ന്യൂഡൽഹി: എൽഎൻജി, സിഎൻജി, എഥനോൾ പോലുള്ള സമാന്തര ഇന്ധനങ്ങളുടെ ഉപയോഗം പെട്രോൾ വില വർധന സംബന്ധിച്ച പ്രക്ഷോഭങ്ങൾക്ക് അറുതി വരുത്തുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. രാജ്യത്തെ ആദ്യത്തെ വ്യാവസായികമായുള്ള എൽഎൻജി ഫില്ലിങ് യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. പെട്രോളിനെ അപേക്ഷിച്ച് വാഹനങ്ങളിൽ എഥനോൾ ഇന്ധനമായി ഉപയോഗിക്കുന്നത് ഓരോ ലിറ്ററിനും ചുരുങ്ങിയത് ഇരുപത് രൂപയെങ്കിലും ലാഭമുണ്ടാക്കുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു.

ഫ്‌ളെക്‌സ് ഫ്യൂവൽ എൻജിനുകൾക്കായുള്ള നയം കൊണ്ടുവരാനൊരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. ഓട്ടോമൊബൈൽ നിർമ്മാതാക്കൾക്ക് ഇത്തരം എൻജിനുകൾ നിർമ്മിക്കാൻ പ്രോത്സാഹനം നൽകുന്ന നയങ്ങളാവും ഇതെന്നും മന്ത്രി വിശദമാക്കി. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന് ശക്തമായ വെല്ലുവിളി സൃഷ്ടിക്കാനാവും എഥനോൾ, മെഥനോൾ, ബയോ സിഎൻജി എന്നിവയ്‌ക്കെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു. പെട്രോളിയം, പ്രകൃതി വാതകം തുടങ്ങിയ മേഖലയെ സ്വകാര്യവൽക്കരിക്കണമെന്ന് സർക്കാരിനോട് നിതിൻ ഗഡ്കരി ആവശ്യപ്പെട്ടു.

സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കാനായാണ് കഴിഞ്ഞ വ്രഷം വലിയ രീതിയിലുള്ള പെട്രോൾ ഡീസൽ റീട്ടെയിൽ മാർക്കെറ്റിങ് മാനദണ്ഡങ്ങളിൽ ഇളവുവരുത്തിയിട്ടുള്ളത്. എൽഎൻജി പോലെ ശുചിത്വമുള്ള ഇന്ധനങ്ങൾക്ക് രാജ്യത്ത് നല്ല ഭാവിയുണ്ടെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ഇന്ധനവില വീണ്ടും കൂടി. രാജ്യത്ത് പെട്രോൾ വില 28 പൈസ കൂട്ടി. ഡീസൽ വിലയിൽ ഏറെക്കാലത്തിന് ശേഷം ഇന്ന് കുറവുണ്ടായി.