തിരുവനന്തപുരം: സംസ്ഥാനത്ത് തിയേറ്ററുകളിൽ പത്തു മണിക്ക് ശേഷം പ്രദർശനം അനുവദിക്കില്ല. ഓമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ തിയേറ്ററുകളിൽ രാത്രി പത്തു മണിക്ക് ശേഷം പ്രദർശനം നടത്തരുതെന്ന് സർക്കാർ അറിയിച്ചു.

കോവിഡ് കാലത്ത് അടച്ച തീയറ്ററുകൾ പലതും അടുത്തകാലത്താണ് തുറന്നത്. അടുത്തിടെ ചില സൂപ്പർ താര ചിത്രങ്ങളുടെ ഫാൻ ഷോകൾ അർധരാത്രിയും പുലർച്ചെയും വിവിധ കേന്ദ്രങ്ങളിൽ നടന്നിരുന്നു. ഓമിക്രോൺ പശ്ചാത്തലത്തിലാണ് പുതുവർഷ ആഘോഷങ്ങൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം തീരുമാനിച്ചിരുന്നു.

പുതുവർഷ ആഘോഷങ്ങളും രാത്രി പത്തിന് ശേഷം വിലക്കിയിട്ടുണ്ട്. ഇതോടെയാണ് തിയേറ്ററുകളും നിയന്ത്രണ പരിധിയിൽ വന്നത്.