ബംഗളൂരു: ഒമിക്രോൺ വകഭേദത്തിന്റെ ഭീതി നിലനിൽക്കുന്നതിനിടെ കർണാടകയിൽ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾ തള്ളി കർണാടക സർക്കാർ. നിലവിൽ ലോക്ഡൗൺ ഏർപ്പെടുത്താനുള്ള നിർദ്ദേശം സർക്കാറിന് മുമ്പാകെ ഇല്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ആരോഗ്യമന്ത്രി ഡോ. കെ. സുധാകറും പറഞ്ഞു.

ബംഗളൂരുവിലെത്തിയ ദക്ഷിണാഫ്രിക്കൻ പൗരന്മാരിലൊരാളിൽ സ്ഥിരീകരിച്ചത് ഡെൽറ്റ വകഭേദമല്ലെന്ന വാർത്തകൾക്കിടെയാണ് കർണാടകയിൽ വീണ്ടും ലോക്ഡൗൺ ഉണ്ടാകുമെന്നതരത്തിൽ പ്രചാരണമുണ്ടായത്.പുതിയ ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും വിദേശത്തുനിന്ന് വരുന്ന യാത്രക്കാരെ വിമാനത്താവളത്തിൽനിന്ന് കോവിഡ് നെഗറ്റിവായശേഷം മാത്രമേ ബംഗളൂരുവിൽ പ്രവേശിപ്പിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

കേരളത്തിൽനിന്ന് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമായി വരുന്ന വിദ്യാർത്ഥികളെ ഏഴാം ദിവസം വീണ്ടും പരിശോധനക്ക് വിധേയമാക്കുമെന്നും സ്‌കൂളുകളിലും കോളജുകളിലും നിരീക്ഷണം തുടരുമെന്നും അടച്ചുപൂട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ കോവിഡ് വ്യാപനത്തിൽ കുറവില്ലാത്തതിനാൽ കേരളത്തിൽനിന്നുള്ള യാത്രക്കാരെ പരിശോധിക്കാനുള്ള സംവിധാനം അതിർത്തി ചെക്ക്‌പോസ്റ്റുകളിലും ബസ്‌സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഒരുക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.