ബംഗളൂരു: കേരള സർക്കാരിന്റെ നോർക്ക റൂട്ട്‌സിന്റെ സാന്ത്വന പദ്ധതിയിലൂടെ മൂന്നു പേർക്ക് രണ്ടര ലക്ഷം രൂപ അനുവദിച്ചു. അർബുദ ബാധയെത്തുടർന്ന് മരിച്ച സുൽത്താൻപാളയയിലെ പി.പി. പൗലോസിന്റെ ഭാര്യ ലക്ഷ്മി, ആനേക്കലിലെ പരേതനായ എസ്.ആർ. അനിൽകുമാറിന്റെ ഭാര്യ പ്രസീത എന്നിവർക്കാണ് ഒരുലക്ഷം രൂപ വീതം സഹായം നല്കിയത്. വൃക്കരോഗികൾക്കുള്ള ചികിത്സാസഹായമായി വിദ്യാരണ്യപുരം നിവാസി ബിജേഷ് കൃഷ്ണന് 50,000 രൂപയും സഹായമായി അനുവദിച്ചു.

വാർഷിക കുടുംബവരുമാനം ഒരുലക്ഷം രൂപയിൽ കവിയാത്ത, രണ്ടു വർഷത്തിലധികം കേരളത്തിനു പുറത്ത് താമസിക്കുന്ന മലയാളികൾക്കാണ് ധനസഹായം അനുവദിക്കുന്നത്. അർബുദം, ഹൃദയശസ്ത്രക്രിയ, വൃക്കരോഗം, പക്ഷാഘാതം എന്നിവയ്ക്ക് 50,000 രൂപ വരെയും മറ്റു രോഗങ്ങളുടെ ചികിത്സയ്ക്ക് മെഡിക്കൽ ബില്ലുകൾ പരിഗണിച്ച് 20,000 രൂപ വരെയുമാണ് സഹായം അനുവദിക്കുന്നത്. മരണാനന്തര സഹായമായി ഒരുലക്ഷം രൂപ വരെയും സഹായം അനുവദിക്കും.