കൊച്ചി: തൃക്കാക്കര നഗരസഭ അധ്യക്ഷയ്ക്കെതിരെ അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകി എൽഡിഎഫ്. അവിശ്വാസ പ്രമേയത്തിലൂടെ തൃക്കാക്കരയിലെ യുഡിഎഫ് ഭരണം അവസാനിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് എൽഡിഎഫ് നീക്കങ്ങൾ. 17 എൽഡിഎഫ് കൗൺസിലർമാരും ഒരു സ്വതന്ത്രനും ഒപ്പുവച്ച അവിശ്വാസപ്രമേയ നോട്ടിസ് റീജണൽ ജോയിന്റ് ഡയറക്ടർക്ക് കൈമാറി.

ഓണത്തിന് കൗൺസിലർമാർക്ക് പണക്കിഴി കൊടുത്തുവെന്ന വിവാദത്തിൽ അധ്യക്ഷ അജിത തങ്കപ്പനെതിരെ നടത്തുന്ന പ്രക്ഷോഭങ്ങളുടെ തുടർച്ചയാണ് ഈ നീക്കം. അധ്യക്ഷ രാജിവയ്ക്കും വരെ സമരവുമായി മുന്നോട്ടു പോകാനാണ് എൽഡിഎഫിന്റെ തീരുമാനം. പണക്കിഴി വിവാദത്തിൽ കോൺഗ്രസിനുള്ളിൽ പ്രതിസന്ധിയുണ്ടെന്നും ഇതു മുതലാക്കി അവിശ്വാസപ്രമേയം പാസാക്കിയെടുക്കാൻ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് പ്രതിപക്ഷം.

അവിശ്വാസം പാസാക്കാൻ ആരുടെ പിന്തുണയും സ്വീകരിക്കുമെന്ന് സിപിഎം തൃക്കാക്കര മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി കെ.ടി.എൽദോ പറഞ്ഞു. അഴിമതിക്ക് കൂട്ടുനിൽക്കാത്ത മുഴുവൻ കൗൺസിലർമാരും അവിശ്വാസത്തെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുമുന്നണികൾക്കും ഭൂരിപക്ഷമില്ലാത്ത തൃക്കാക്കര നഗരസഭയിൽ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം നേടിയത്.

പണക്കിഴി വിവാദത്തിൽ നഗരസഭാ അധ്യക്ഷയ്ക്കെതിരെ ആരോപണവുമായി ഏതാനും യുഡിഎഫ് കൗൺസിലർമാരും രംഗത്തെത്തിയിരുന്നു. ഇവരുടെ കൂടി പിന്തുണയോടെ അവിശ്വാസം പാസാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. എന്നാൽ അവിശ്വാസപ്രമേയം ഭീഷണിയാകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് ഭരണസമിതി. പണക്കിഴി വിവാദത്തിൽ യുഡിഎഫ് കൗൺസിലർമാരുടെ അഭിപ്രായഭിന്നത പറഞ്ഞുതീർക്കാൻ ഡിസിസിയും ഇടപെട്ടിട്ടുണ്ട്.