കോഴിക്കോട്​: സമസ്​ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച് യുഡിഎഫ് സ്ഥാനാർത്ഥികൾ. കോഴിക്കോട്​ സൗത്ത്​ മണ്ഡലം യു.ഡി.എഫ്​ സ്​ഥാനാർഥി അഡ്വ. നൂർബിന റഷീദും നോർത്ത്​ മണ്ഡലം സ്​ഥാനാർഥി കെ.എം. അഭിജിത്തുമാണ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച് അനു​ഗ്രഹം തേടിയത്. ഇരുവരും വലിയ ഭൂരിപക്ഷത്തിൽ വിജയിക്ക​ട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

രാജ്യത്തി​ന്റെ നന്മയും ക്ഷേമവും ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്ന്​ ഇരുവരോടും അദ്ദേഹം ആവശ്യപ്പെട്ടു. അകൽച്ചയുണ്ടാക്കുന്ന പ്രവർത്തനങ്ങളുണ്ടാകരുത്​. ന്യൂനപക്ഷ ക്ഷേമത്തി​ന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകണം. എം.കെ. രാഘവൻ എംപിയും സ്​ഥാനാർഥികൾക്കൊപ്പമുണ്ടായിരുന്നു.കോഴിക്കോട്​ ഖാദി മുഹമ്മദ്​കോയ തങ്ങൾ ജമലുല്ലൈലിയും സന്നിഹിതനായിരുന്നു.

നേരത്തെ ലീഗിഗ്​ വനിത സ്​ഥാനാർഥിയെ മത്സരിപ്പിക്കുന്നതു സംബന്ധിച്ച്​ വിവാദമുണ്ടായിരുന്നു. എന്നാൽ, തങ്ങളെ ഇതിലേക്ക്​ വലിച്ചിഴക്കേണ്ടെന്ന്​ സമസ്​ത നേതാക്കൾ വ്യക്​തമാക്കിയതോടെ ലീഗിൽ കാൽ നൂറ്റാണ്ടിനു ശേഷമുണ്ടായ വനിത സ്​ഥാനാർഥിയാണ്​ നൂർബിന റഷീദ്​. നൂർബിനക്ക്​ വിജയമുണ്ടാക​ട്ടെ എന്ന്​ ജിഫ്രി തങ്ങൾ ആശംസിച്ചു.