കോഴിക്കോട്: നടൻ സന്തോഷ് പണ്ഡിറ്റുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സിനിമ ടെലിവിഷൻ താരമായ നിർമ്മൽ പാലാഴി.പരിപാടിയിൽ നിന്നും പിന്മാറുന്നതായി അറിയിച്ചിരിക്കുകയാണ് നടൻ നിർമൽ പാലാഴി. തനിക്ക് ലഭിച്ച ഒരു മെസേജ് പങ്കുവച്ചു കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. താൻ ആരേയും അധിക്ഷേപിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഇനി ആ ഷോയിൽ സ്‌കിറ്റ് ചെയ്യാൻ അല്ലാതെ ചാറ്റിനോ ഗെയിം ചെയ്യാനോ പോകില്ല എന്നും നിർമൽ പാലാഴി പറഞ്ഞു.

''നീ കോഴിക്കോടുകാരൻ അല്ലേ. ഒരാളെ വിളിച്ച് വരുത്തി അപമാനിച്ചു വിട്ടപ്പോ നിനക്ക് സന്തോഷം ആയോ. നീയൊക്കെ എവിടുന്ന് നിന്നാ തുടങ്ങിയത് എന്ന് നിനക്ക് ഓർമ്മയുണ്ടോടാ. തൊലി വെളുത്ത രണ്ട് പെണ്ണുങ്ങളെ കണ്ടപ്പോ നിനക്കൊക്കെ അവരുടെ മുന്നിൽ സ്റ്റാർ ആകാൻ വേണ്ടി പണ്ഡിറ്റിനെ നീയൊക്കെ കൂടെ അപമാനിച്ചു വിട്ടു അല്ലേ. നിന്റെ പ്രോഗ്രാം ഇവിടെ ഉണ്ടാകും. നീ വേഗം വാ ട്ടാ'', എന്നായിരുന്നു മെസേജ്.എന്നായിരുന്നു നിർമ്മലിന് ലഭിച്ച മെസേജ്.

ഇതിന് മറുപടിയായാണ് നിർമ്മൽ പാലാഴിയുടെ മറുപടി..''രണ്ട് വർഷമായി എല്ലാവരെയും പോലെ കലാകാരന്മാരുടെയും അവസ്ഥ മോശം ആണ്, അതുകൊണ്ട് തന്നെ ഒരു പ്രോഗ്രാമിൽ പോയി പങ്കെടുത്തു. ആ ഷോ ഒരു ചാറ്റ് ഷോ ആയതുകൊണ്ട് മിണ്ടാതെ ഇരിക്കുവാൻ പറ്റില്ല. മിണ്ടാതെ ഇരിക്കുവാൻ അല്ല അവർ എന്നെ വിളിക്കുന്നത്, എന്നിട്ട് പോലും ഞാൻ ആ ഷോയിൽ എന്റെ സ്‌കിറ്റിൽ സ്റ്റാർസ് ഇമ്മിറ്റെഷനിൽ അല്ലാതെ ഞാൻ ഒന്നിലും ആക്റ്റീവ് അല്ലായിരുന്നു, അത് എപ്പിസോഡ് കണ്ട സുഹൃത്തുക്കൾക്ക് അറിയാം.പിന്നെ ഒരു ഷോ ആകുമ്പോൾ മരം പോലെ നിൽക്കുവാൻ ആവില്ല പറ്റുന്ന പോലെ അതിൽ കൂടേണ്ടി വരും. അതിനാണ് അവർ ക്യാഷ് തരുന്നത്. ആരെയും മനഃപൂർവം കളിയാക്കിയിട്ടോ അപമാനിച്ചിട്ടോ ഇല്ല. അങ്ങനെ ഒരു ശീലവും ഇല്ല.

