മാവൂർ: നിപ്പയിൽ ഉറവിടം കണ്ടെത്താൻ ശ്രമം തുടരുന്നു. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിൽ വായോളി അബൂബക്കറിന്റെയും വാഹിദയുടെയും ഏകമകനായ മുഹമ്മദ് ഹാഷിം (12) നിപ ബാധിച്ച് മരിച്ചതിലൂടെ ആ കുടുംബത്തിന്റെ പ്രതീക്ഷകളാണ് ഇല്ലാതായത്. പി.ടി.എം.എച്ച്.എസ്.എസിലെ എട്ടാംതരം വിദ്യാർത്ഥിയായ ഹാഷിം പഠനത്തിലും മിടുക്കനായിരുന്നു. അടുത്തറിയുന്നവരോടെല്ലാം സൗമ്യമായി ഇടപഴകുന്ന മുഹമ്മദ് ഹാഷിം പാഴൂരുകാർക്ക് പ്രിയപ്പെട്ട കുട്ടിയായിരുന്നു.

മകനെ പഠിപ്പിച്ച് നല്ലനിലയിലെത്തിക്കുക എന്നതായിരുന്നു തെങ്ങുകയറ്റ തൊഴിലാളിയായ അബൂബക്കറിന്റെ ലക്ഷ്യം. അസുഖം വരുന്നതിന്റെ തലേദിവസംവരെ തങ്ങളോടൊത്ത് കളിക്കാനുംമറ്റുമുണ്ടായിരുന്ന മുഹമ്മദ് ഹാഷിമിന്റെ മരണം കൂട്ടുകാർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. മകനെ അവസാനമായൊന്ന് കാണാൻപോലും കഴിയാത്ത അബൂബക്കറിനെയും വാഹിദയെയും ആശ്വസിപ്പിക്കാനും ആർക്കും കഴിയുന്നില്ല. ഇരുവരും ഇപ്പോൾ നിരീക്ഷണത്തിലാണ്. കുട്ടിയുടെ അടുത്തിടപെഴുകിയവരെല്ലാം ആശങ്കയിലാണ്. ഇനിയുള്ള നിപ്പാ പരിശോധനാ ഫലവും നിർണ്ണായകമാകും.

ഹാഷിമിന്റെ മൃതദേഹം പ്രോട്ടോകോൾ പാലിച്ച് കണ്ണംപറമ്പിലാണ് കബറടക്കിയത്. സ്വകാര്യ ആശുപത്രിയിൽനിന്ന് ആരോഗ്യപ്രവർത്തർ മൃതദേഹം ഏറ്റുവാങ്ങി കണ്ണംപറമ്പിലെത്തിച്ച് പ്രാർത്ഥനചൊല്ലി അന്ത്യയാത്രയേകി. കുട്ടിയുടെ ബന്ധുക്കളും പ്രാർത്ഥനയിൽ പങ്കെടുത്തു. ഞായറാഴ്ചയായിരുന്നു കബറടക്കം. അതിനിടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഗവ. ഗസ്റ്റ് ഹൗസിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നിരുന്നു. ഇവിടേക്ക് ദിവസവും നിരവധി കോളുകളാണ് വരുന്നത്. ഇതിൽ നിപ്പ രോഗലക്ഷണമുള്ളവരെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാകുന്നുണ്ട്. നമ്പർ: 0495 2382500, 2382800.

ആദ്യ നിപ്പാ ബാധയെ അടിസ്ഥാനമാക്കി വൈറസ് എന്ന സിനിമ ഇറങ്ങിയിരുന്നു. സിനിമയിൽ രോഗ ഉറവിടം കണ്ടെത്തിയെങ്കിലും 2018ൽ 21 പേരുടെ മരണത്തിനിടയാക്കിയ നിപ വൈറസ് ബാധയുടെ ഉറവിടം ഇപ്പോഴും അജ്ഞാതമാണ് എന്നതാണ് വസ്തുത. രോഗം പൊട്ടിപ്പുറപ്പെട്ട പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കടയ്ക്കു സമീപത്തുനിന്നുള്ള പ്രദേശത്തുനിന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐ.സി.എം.ആർ.) നടത്തിയ പരിശോധനയിൽ പിടികൂടിയ 10 വവ്വാലുകളിൽ നിപ വൈറസ് കണ്ടെത്തിയിരുന്നു. അതേ വൈറസാണ് മനുഷ്യരിലും കണ്ടെത്തിയതെങ്കിലും അവയിൽനിന്നാണോ ആദ്യം മരിച്ച സൂപ്പിക്കടയിലെ മുഹമ്മദ് സാബിത്തിന് രോഗം ബാധിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല.

വവ്വാൽ കടിച്ച പഴം കഴിച്ചതുകൊണ്ടാവാം വൈറസ് ബാധയുണ്ടായതെന്ന നിഗമനം മാത്രമാണുള്ളത്. സാബിത്ത് രോഗം സ്ഥിരീകരിക്കുന്നതിനു മുൻപേ മരിച്ചതാണ് ആരോഗ്യ വകുപ്പിനു വെല്ലുവിളിയായത്. ഉറവിടം കണ്ടെത്താൻ വിദഗ്ധരുടെ സഹായത്തോടെ വിശദമായ എപ്പിഡെമിയോളജി (സാംക്രമിക രോഗ വിജ്ഞാനീയം) പഠനം നടത്തണമെന്ന് അന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ശുപാർശ ചെയ്തിരുന്നു. ആദ്യഘട്ടത്തിൽ ഐ.സി.എം.ആർ. പഠനം നടത്തിയെങ്കിലും ഉറവിടത്തെക്കുറിച്ചുള്ള തുടരന്വേഷണത്തിലേക്കു പോയില്ല. ഇതാണ് വീണ്ടും നിപ്പ കോഴിക്കോട്ട് എത്താനുള്ള കാരണം.

ഭാവിയിൽ ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന വൈറസായിട്ടാണ് നിപയെ കാണേണ്ടത്. അതുകൊണ്ട് കൃത്യമായ റൂട്ട് കണ്ടെത്തേണ്ടത് അത്യാവശ്യണ്. വവ്വാലിൽനിന്ന് നേരിട്ടാണോ പകർന്നത്, അതോ മനുഷ്യരുമായി ഇടപഴകുന്ന മറ്റേതെങ്കിലും ജീവിയിൽനിന്നാണോ എന്നൊക്കെ കണ്ടെത്തേണ്ടതുണ്ട്. ഞായറാഴ്ച മരിച്ച മുഹമ്മദ് ഹാഷിം റമ്പുട്ടാൻ പഴം കഴിച്ചതിൽനിന്നാവാം രോഗബാധിതനായതെന്ന് സംശയിക്കപ്പെടുന്നു. പക്ഷേ, സ്ഥിരീകരിക്കാൻ വിശദപഠനം വേണ്ടിവരും. ഇത് കണ്ടെത്തുക വെല്ലുവിളി ഏറിയ കാര്യവുമാണ്. ഇതിന് ആരോഗ്യ സംവിധാനങ്ങൾ മുതിരുമോ എന്നതാണ് പ്രധാനം.

വൈറസ് ഉറവിടത്തെക്കുറിച്ച് വീണ്ടും വിശദപഠനം നടത്താൻ ഐ.സി.എം.ആറിന്റെ നിർദ്ദേശം ലഭിച്ചതായി ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി മേധാവിയും ശാസ്ത്രജ്ഞനുമായ ഡോ. എ.പി. സുഗുണൻ പറഞ്ഞു. പേരാമ്പ്രയിലെ പഠനത്തിലും ഉറവിടത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. അതുകൂടി പഠിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.