ജനീവ: ചൈനയിലെ വുഹാനിൽ പ്രവർത്തിക്കുന്ന ലബോറട്ടറിയിൽ നിന്നാണ് കോറോണ വൈറസിന്റെ ഉത്ഭവം എന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതമെന്ന് ലോകാരോ​ഗ്യ സംഘടന. വൈറസ് ലാബോറട്ടറിയിൽ നിന്ന് പടർന്നതാണെന്നതിന് നിലവിൽ തെളിവുകളൊന്നുമില്ലെന്നാണ് ലോകാരോഗ്യസംഘടന ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ചൈനയിൽ സന്ദർശനം നടത്തിയ വിദഗ്ധരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വൈറസ് ചൈനീസ് ലാബിൽ നിന്ന് ചോർന്നതാണെന്ന ഗൂഢാലോചനാ സിദ്ധാന്തത്തെ സംഘം തള്ളി. മറിച്ച് ചൈനയിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ നടക്കുന്ന വന്യജീവി വ്യാപാരമായിരിക്കാം മഹാമാരിക്ക് കാരണമായതെന്നാണ് വിദഗ്ധരുടെ അനുമാനം. ഒരുമാസം നീണ്ടുനിന്ന അന്വേഷണമാണ് വിദഗ്ധരുടെ സംഘം നടത്തിയത്. എന്നാൽ അന്വേഷണത്തിൽ വൈറസിനെ മനഃപൂർവം സൃഷ്ടിച്ചതാണെന്ന് തെളിയിക്കാനുള്ള യാതൊരു തെളിവുകളും തങ്ങൾക്ക് ലഭിച്ചില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

വുഹാനിലെ വെറ്റ് മാർക്കറ്റും വൈറസുകളെ വഹിക്കുന്ന വവ്വാലുകളുള്ള പ്രദേശങ്ങളും തമ്മിലുള്ള ഒരു 'ലിങ്ക്' തങ്ങൾക്ക് കണ്ടെത്താനായതായും വിദഗ്ദ്ധർ പറയുന്നു. ചൈനയിൽ ആദ്യം കോവിഡ് ബാധ സ്ഥിരീകരിക്കുന്നത് മാർക്കറ്റിലെത്തിയവർക്കാണ്. ഹ്വാനൻ മാർക്കറ്റിന് സമീപമുള്ള മൂന്ന് ലാബോറട്ടറികളിൽ തങ്ങൾ സന്ദർശനം നടത്തിയതായി യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്റർ റോട്ടർഡാമിലെ വൈറോസയൻസ് മേധാവി മരിയോൺ കൂപ്മാൻ പറഞ്ഞു. മിഷൻ വുഹാൻ ദൗത്യവുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക റിപ്പോർട്ട് അടുത്ത ആഴ്ച അന്വേഷണസംഘം പ്രസിദ്ധീകരിക്കും.

കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട 2020 ജനുവരി മുതൽ കേൾക്കുന്നതാണ്, പ്രകൃതിയിൽനിന്നുണ്ടായ വൈറസ് അല്ല ഇതെന്നും മനുഷ്യനിർമ്മിതം ആണെന്നും. ഈ ഗൂഢാലോചനാ സിദ്ധാന്തം ശരിയാണെന്ന തരത്തിൽ ലോകമെമ്പാടും വ്യാപകമായി സ്വീകരിക്കപ്പെട്ടു, ചർച്ച ചെയ്തു. ഇരുമ്പുമറയ്ക്കുള്ളിൽ കഴിയുന്ന രാജ്യമായതിനാൽ ചൈനയാണു വൈറസിനെ സൃഷ്ടിച്ചതെന്ന സന്ദേശങ്ങൾ ‘ആധികാരികമായി' തന്നെ ഇന്റർനെറ്റിൽ നിറഞ്ഞു. ചൈനയിലെയും പശ്ചാത്യ രാജ്യങ്ങളിലെയും ശാസ്ത്രജ്ഞർ പലകുറി തെളിവുസഹിതം തള്ളിയിട്ടും ഈ അഭ്യൂഹം ഇപ്പോഴും പ്രചരിക്കുന്നു.

വവ്വാലുകളിൽ രൂപം കൊള്ളുകയും എങ്ങനെയോ മനുഷ്യനിലേക്കു സംക്രമിക്കുകയും ചെയ്ത വൈറസ് ആണ് കോവിഡ് 19 എന്നാണ് ഭൂരിപക്ഷ ശാസ്ത്രജ്ഞരുടെയും വാദം. സാർസ് രോഗം പോലെയുള്ള സാംക്രമിക രോഗമായാണു കൊറോണയെ കാണുന്നത്. രോഗം ബാധിക്കുന്ന രാജ്യങ്ങളുടെയും മരിക്കുന്നവരുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ‘മനുഷ്യനിർമ്മിത വൈറസ്' അഭ്യൂഹ പ്രചാരണത്തിന്റെ വ്യാപ്തിയും നിയന്ത്രണാതീതമായി.