തൃശൂർ: ഭിന്നശേഷി ചികിത്സാ പുനരധിവാസ മേഖലയിൽ സ്തുത്യർഹമായ പ്രവർത്തനം നടത്തുന്ന ഇരിങ്ങാലക്കുടയ്ക്ക് സമീപം കല്ലേറ്റുംകരയിൽ സ്ഥിതി ചെയ്യുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനെ (എൻഐപിഎംആർ) ഫെബ്രുവരി 6-ന് മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കും. എൻഐപിഎംആർ ആസ്ഥാനത്ത് രാവിലെ 10.30-ന് നടക്കുന്ന ചടങ്ങിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി പ്രഖ്യാപനം നടത്തും. ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി കെ.കെ. ശൈലജ ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

പുനരധിവാസ ചികിത്സ മേഖലയിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യയും വൈദഗ്ധ്യവുമുള്ള സ്ഥാപനമാണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള എൻഐപിഎംആർ. അത്യാധുനിക സൗകര്യങ്ങളുള്ള സ്‌പൈനൽ ഇൻജുറി റീഹാബിലിറ്റേഷൻ യൂണിറ്റ്, അക്വാട്ടിക് റീഹാബിലിറ്റേഷൻ സെന്റർ, ആർട്ട് എബിലിറ്റി സെന്റർ, ഇയർമോൾഡ് ലാബ്, കോൾ ആൻഡ് കണക്ട്- ഇൻഫർമേഷൻ ഗേറ്റ് വേ ഫോർ ഡിഫറന്റ്‌ലി ഏബിൾഡ്, പ്രോസ്‌തെറ്റിക്‌സ് ആൻഡ് ഓർത്തോടിക്‌സ് യൂണിറ്റ്, സെൻസറി പാർക്ക്, സെൻസറി ഗാർഡൻ, വെർച്ച്വൽ റീഹാബിലിറ്റേഷൻ യൂണിറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളും പുതിയ തെറാപ്പി സംവിധാനങ്ങളും ഏർപ്പെടുത്തികൊണ്ടാണ് ഭിന്നശേഷി പുനരധിവാസ മേഖലയിലെ മികവിന്റെ കേന്ദ്രമായി സ്ഥാപനം വളർന്നത്.

ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയതായി പണികഴിപ്പിച്ച അക്വാട്ടിക് റീഹാബിലിറ്റേഷൻ സെന്റർ, സെന്റർ ഫോർ മൊബിലിറ്റി ആൻഡ് അസിസ്റ്റിവ് ടെക്‌നോളജി (സി-മാറ്റ്) എന്നിവയുടെ ഉദ്ഘാടനം മന്ത്രി ശ്രീമതി കെ.കെ. ശൈലജയും സ്‌പൈനൽ ഇൻജ്യുറി റീഹാബിലിറ്റേഷൻ യൂണിറ്റിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും നിർവഹിക്കും. ആർട്ട് എബിലിറ്റി സെന്ററിന്റെ ഉദ്ഘാടനം ശ്രീ. ടി.എൻ. പ്രതാപൻ എംപിയും അക്കാദമിക് പ്രോഗ്രാമുകളുടെ ഉദ്ഘാടനവും ഒക്യുപേഷണൽ തെറാപ്പി കോളേജിന്റെ തറക്കല്ലിടലും ബഹു. ഇരിങ്ങാലക്കുട എംഎൽഎ പ്രൊഫ. കെ. അരുണനും വൊക്കേഷണൽ റീഹാബിലിറ്റേഷൻ യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.കെ. ഡേവിസ് മാസ്റ്ററും ഇയർമോൾഡ് ലാബിന്റെ ഉദ്ഘാടനം സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ മിസ്. ഷീബ ജോർജ് ഐഎഎസ് -ഉം ഹെൽത്ത് ഇൻഫോനെറ്റ്- സെന്റ് സ്റ്റീഫൻ കോളേജ്, ഉഴവൂർ, ഐസിയുഡിഎസ്- മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എന്നിവയുടെ സഹകരണത്തോടെ ആരംഭിക്കുന്ന കോൾ ആൻഡ് കണക്ട്- ഇൻഫർമേഷൻ ഗേറ്റ് വേ ഫോർ ഡിഫറന്റ്‌ലി ഏബിൾഡിന്റെ ഉദ്ഘാടനം തൃശൂർ ജില്ലാ കളക്ടർ ശ്രീ. എ. ഷാനവാസ് ഐഎഎസ്-ഉം നിർവഹിക്കും.

പരിപാടിയോട് അനുബന്ധിച്ച് ഒക്യുപേഷണൽ തെറാപ്പി കോഴ്‌സിന് ക്ലിനിക്കൽ പരിശീലനം നൽകുന്നത് സംബന്ധിച്ച ധാരണപത്രം ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റൽ പ്രസിഡന്റ് ശ്രീ. എംപി. ജാക്‌സൺ കൈമാറും. ഭിന്നശേഷി സഹായ ഉപകരണ നിർമ്മാണ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവഹിക്കും. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ശ്രീ. ബിജു പ്രഭാകർ ഐഎഎസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സന്ധ്യ നൈസൻ, ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ആർ. ജോജോ തുടങ്ങി മറ്റ് ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിക്കും.

എൻ.കെ. മാത്യു ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയിരുന്ന ത്രേസ്യാമ്മ മെമോറിയൽ ഹോസ്പിറ്റൽ സർക്കാർ ഏറ്റെടുത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ എന്ന് പുനർനാമകരണം ചെയ്തതിന് ശേഷം അഭൂതപൂർവമായ വികസനമാണ് സ്ഥാപനത്തിൽ ഉണ്ടായിരിക്കുന്നതെന്ന് എൻഐപിഎംആർ എക്‌സിക്യുട്ടിവ് ഡയറക്ടർ ഡോ. ബി. മുഹമ്മദ് അഷീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻഐപിഎംആർ ജോയിന്റ് ഡയറക്ടർ ശ്രീ. സി. ചന്ദ്രബാബു, സോഷ്യൽ സെക്യൂറിറ്റി മിഷൻ റീജിയണൽ ഡയറക്ടർ രാഹുൽ യു.ആർ, ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ആർ. ജോജോ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.