തിരുവനന്തപുരം: സംസ്ഥാനത്ത് ഹണിട്രാപ്പിൽ പെട്ട് പണം നഷ്ടമായത് നൂറോളം പേരുടേത്. പലരും അപമാനം ഭയന്ന് സംഭവം പുറത്ത് പറയുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. തിരുവനന്തപുരം സ്വദേശിയായ യുവാവ് നൽകിയ പരാതിയിൽ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത ആദ്യ കേസ് അന്വേഷണവുമായി മുന്നോട്ട് പോകുമ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന തട്ടിപ്പിന്റെ വിവരങ്ങളാണ്. സമൂഹത്തിൽ ഉയർന്ന സ്ഥാനമാനങ്ങൾ ഉള്ളവരെയാണ് സംഘം കെണിയിൽ പെടുത്തുന്നത്. പുറത്തറിഞ്ഞാലുള്ള നാണക്കേട് ഓർത്ത് പലരും പണം നൽകി തലയൂരുകയാണ് പതിവ്.

കേരളത്തിൽ ആളുകളെ ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടുന്ന ഉത്തരേന്ത്യൻ ലോബി സജീവമാകുന്നതായാണ് പൊലീസ് പറയുന്നത്. സ്ത്രീകളെന്ന വ്യാജേന ഫേസ്‌ബുക്കിൽ സൗഹൃദം സ്ഥാപിച്ച ശേഷം വീഡിയോ കോളിലൂടെ നഗ്‌നചിത്രങ്ങൾ പകർത്തിയാണ് ഹൈടെക് സംഘം ഇരകളിൽ നിന്ന് പണം തട്ടുന്നത്. പെൺകുട്ടികളുടെ പേരും ചിത്രവുമുള്ള ഫേസ്‌ബുക്ക് അക്കൗണ്ടുകളിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ചുകൊണ്ടാണ് തട്ടിപ്പുകാർ പണി തുടങ്ങുന്നത്. സൗഹൃദാഭ്യർഥന അംഗീകരിക്കുന്നവർക്ക് പിന്നെ ഇൻബോക്‌സിൽ സന്ദേശങ്ങൾ വന്നു തുടങ്ങും. അശ്ലീല സംഭാഷണങ്ങളിലൂടെ അടുപ്പം സ്ഥാപിച്ചാൽ വീഡിയോ കോളിൽ നഗ്‌നത പ്രദർശിപ്പിച്ച് വിശ്വാസമാർജിക്കും.

ആകർഷകമായ ചിത്രങ്ങളുള്ള ഫേസ് ബുക്ക് പ്രൊഫൈലുകളിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റുകൾ അയയ്ക്കുന്നതാണ് തട്ടിപ്പിന്റെ ആദ്യ പടി. റിക്വസ്റ്റ് അംഗീകരിക്കുന്നതോടെ ഫേസ്‌ബുക്ക് മെസഞ്ചറിലൂടെ ചാറ്റിങ് തുടങ്ങും. പിന്നാലെ വാട്‌സാപ്പ്‌ നമ്പർ വാങ്ങും. വാട്‌സാപ്പിലൂടെയും തുടരുന്ന ചാറ്റിങ് വീഡിയോ കോളിലും അശ്ലീല സംഭാഷണങ്ങളിലുമെത്തും. പിന്നീടാണ സെക്സ് ചാറ്റിന്റെ പൊടിപൂരം. ഇത് പാരമ്യത്തിലെത്തുന്നതോടെ വീഡിയോ കോളിൽ അങ്ങേ തലയ്ക്കലുള്ള യുവതി ന​ഗ്നതാ പ്രദർശനം ആരംഭിക്കും.

പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ച് പുരുഷന്മാർ തന്നെയാണ് ഈ തട്ടിപ്പും നടത്തുന്നത്. സ്ത്രീകളാണ് മറുതലയ്ക്കലെന്ന് തെറ്റിദ്ധരിച്ച് പലരും സ്വന്തം നഗ്‌നദൃശ്യങ്ങളും പങ്കുവയ്ക്കും. ഈ ദൃശ്യങ്ങളുപയോഗിച്ചാണ് പിന്നെ വിലപേശൽ. പണം നൽകിയില്ലെങ്കിൽ വീഡിയോ കോൾ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിയാവും. ഈ ഭീഷണിയിൽ കുടുങ്ങിയവരുടെ പണമാണ് പോയത്.

സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ദൃശ്യങ്ങൾ അയച്ച് നൽകാതിരിക്കണമെങ്കിൽ പണം അയച്ച് നൽകാൻ ആവശ്യപ്പെടും. പണം നൽകാതിരിക്കുന്നവരെ ഭയപ്പെടുത്താൻ ദൃശ്യങ്ങൾ വിവിധ സമൂഹ മാധ്യമ സൈറ്റുകളിൽ അപ് ലോഡ് ചെയ്യുന്നു. ഇത്തരത്തിൽ നഗ്‌ന വീഡീയോ കോളിലേർപ്പെട്ട നൂറോളം പേരാണ് സംസ്ഥാനത്ത് തട്ടിപ്പു സംഘത്തിന്റെ ഇരകളായത്. അപമാനം ഭയന്ന് പരാതി പറയുന്നവർ കേസ് നൽകാൻ തയ്യാറാകുന്നില്ലെന്ന് പൊലീസ് പറയുന്നു. പണം നഷ്ടപ്പെട്ടവരിൽ ഏറെയും ഉന്നത സാമ്പത്തിക പശ്ചാത്തലമുള്ളവരാണെന്നതാണ് മറ്റൊരു പ്രത്യേകത. ഇതിനകം നൂറിലധികം പേർ കബളിപ്പിക്കപ്പെട്ടെന്ന് കണ്ടെത്തിയതോടെ സൈബർ പൊലീസ് അന്വേഷണം തുടങ്ങി.

കേസിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പു നടത്തുന്ന ഉത്തരേന്ത്യൻ ലോബിയെ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുകാരെ അറസ്റ്റ് ചെയ്യാൻ വിവിധ സംസ്ഥാനങ്ങളിലെ പൊലീസിന്റെ സഹായം കേരള പൊലീസ് തേടിയിട്ടുണ്ട്. അപരിചിതമായ ഫേസ്‌ബുക്ക് പ്രൊഫൈലുകളിൽ നിന്നെത്തുന്ന സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.