തൃശ്ശൂർ: കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ ഒരു വർഷം നഷ്ടപ്പെടാതെ അടുത്ത ക്ലാസിലേക്ക് പ്രവേശനം നടത്താനുള്ള നടപടികളിലേക്ക് വിദ്യാഭ്യാസ വകുപ്പ്. നിലവിൽ എട്ടാം ക്ലാസ് വരെയുള്ള എല്ലാവരേയും ജയിപ്പിക്കൽ ഒമ്പതിൽ കൂടി നടപ്പാക്കാനാണ് ആലോചന. ഇതോടെ ഒമ്പതു വരെയുള്ള ക്ലാസുകളിലെ വർഷാന്ത്യ പരീക്ഷ ഒഴിവാക്കും. വരുന്ന മാസങ്ങളിൽ കോവിഡ് വ്യാപനം കൂടുമെന്ന റിപ്പോർട്ടുകൾ കൂടി കണക്കിലെടുത്താണ് ഇക്കൊല്ലത്തെ ക്ലാസ് കയറ്റം വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.അധ്യയന വർഷം നഷ്ടപ്പെടാതെ വിദ്യാർത്ഥി സൗഹൃദമായ നടപടികളായിരിക്കും കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തിൽ ഉണ്ടാവുക. ഇതു സംബന്ധിച്ച് നയപരമായ തീരുമാനം സർക്കാരിൽ നിന്നുണ്ടാവുമെന്നും എസ്.സി.ഇ.ആർ.ടി വ്യക്തമാക്കി.

11-ാം ക്ലാസിൽ സംസ്ഥാനത്ത് പൊതു പരീക്ഷയായതിനാൽ , അതിന്റെ കാര്യത്തിൽ എന്തു ചെയ്യണമെന്നത് കുറച്ചു കൂടി വിശദമായ ചർച്ചയ്ക്കു ശേഷം മാത്രമെ തീരുമാനം ഉണ്ടാവൂ. ഹയർസെക്കൻഡറിക്ക് രണ്ടു വർഷത്തേയും പരീക്ഷയുടെ മാർക്ക് പരിഗണിക്കുന്ന അപൂർവം സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.സി.ബി.എസ്.ഇ. യിൽ പന്ത്രണ്ടാം ക്ലാസിലെ പരീക്ഷയുടെ മാർക്കാണ് അന്തിമമായി എടുക്കുന്നത്.കോവിഡ് പശ്ചാത്തലത്തിൽ ഇക്കൊല്ലം 11-ാം ക്ലാസിലെ പരീക്ഷ ഒഴിവാക്കണോ എന്നത് നിയമവശം കൂടി പരിഗണിച്ച ശേഷമേ തീരുമാനിക്കൂ. അടുത്ത ജൂണിൽ സ്‌കൂൾ തുറക്കാനായാൽ അപ്പോൾ പ്ലസ് വണ്ണിന്റെ പരീക്ഷ നടത്താനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്.

നിരന്തര മൂല്യനിർണയം, പാദാന്ത പരീക്ഷ എന്നിങ്ങനെ കുട്ടിയുടെ പഠനനിലവാരത്തെ അളക്കാൻ രണ്ടുതരം ഉപാധികളാണ് നലവിൽ അവലംബിച്ചു വന്നിരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ സ്‌കൂൾ തുറക്കാത്തതിനാൽ പാദാന്ത പരീക്ഷ നടത്തുക സാധ്യമല്ല. ഓൺലൈൻ സംവിധാനത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് പരീക്ഷ നടത്താനും പ്രായോഗിക തടസ്സങ്ങളുണ്ട്. എന്നാൽ അധ്യയന വർഷത്തിന്റെ തുടക്കം മുതൽ നടന്നു വന്ന ഓൺലൈൻ ക്ലാസുകളുടെ അടിസ്ഥാനത്തിൽ കുട്ടികളെ വിലയിരുത്തി നിരന്തര മൂല്യനിർണയം അദ്ധ്യാപകർ നടത്താനുള്ള നിർദേശമാണ് ക്ലാസ് കയറ്റത്തിനുള്ള ഉപാധിയായി ഉയർന്നു വരുന്നത്.

പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള വർക്ക് ബുക്കുകൾ വിദ്യാർത്ഥികളിൽ എത്തിച്ച്, അതിലെ പ്രവർത്തനങ്ങൾ നടത്തി തിരിച്ചു വാങ്ങി നിരന്തര മൂല്യ നിർണയത്തിനുള്ള ആലോചനകളും നടക്കുന്നുണ്ട്.സംസ്ഥാനത്തെ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലെ എല്ലാ കുട്ടികളുടേയും കൈവശം ഒന്നാം ടേമിലെ വർക്ക് ബുക്കുകൾ എത്തിച്ചിരുന്നു. സമഗ്ര ശിക്ഷ അഭിയാൻ വഴിയാണ് വർക്ക് ബുക്കുകൾ എത്തിച്ചത്. അദ്ധ്യാപകർ ഇത് കുട്ടികളിൽ എത്തിച്ച് എഴുതി വാങ്ങിയിരുന്നു. ഇതുപോലുള്ള പ്രവർത്തനം വരും മാസങ്ങളിൽ ഒമ്പതു വരെയുള്ള ക്ലാസുകളിലും നടത്താനാണ് ആലോചിക്കുന്നത്.