ന്യൂഡൽഹി: ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ പ്രകടനം അടിസ്ഥാനമാക്കി നീതി ആയോഗ് തയാറാക്കിയ സൂചികയിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. 2019-20 വർഷത്തെ ദേശീയ ആരോഗ്യ സൂചികയാണ് നീതി ആയോഗ് പുറത്തിറക്കിയത്. ഉത്തർപ്രദേശ് ആണ് പട്ടികയിൽ ഏറ്റവും പിന്നിൽ.

ആരോഗ്യ രംഗത്തെ പ്രകടനം മെച്ചപ്പെടുത്താൻ സംസ്ഥാനങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൂചിക പ്രസിദ്ധീകരിക്കുന്നതെന്ന് നീതി ആയോഗ് ട്വീറ്റ് ചെയ്തു. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും ഇടയിൽ ആരോഗ്യകരമായ മത്സരത്തിനും ഇതു സഹായകമാവുമെന്ന് ട്വീറ്റിൽ പറയുന്നു.

കേരളത്തിനു പിന്നിലായി തമിഴ്‌നാട് രണ്ടാംസ്ഥാനത്തും തെലങ്കാന മൂന്നാം സ്ഥാനത്തും എത്തി. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ മിസോറം ആണ് ഒന്നാമത്. ലോകബാങ്കിന്റെ സാങ്കേതിക സഹായത്തോടെയും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ സഹകരണത്തോടെയുമാണ് റിപ്പോർട്ട് തയാറാക്കിയത്.