കൊട്ടാരം കെട്ടാനോ സമ്പാദിച്ചു കൂട്ടാനോ അല്ല, ഏത് ഒരു സാധാരണക്കാരനെയും പോലെ എന്നെ വിശ്വസിച്ചു കൂടെ നിൽക്കുന്ന കുടുംബത്തിനെ നോക്കണം.ഞാൻ ഒരാളെയും അറിഞ്ഞുകൊണ്ട് ഒന്നും പറഞ്ഞിട്ടില്ല, പറയുകയും ഇല്ല. ഇങ്ങനെയുള്ള മെസേജുകൾ ഒരുപാട് ആയി വരുന്നു. 20വർഷമായി പ്രോഗ്രാം അവതരിപ്പിക്കുന്നു ആദ്യമായിട്ടാണ് ഇങ്ങനെയും ഇതിൽ അപ്പുറവും കേൾക്കുന്നത്.എന്റെ ജീവിത വരുമാനം ആണ്. അത് ശരിക്കും അറിഞ്ഞിട്ടു കൊണ്ട് തന്നെ പറയട്ടെ ആരെയും വേദനിപ്പിക്കുവാനായി ഞാൻ ഇനി ആ ഷോയിൽ സ്‌കിറ്റ് ചെയ്യാൻ അല്ലാതെ ചാറ്റിനോ ഗെയിം ചെയ്യാനോ പോവുന്നില്ല.

'പിന്നെ പ്രബീഷിനോട് മാത്രം, കോഴിക്കോട്കാരൻ തന്നെയാണ്. നീ അതല്ല എന്നും അറിയാം. എവിടെ പോയാലും തിരിച്ചു വരാൻ ഉള്ള സ്ഥലവും. കോഴിക്കോട്ടേക്ക് തന്നെ നീ വാ ട്ടോ.. എന്ന് ഭീഷണി മുഴക്കിയതുകൊണ്ട് ഒരു കാര്യം പറയട്ടെ, ഞാൻ എവിടെയാ വരേണ്ടത് നിന്റെ വീട്ടിൽ വരണോ...? വരാം തലയിൽ കയറി അങ്ങോട്ട് നിരങ്ങല്ലേ...'

സ്‌കിറ്റിനും ഇമിറ്റേഷനും സപ്പോർട്ട് ചെയ്ത എന്നെ സ്നേഹിക്കുന്നവർക്ക് ഒരായിരം നന്ദി.എന്നായിരുന്നു നിർമ്മൽ നൽകിയ മറുപടി.

ഒരു സ്വകാര്യ ചാനൽ അവരുടെ കോമഡി പരിപാടിയിലേക്ക് വിളിച്ചുവരുത്തി തന്നെ അപാനിച്ചെന്ന പരാതിയുമായി കഴിഞ്ഞ ദിവസം നടൻ സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരുന്നു.അതിഥിയായി ചെന്ന പരിപാടിയിൽവെച്ച് തന്നെ മറ്റ് അതിഥികൾ അപമാനിക്കുകയായിരുന്നെന്നും ഇത് പരിപാടിയുടെ ഡയറക്ടർ ഉൾപ്പടെയുള്ളവർ തടഞ്ഞില്ല എന്നുമായിരുന്നു സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്.

തന്നെ മനഃപൂർവ്വം അപമാനിക്കുന്നതിനായാണ് അങ്ങനെ ചെയ്തതെന്ന് സംശയിക്കുന്നുണ്ടെന്ന് പറഞ്ഞ പണ്ഡിറ്റ് ഇനിയെങ്കിലും റേറ്റിംഗിനുവേണ്ടി ഇത്തരം പ്രവർത്തികൾ ആവർത്തിക്കരുതെന്നും പറഞ്ഞിരുന്നു. സംഭവത്തിൽ പരിപാടിക്കെതിരെയും പരിപാടിയിൽ പങ്കെടുത്ത മറ്റു താരങ്ങൾക്കെതിരെയും വിമർശനമുയരുകയും ചെയ്തിരുന്നു.