കൊച്ചി: പട്ടയഭൂമിയിൽ ചെറുകിട വ്യവസായങ്ങളും മറ്റും നടത്തി ജീവിക്കുന്നവർക്ക് തിരിച്ചടിയായി സർക്കാർ തീരുമാനം. സംസ്ഥാനമൊട്ടാകെ പട്ടയഭൂമിയിൽ മറ്റു നിർമ്മാണങ്ങൾ പാടില്ലെന്ന നിർദേശമാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് ചെറുകിട വ്യവസായം അടക്കം നടത്തി ജീവിച്ചു വന്നവരെ സാരമായി ബാധിക്കും. ഇടുക്കി ജില്ലയിലെ ഹോം സ്‌റ്റേഷകൾക്കും ചെറുകിട റിസോർട്ടുകൾക്കും തിരിച്ചടിയാകുന്നതാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ ഉത്തരവ്.

പട്ടയ ഭൂമിയിൽ ഭൂപതിവു ചട്ടങ്ങൾ ലംഘിച്ചുള്ള നിർമ്മാണങ്ങൾ സർക്കാർ വിലക്കി കൊണ്ടാണ് സർക്കാർ തീരുമാനം വന്നിരിക്കുന്നത്. ഭൂമി എന്താവശ്യത്തിനു പതിച്ചു നൽകിയതാണെന്നു കൈവശ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയതു പരിശോധിച്ചു മാത്രമേ നിർമ്മാണ പെർമിറ്റ് അനുവദിക്കാൻ പാടുള്ളൂ എന്നു തദ്ദേശ വകുപ്പ് ഉത്തരവിറക്കി. ഭൂമി എന്തെങ്കിലും പ്രത്യേകാവശ്യത്തിനു പതിച്ചു നൽകിയതാണോ എന്നു വില്ലേജ് ഓഫിസർ പരിശോധിച്ച് കൈവശ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തണമെന്നു റവന്യു വകുപ്പും ഉത്തരവിറക്കി. ഉത്തരവുകളുടെ പകർപ്പ് സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി.

പട്ടയഭൂമി കൃഷിക്കും വീടിനും അനുബന്ധ ആവശ്യങ്ങൾക്കും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നാണു നിലവിലുള്ള വ്യവസ്ഥ. റവന്യു അധികാരികൾ അനുവദിക്കുന്ന കൈവശ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്ന വിവരം പരിശോധിച്ച ശേഷമേ ഇനി നിർമ്മാണ പെർമിറ്റ് നൽകൂ. പട്ടയഭൂമിയിൽ ചെറുകിട വ്യവസായങ്ങൾക്കും മറ്റുമായി നിർമ്മാണങ്ങൾ നടത്താനുള്ള പെർമിറ്റ് അപേക്ഷകളെ ഇതു ബാധിക്കും. ഇടുക്കി പോലുള്ള ജില്ലയിൽ ടൂറിസവുമായി ബന്ധപ്പെട്ട പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് പട്ടയഭൂമിയിലാണ്. ഇത്തരം സ്ഥാപനങ്ങൾ പുതതായി തുടങ്ങുന്നതിന് ഇനി വിലക്കായേക്കും.

റവന്യു പ്രിൻസിപ്പൽ സെക്രട്ടറി കഴിഞ്ഞ ഡിസംബർ 2നാണ് ഉത്തരവിട്ടത്. ഇതിന്റെ ചുവടുപിടിച്ചാണ് തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഫെബ്രുവരി 22ലെ ഉത്തരവ്. തുടർനടപടികൾക്കായി എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ സെക്രട്ടറിമാർക്കും ഉത്തരവ് അയച്ചു നൽകി.

സംസ്ഥാനമൊട്ടാകെ പട്ടയ ഭൂമിയിൽ അനധികൃത നിർമ്മാണങ്ങൾ തടയാൻ നടപടിയെടുക്കണമെന്നു ഹൈക്കോടതിയും സുപ്രീംകോടതിയും കർശന നിർദ്ദേശം നൽകിയിരുന്നു. എന്നിട്ടും സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജിയിലാണു റവന്യു, തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറിമാരുടെ ഉത്തരവുകൾ സർക്കാർ ഹാജരാക്കിയത്. ഉത്തരവിറക്കിയ പശ്ചാത്തലത്തിൽ കേസ് അവസാനിപ്പിക്കണമെന്നു സ്റ്റേറ്റ് അറ്റോർണി കെ. വി. സോഹൻ കോടതിയിൽ ആവശ്യപ്പെട്ടു.