെ ലഹരി കച്ചവടം. പലപ്പോഴും സ്ത്രീകൾ ഉള്ള വാഹനങ്ങൾ പൊലീസ് പരിശോധിക്കുന്നത് വിരളമാണ്. ഇത് മനസ്സിലാക്കി എപ്പോഴും നിമ്മിയെ ലിജു ഒപ്പം കൂട്ടിയായിരുന്നു യാത്രകൾ.

കഴിഞ്ഞ ദിവസമാണ് കായംകുളം ചേരാവള്ളി മുറിയിൽ തയ്യിൽ തെക്കതിൽ വീട്ടിൽ വിനോദ് ഭാര്യ നിമ്മിയെ (32) മാവേലിക്കര തഴക്കരയിൽ വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ നിന്നും ലഹരി വസ്തുക്കളുമായി പിടികൂടുന്നത്. ഒന്നാം പ്രതി മാവേലിക്കര താലുക്കിൽ തെക്കേക്കര വില്ലേജിൽ പോനകം മുറിയിൽ എബനേസർ പുത്തൻവീട്ടിൽ തോമസ് മകൻ ലിജു ഉമ്മൻ തോമസ് (40) ഒളിവിലാണ്.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി സാബു ഐ പി എ സിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആലപ്പുഴ നർക്കോട്ടിക്ക് ഡിവൈഎസ്‌പി ബിനുകുമാറിന്റെയും ചെങ്ങന്നൂർ ഡിവൈഎസ്‌പി പി.എ. ബേബിയുടെയും നിർദ്ദേശാനുസരണം മാവേലിക്കര പൊലീസ് ഇൻസ്പെക്ടർ ബി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ മാവേലിക്കര എസ് ഐ എബി. പി. മാത്യൂ, പ്രസാദ് .കെ. കെ, ആലപ്പുഴ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ ഇല്യാസ്, സന്തോഷ്, സി പി ഓ മാരായ ഗിരീഷ് ലാൽ, ഹരികൃഷ്ണൻ, മുഹമ്മദ് ഷാഫി, ശ്രീകുമാർ, മാവേലിക്കര സ്റ്റേഷനിലെ സീനിയർ സി പി ഓ മാരായ സിനു വർഗ്ഗീസ്, പ്രതാപ് മോനാൻ, പ്രസന്നകുമാരി സി പി ഓ മാരായ മനു, ഗോപകുമാർ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.