ന്യൂഡൽഹി: രാജ്യത്തെ ഇന്ധനവിലയിൽ ഇളവുകൾ നൽകാത്തതിന്റെ കാരണം വ്യക്തമാക്കി ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. മുൻ സർക്കാരിന്റെ ഓയിൽ ബോണ്ട് ബാധ്യത ഇല്ലായിരുന്നെങ്കിൽ ഇന്ധനവിലയിൽ കേന്ദ്ര സർക്കാരിന് ഇളവുകൾ നൽകാനാകുമായിരുന്നു.

മന്മോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ ഇറക്കിയ ഓയിൽ ബോണ്ടുകളാണ് തിരിച്ചടിയായത്. ഉയർന്ന ഇന്ധനവിലയിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ വിശദമായ ചർച്ച നടത്താതെ മറ്റൊരു പരിഹാരമില്ലെന്ന് നിർമലാ സീതാരമൻ പറഞ്ഞു.

'യുപിഎ സർക്കാരിന്റെ 1.4 ലക്ഷം കോടിയുടെ ഓയിൽ ബോണ്ടുകൾ ഞാൻ ഏറ്റെടുത്തില്ലായിരുന്നെങ്കിൽ പെട്രോളിയം വിലവർധനവിൽ ആശ്വാസം നൽകുാമായിരുന്നു' പെട്രോളിനും ഡീസലിനും എന്തുകൊണ്ട് എക്സൈസ് തീരുവ കുറക്കുന്നില്ലെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.

'യുപിഎ സർക്കാരിന്റെ വഞ്ചനയ്ക്ക് ഞങ്ങളുടെ സർക്കാരാണ് പണം നൽകുന്നത്. ഒരു ലക്ഷത്തിലധികം കോടിയുടെ ഓയിൽ ബോണ്ടുകൾ യു.പി.എ സർക്കാർ ഇറക്കി. ഇതിന്മേൽ കഴിഞ്ഞ ഏഴ് സാമ്പത്തിക വർഷങ്ങളിൽ തങ്ങളുടെ സർക്കാർ 9000 കോടി രൂപയിലധികം പലിശ പ്രതിവർഷം അടയ്ക്കുന്നുവെന്നു-'നിർമല പറഞ്ഞു.

സർക്കാരിന്റെ വരുമാനനില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ധനവിലയുമായി ഇത് താരതമ്യപ്പെടുത്താനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു. മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. ഉയർന്ന വരുമാനനിലയും പ്രധാന സൂചകങ്ങളിലെ ഉയർച്ചയും സ്ഥിതിഗതകൾ മെച്ചപ്പെടുത്തുന്നുണ്ട്. രാജ്യത്തെ ബാങ്കുകളും ലാഭം രേഖപ്പെടുത്തി.

പൊതുമേഖല ബാങ്കുകൾ 31,000 കോടിയുടെ ലാഭവും 58,000 കോടിയുടെ മൂലധനവും സ്വരൂപിച്ചു. ഉത്സവകാലങ്ങൾ സാമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കലിന് നിർണായകമാകുമെന്നും ധനകാര്യ മന്ത്രി പറഞ്ഞു.