പട്‌ന: ബിഹാർ മുഖ്യമന്ത്രിയായി ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറിനെ എൻഡിഎ തിരഞ്ഞെടുത്തു. തുടർച്ചയായി നാലാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയാകുന്നത്. നിയമസഭ സാമാജികരായി തിരഞ്ഞെടുക്കപ്പെട്ടവരുമായി എൻഡിഎ നടത്തിയ യോഗത്തിനു ശേഷമാണ് തീരുമാനം. ബിജെപിയുടെ സുശീൽ മോദി ഉപമുഖ്യമന്ത്രിയായി തുടരും.

ബിഹാർ മുഖ്യമന്ത്രിയാകാൻ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ആരാകുമെന്ന് എൻഡിഎ നേതൃത്വം തീരുമാനിക്കുമെന്നും നിതീഷ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ജനവിധി എൻഡിഎയ്‌ക്കൊപ്പമാണെന്നും ജെഡിയു നേതൃയോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു. സഖ്യകക്ഷിയായ ബിജെപിക്കാണ് ജെഡിയുവിനേക്കാൾ സീറ്റ് കിട്ടിയത്.

അതേസമയം, മഹാസഖ്യത്തിന് അനുകൂലമായ ജനവിധി ബിജെപി അട്ടിമറിച്ചുവെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒത്താശയോടെ ബിജെപി വോട്ടെണ്ണൽ അട്ടിമറിച്ചു. വളരെ കുറച്ച് വോട്ടിനാണ് 20 സീറ്റുകൾ ആർജെഡിക്ക് നഷ്ടമായത്. തപാൽവോട്ടുകൾ എണ്ണിയതിൽ ക്രമക്കേടുണ്ട്. 900 ത്തോളം തപാൽവോട്ട് അസാധുവാക്കിയെന്നും അദ്ദേഹം പറഞ്ഞു.