പട്‌ന: വിഷമദ്യ ദുരന്തത്തെ തുടർന്നു ബിഹാർ സർക്കാർ മദ്യ നിരോധന നയം പുനഃപരിശോധിക്കുന്നു. ഒരാഴ്ചയ്ക്കിടെ അൻപതിലേറെ പേർ വിഷമദ്യം കഴിച്ചു മരിച്ച സാഹചര്യത്തിലാണിത്. മദ്യ നിരോധന നയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി നിതീഷ് കുമാർ 16ന് ഉന്നതതല യോഗം വിളിച്ചു.

നിതീഷ് കുമാർ സർക്കാരിന്റെ മദ്യനിരോധന നയവും നിയമവും പരാജയപ്പെട്ടതായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തി. വിഷമദ്യ ദുരന്തത്തിനിടയാക്കിയ മദ്യനിരോധന നയം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭരണകക്ഷിയായ ബിജെപിയും നിതീഷ് കുമാറിന്റെ നയത്തെ പരോക്ഷമായി വിമർശിച്ചു. പൊലീസിന്റെ സഹായത്തോടെയാണ് ചമ്പാരൻ മേഖലയിൽ വ്യാജമദ്യ വിൽപന നടക്കുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്‌സ്വാൾ കുറ്റപ്പെടുത്തി. മദ്യനിരോധനത്തിനായി കർശന നിയമമുണ്ടെങ്കിലും ജനങ്ങൾ ബോധവാന്മാരല്ലെന്നു ജയ്‌സ്വാൾ പറഞ്ഞു.

ബിഹാറിൽ മദ്യനിരോധനം നിലവിലുണ്ടെങ്കിലും സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും വ്യാജമദ്യം സുലഭമാണ്. പൊലീസിന്റെ അറിവോടെയാണു മദ്യക്കടത്തും മദ്യവിൽപനയും നടക്കുന്നത്. വ്യാജ മദ്യ മാഫിയയ്‌ക്കെതിരെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥരും പൊലീസും തയാറാകാത്തതാണ് മദ്യനിരോധനം പരാജയപ്പെടാൻ കാരണം. സ്ത്രീകളുടെ പിന്തുണയാർജിക്കാനാണ് നിതീഷ് കുമാർ സർക്കാർ 2016 ഏപ്രിലിൽ ബിഹാറിൽ മദ്യനിരോധനം പ്രഖ്യാപിച്ചത്.