തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ അവസാന നാളുകളിൽ സഖാക്കൾക്ക് പിൻവാതിൽ നിയമനം വഴി സർക്കാർ ഉദ്യോ​ഗം ഉറപ്പാക്കുന്ന തിരക്കിലാണ്. എന്നാൽ, തങ്ങൾ ഇപ്പോൾ സ്ഥിരപ്പെടുത്തുന്നതിൽ യുഡിഎഫ് ഭരണകാലത്ത് താത്ക്കാലിക ജീവനക്കാരായി കയറിയവരും ഉണ്ടെന്ന ന്യായീകരണമാണ് സിപിഎം ഉയർത്തുന്നത്. എന്നാൽ, സ്ഥിരപ്പെടുന്ന ഭൂരിപക്ഷം താത്ക്കാലിക ജീവനക്കാരും കഴിഞ്ഞ വി എസ് അച്ചുതാനന്ദൻ സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ടലരാണ്. സംസ്ഥാന സർക്കാരിനു കീഴിലെ സ്ഥാപനമായ നിർമ്മിതി കേന്ദ്രയിൽ സർക്കാർ സ്ഥിരപ്പെടുത്തിയ 16 പേരും വി എസ് സർക്കാരിന്റെ കാലത്താണ് ജോലിയിൽ പ്രവേശിച്ചത്. ധനവകുപ്പിന്റെ എതിർപ്പിനെ പോലും മറികടന്നാണ് നിർമ്മിതി കേന്ദ്രയിലെ സ്ഥിരപ്പെടുത്തൽ എന്നതാണ് ഏറെ രസകരം.

നിർമ്മിതി കേന്ദ്രയിലെ സ്ഥിരപ്പെടുത്തലിനെ ധനവകുപ്പ് കർശനമായി തടഞ്ഞെങ്കിലും നിർമ്മിതി കേന്ദ്രയ്ക്ക് ജീവനക്കാരെ സ്വന്തമായി സ്ഥിരപ്പെടുത്താൻ കഴിയുമെന്നു വാദിച്ചാണ് 16 പേരെയും സ്ഥിരപ്പെടുത്തി ഉത്തരവിറക്കിയിരിക്കുന്നത്.ഇതിനു പുറമേ ഓയിൽപാം ഇന്ത്യയിൽ 11, കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡിൽ 5, മണ്ണുത്തി ബയോലാബിൽ 5, ഉന്നത വിദ്യാഭ്യാസ കൗൺസിലിൽ 3, വനിതാ കമ്മിഷനിൽ 3 എന്നിങ്ങനെയും താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തി.

കൊല്ലം യുണൈറ്റഡ് ഇലക്ട്രിക്കൽസ്, കണ്ണൂർ ഹാൻഡ്‌ലൂം ടെക്നോളജീസ്, ഖാദി ക്ഷേമനിധി ബോർഡ്, കേപ് എൻജിനീയറിങ് കോളജ്, പുന്നപ്ര സഹകരണ ആശുപത്രി, വന വികസന കോർപറേഷൻ എന്നിവിടങ്ങളിലും സ്ഥിരപ്പെടുത്താൻ തീരുമാനിച്ചെങ്കിലും വിശദാംശങ്ങൾ രഹസ്യമാക്കി വച്ചിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലും കമ്മിഷനുകളിലും വകുപ്പുകളിലും ജോലി ചെയ്യുന്ന താൽക്കാലികക്കാരെ മുഴുവൻ സ്ഥിരപ്പെടുത്താൻ തന്നെയാണു സർക്കാർ തീരുമാനം. പാർട്ടിക്കും നേതാക്കൾക്കും വേണ്ടപ്പെട്ട ഇവർ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായി പ്രചാരണത്തിനിറങ്ങുമെന്നും സ്ഥിരപ്പെടുത്താതിരുന്നാൽ പ്രചാരണത്തിൽ നിസ്സഹകരിക്കുമെന്നുമാണ് ട്രേഡ് യൂണിയനുകൾ മന്ത്രിമാരെ അറിയിച്ചിരിക്കുന്നത്.

സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റിലും (ഐഎച്ച്ആർഡി) മാനദണ്ഡങ്ങൾ ലംഘിച്ച് സ്ഥിരപ്പെടുത്തലിനുള്ള നീക്കമുണ്ട്. 79 ലാസ്റ്റ്ഗ്രേഡ് ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനൊപ്പം ഡ്രൈവർ ഉൾപ്പെടെ ഒട്ടേറെ തസ്തികളിൽപെട്ടവരെയും സ്ഥിരപ്പെടുത്തലിനു പരിഗണിക്കുന്നു. ഐഎച്ച്ആർഡിയുടെ പല സെന്ററുകളിലും ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ സ്റ്റാഫ് പാറ്റേണിന്റെ മൂന്നിരട്ടി ജീവനക്കാരാണ് വർഷങ്ങളായി ജോലി ചെയ്യുന്നത്. ഇപ്പോൾ 24 ലാസ്റ്റ് ഗ്രേഡ് തസ്തികകളാണ് ഒഴിവുള്ളത്. ഈ തസ്തികയിൽ 79 പേരാണ് സ്ഥിരപ്പെടുത്തലിനു കാത്തുനിൽക്കുന്നത്.

പിൻവാതിൽ നിയമനത്തിനെതിരെ ഉദ്യോഗാർഥികൾ സമരം നടത്തുന്നതിനിടെ കേരള സർവകലാശാലയിൽ 65 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം. ഇതു പരിശോധിച്ച സമിതിയുടെ റിപ്പോർട്ട് ഇന്നു ചേരുന്ന സിൻഡിക്കറ്റ് യോഗം പരിഗണിക്കും. സർവകലാശാലകളിലെ അനധ്യാപക നിയമനങ്ങൾ പിഎസ്‌സിക്കു വിട്ടുവെങ്കിലും ലൈബ്രറി അസിസ്റ്റന്റ്, ഡ്രൈവർ, ബൈൻഡർ, സെക്യൂരിറ്റി ഓഫിസർ, കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികകളിൽ ജോലി ചെയ്യുന്നവരെയാണു സ്ഥിരപ്പെടുത്തുന്നത്. കരാർ അടിസ്ഥാനത്തിലും ദിവസക്കൂലിക്കും 10 വർഷവും അതിൽ താഴെയും ജോലി ചെയ്തവർ കൂട്ടത്തിലുണ്ട്.

ഇവരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു നിവേദനം ലഭിച്ചതിനെ തുടർന്ന് ഇക്കാര്യം പഠിക്കാൻ മൂന്നംഗ സമിതിയെ സിൻഡിക്കറ്റ് ചുമതലപ്പെടുത്തിയിരുന്നു. നിയമനങ്ങൾ പിഎസ്‌സിക്കു വിട്ടെങ്കിലും ഈ തസ്തികകളുടെ സ്പെഷൽ റൂൾ തയാറായിട്ടില്ലെന്ന പഴുത് ഉപയോഗിച്ചു സ്ഥിരപ്പെടുത്താനാണു നീക്കം.കാലിക്കറ്റ് സർവകലാശാലയിൽ ഇതേ രീതിയിൽ സ്ഥിരപ്പെടുത്തിയത് കോടതി സ്റ്റേ ചെയ്തിരുന്നു.

ഈ സർക്കാർ ഇതുവരെ എത്ര താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ മുഖ്യമന്ത്രി വീണ്ടും ഒഴിഞ്ഞുമാറി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 5910 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയെന്ന കണക്ക് മുഖ്യമന്ത്രി വ്യക്തമാക്കിയപ്പോഴാണ് ഈ സർക്കാരിന്റെ കാലത്തെ കണക്ക് ആരാഞ്ഞത്.നിയമന ശുപാർശ നൽകിയവരെയെല്ലാം ഉൾപ്പെടുത്തിയുള്ള കണക്കിനൊപ്പം നിയമനം നൽകിയവരുടെ മാത്രം കണക്കു ചോദിച്ചപ്പോഴും വ്യക്തമാക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞെങ്കിലും വിശദീകരണം ഉണ്ടായില്ല.

കേരളം കാത്തിരിക്കുന്നത് ഇന്നത്തെ മന്ത്രിസഭാ തീരുമാനം‌

നിയമന വിവാദങ്ങൾക്കിടെ ഇന്ന് വീണ്ടും മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. കൂടുതൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം മന്ത്രിസഭയുടെ പരി​ഗണനയിലാണ്. ഹൈക്കോടതി ഇടപെടൽ ഉണ്ടായതോടെ കേരള ബാങ്ക് സ്ഥിരപ്പെടുത്തലിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട് പോയിട്ടുണ്ട്. എന്നാൽ മറ്റ് നിരവധി സർക്കാർ സ്ഥാപനങ്ങളിലെയും സ്ഥിരപ്പെടുത്തൽ ഫയലുകൾ മന്ത്രിസഭയ്ക്ക് മുന്നിൽ ഇന്നെത്തും. പത്തു വർഷമായവരെ മാനുഷിക പരിഗണന നൽകിയാണ് സ്ഥിരപ്പെടുത്തുന്നതെന്ന വാദത്തിൽ സർക്കാർ ഉറച്ചു നിൽക്കുകയാണ്.