ന്യൂ‍ഡൽഹി: ഈയിടെ പുറത്തിറക്കിയ ത്രൈമാസ റിപ്പോർട്ടിൽ ജിഡിപി വളർച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞത് ആശങ്കാജനകമാണെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. സാമ്പത്തിക രം​ഗത്തെ സർക്കാരിന്റെ നിസ്സം​ഗത ഭയപ്പെടുത്തുന്നതാണെന്നും അർത്ഥവത്തായ നടപടികൾ സ്വീകരിച്ച് സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാതിരിക്കുന്നത് സ്വയം പരാജയപ്പെടുത്തുന്ന തന്ത്രമാണെന്ന് തെളിയിക്കുമെന്ന് ലിങ്ക്ഡ്ഇൻ പോസ്റ്റിൽ രാജൻ വ്യക്തമാക്കി. സർക്കാർ നൽകുന്ന ദുരിതാശ്വാസ നടപടികൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നുണ്ടെന്നും എന്നാൽ അവ വളരെ തുച്ഛമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ വർഷം ആദ്യപാദത്തിൽ തന്നെ 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയത് രാജ്യത്തിനുള്ള മുന്നറിയിപ്പാണ്. ജി.ഡി.പി കണക്കുകൾ പരിഷ്‌കരിക്കുന്നത് അസംഘടിതമേഖലയിലെ നഷ്ടം വർധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നടപ്പ് സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യപാദത്തിൽ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ 23.9 ശതമാനം ഇടിവാണ് ജി.ഡി.പിയിലുണ്ടായിട്ടുള്ളത്. പ്രതിസന്ധി മറികടക്കുന്നതിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കോവിഡ് പാക്കേജുകളൊന്നും കാര്യമായ ഫലം കണ്ടില്ലെന്നാണ് വിലയിരുത്തൽ.

1996മുതൽ ഇന്ത്യ ത്രൈമാസ ജി.ഡി.പി കണക്കുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിന് ശേഷം സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്.2019- 20 സാമ്പത്തിക വർഷത്തിൽ ഒന്നാം പാദത്തിൽ ജി.ഡിപി 35.35 ലക്ഷം കോടിയായിരുന്നത് 2020 – 21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെത്തിയപ്പോൾ 26.90 ലക്ഷം കോടിയായി ചുരുങ്ങി. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.

സമ്പദ് വ്യവസ്ഥയെ നിലനിർത്തുന്നതിന് സർക്കാർ പ്രഖ്യാപിക്കുന്ന ആശ്വാസപദ്ധതികൾ അനിവാര്യമാണെന്നും രഘുറാം രാജൻ പറഞ്ഞു. സർക്കാരിന്റെ സമീപനം മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ ധനപരമായ നടപടികൾ പ്രഖ്യാപിക്കാൻ വിമുഖത കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സമാശ്വാസ പദ്ധതികൾ പ്രഖ്യാപിച്ചില്ലെങ്കിൽ രാജ്യത്തിന്റെ വളർച്ചാനിരക്ക് തകർന്നടിയുമെന്ന സൂചനയും അദ്ദേഹം നൽകി.