കോഴിക്കോട്: നിപ്പയിൽ ഹൈ റിസ്‌ക് കാറ്റഗറിയിലുള്ള എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. രോഗ ലക്ഷണമുണ്ടായിരുന്നവരുടെ പരിശോധനാ ഫലമാണ് പുറത്തു വരുന്നത്. ഇതിൽ മരിച്ച കുട്ടിയുടെ അച്ഛനും അമ്മയും ചികിൽസിച്ച ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. കുട്ടിയുടെ അമ്മയുടെ പനിയും കുറഞ്ഞു. ഇത് നിപ്പകാരണമല്ലെന്ന് സ്ഥിരീകരിക്കുമ്പോൾ വലിയ രോഗ വ്യാപനം ഉണ്ടായില്ലെന്ന സൂചനയാണ് പുറത്തു വരുന്നത്. കോഴിക്കോടും ഇന്ന് മുതൽ പരിശോധന നടത്തും.

നിപാ രോഗലക്ഷണമുള്ളവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതിനാലും പകർച്ച തടയാൻ പഴുതടച്ച സുരക്ഷ ഒരുക്കിയതിനാലും വൈറസ് വ്യാപനം കൂടാനിടയില്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ വിലയിരുത്തുന്നു. മരിച്ച മുഹമ്മദ് ഹാഷിമിന്റെ ഉമ്മയുൾപ്പെടെ രോഗ ലക്ഷണമുള്ള 11 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഹൈ റിസ്‌ക് വിഭാഗത്തിലുള്ള ഇവരുടെ പരിശോധനാ ഫലം ആശ്വാസമാണഅ. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.

സമ്പർക്ക പട്ടികയിൽ 251 പേരുണ്ട്. ഇതിൽ 129 പേർ ആരോഗ്യ പ്രവർത്തകരാണ്. 38 പേർ ചികിത്സയിലാണ്. ഹൈറിസ്‌ക് വിഭാഗത്തിൽ 54 പേരുണ്ട്. രോഗ ലക്ഷണമുള്ളവരിൽ എട്ടു പേരുടെ സാമ്പിളുകൾ പുണെ വൈറോളജി ലാബിലേക്ക് അയച്ചു. കോഴിക്കോടിനു പുറമെ മലപ്പുറം, കണ്ണൂർ സ്വദേശികളായ ആരോഗ്യ പ്രവർത്തകരും ഐസൊലേഷനിലുണ്ട്. ഇവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. രോഗ്യവ്യാപനം കണ്ടെത്താനും തടയാനുമായി ഇ- ഹെൽത്ത് പോർട്ടൽ തുടങ്ങി. കോഴിക്കോട്ടെ 317 ആരോഗ്യ പ്രവർത്തകർക്ക് ഓൺലൈനായി നിപാ പ്രതിരോധ പ്രവർത്തനത്തിൽ പരിശീലനം നൽകി.

ഓസ്‌ട്രേലിയയിൽ നിന്ന് മോണോക്ലോണൽ ആന്റി ബോഡി രണ്ടു ദിവസത്തിനുള്ളിൽ എത്തിക്കുമെന്ന് ഐസിഎംആർ ഉറപ്പു നൽകിയിട്ടുണ്ട്. മരിച്ച കുട്ടിയുടെ വീടിന്റെ പരിസരത്ത് മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും ചേർന്ന് പരിശോധിച്ചു. പഴംതീനി വവ്വാലുകൾ വരുന്ന രണ്ട് റമ്പൂട്ടാൻ മരങ്ങളും പ്രദേശത്ത് വവ്വാലുകളുടെ കേന്ദ്രവും കണ്ടെത്തി. രോഗം കണ്ടുപിടിക്കാനും ചികിത്സ വേഗത്തിലാക്കാനുമുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിപാ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാൽ 48 മണിക്കൂർ കോഴിക്കാട് താലൂക്കിൽ കോവിഡ് വാക്‌സിനേഷൻ നിർത്തിവയ്ക്കും. എന്നാൽ ആന്റിജൻ, ആർടിപിസിആർ പരിശോധന നടക്കും.

നിപാ രോഗബാധ സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ യുദ്ധകാലാടിസ്ഥാനത്തിൽ വൈറോളജി ലാബ് ക്രമീകരിച്ചു. പുണെ വൈറോളജി ലാബിൽനിന്ന് ഫലം ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കി എളുപ്പത്തിൽ ചികിത്സ ഉറപ്പാക്കാനാണിത്. പോയിന്റ് ഓഫ് കെയർ (ട്രൂനാറ്റ്) പരിശോധനയും ആർടിപിസിആർ പരിശോധനയും നടത്താനും സൗകര്യമുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അഭ്യർത്ഥനയെ തുടർന്ന് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പ്രത്യേക സംഘമെത്തിയാണ് ലാബ് സജ്ജീകരിച്ചത്.

സംസ്ഥാനത്ത് നിപ വൈറസ് വീണ്ടും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ് നിപ മാനേജ്മെന്റ് പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ജില്ലയും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ പ്രത്യേക നിപ മാനേജ്മെന്റ് പ്ലാൻ ജില്ലകൾ തയ്യാറാക്കണം. എൻസെഫലൈറ്റിസ് രോഗബാധിതരെ നിരീക്ഷിക്കും. പുതുക്കിയ ചികിത്സാ മാർഗരേഖയും ഡിസ്ചാർജ് ഗൈഡ്ലൈനും പുറത്തിറക്കി. സ്വകാര്യ ആശുപത്രികളും ഇത് പാലിക്കണം.

സംസ്ഥാന-ജില്ലാ ആശുപത്രികൾ ഏകോപിപ്പിച്ചാണ് നിപ മാനേജ്മെന്റ് പ്ലാൻ. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡിസാസ്റ്റർ മാനേജ്മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എന്നിവർ ചേർന്നതാണ് സംസ്ഥാന സമിതി. ജില്ലാ വികസന മാനേജ്മെന്റ് അഥോറിറ്റിയും പ്രത്യേക സബ്ജറ്റ് കമ്മിറ്റികളും ചേർന്നതാണ് ജില്ലാതല സമിതി. നിരീക്ഷണം, പരിശോധന, രോഗികളുടെ പരിചരണം എന്നിവയാണ് പ്രധാനം. രോഗികളുമായി ബന്ധപ്പെട്ടവരുടെ പട്ടികതയ്യാറാക്കലും ക്വാറന്റീനും നടത്തണം. ദിവസവും ഏകോപന യോഗങ്ങൾ നടത്തി വിശദാംശങ്ങൾ മാധ്യമങ്ങളെ അറിയിക്കും.

ആരോഗ്യ-ഫീൽഡ്തല പ്രവർത്തകർ, സർക്കാർ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ എന്നിവർക്ക് വിദഗ്ധ പരിശീലനം ഉറപ്പാക്കും. മരുന്നുകളും അവശ്യസാമഗ്രികളുടെയും ലഭ്യതയും ഉറപ്പാക്കും. കേന്ദ്രവും മറ്റിതര വകുപ്പുകളുമായുള്ള ബന്ധം, ഭരണപരമായ പ്രവർത്തനങ്ങൾ, കൺട്രോൾ റൂം എന്നിവയ്ക്കായി മാനേജ്മെന്റ് ഏകോപനവും ഉണ്ടാകും.