ടോക്കിയോ: പസഫിക്ക് മേഖല ലക്ഷ്യമിട്ട് ജപ്പാന്റെ സമുദ്രഭാഗത്ത് നിരോധിത ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ. രണ്ടു ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളാണ് വടക്കൻ കൊറിയ പരീക്ഷിച്ചത്. ജപ്പാന്റെ വാണിജ്യ കടൽപാതയ്ക്ക് തൊട്ടരികിലാണ് ബാലിസ്റ്റിക് മിസൈലുകൾ പതിച്ചത്. അന്താരാഷാട്ര സമൂഹം നിരോധിച്ച മിസൈൽ പരീക്ഷിച്ചത് അപലപിക്കുന്നതായി ജപ്പാനും ദക്ഷിണ കൊറിയയും ഒദ്യോഗിക പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. ബിബിസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ജപ്പാന്റെ അതിർത്തി ലക്ഷ്യമാക്കി നടന്ന മിസൈൽ പരീക്ഷണങ്ങളുടെ വിവരം തെക്കൻ കൊറിയയാണ് വിശദീകരിച്ചത്. ജപ്പാൻ ജനതയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ശക്തമായ നടപടികളിലേക്ക് ഭരണകൂടം കടക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. യാതൊരു പ്രകോപനവുമില്ലാത്ത സാഹചര്യത്തിൽ പെസഫിക് മേഖല കേന്ദ്രീകരിച്ചുള്ള വടക്കൻ കൊറിയയുടെ സൈനിക നീക്കം അത്യന്തം അപലപനീയമാണെന്നും ജപ്പാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ നോർത്തുകൊറിയ ആയുധ പരീക്ഷണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ആദ്യത്തെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണമാണിത്. വലിയ സ്ഫോടക ശക്തിയുള്ള ദീർഘ ദൂര മിസൈലുകളും മുൻപും നോർത്തുകൊറിയ പരീക്ഷിച്ചിരുന്നു.

എന്നാൽ മിസൈലിന്റെ അവശിഷ്ടങ്ങളൊന്നും തങ്ങളുടെ സമുദ്ര ഭാഗത്ത് കണ്ടെത്തിയിട്ടില്ലെന്നും ജപ്പാൻ വ്യക്തമാക്കി. നിരന്തരം ആയുധ പരീക്ഷണങ്ങൾ നടത്തി അയൽരാജങ്ങളെയും അന്താരാഷ്ട്ര സമൂഹത്തെയും ആശങ്കയിലാക്കുകയാണ് നോർത്തുകൊറിയയെന്ന് യുഎസ് പസഫിക് കമാൻഡ് വ്യക്തമാക്കി.

നേരത്തെ നോർത്തുകൊറിയൻ പൗരനായ ബിസിനസുകാരനെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അമേരിക്ക കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഹ്ര്യസ്വ ദൂര മിസൈൽ പരീക്ഷിക്കപ്പെട്ടത്. മലേഷ്യയാണ് ബിസിനസുകാരനായ മുണ്ണിനെ അമേരിക്കയ്ക്ക് കൈമാറിയത്. ഇതോടെ മലേഷ്യയുമായിട്ടുള്ള നയതന്ത്രം ബന്ധം അവസാനിക്കുന്നതായി നോർത്തുകൊറിയ അറിയിച്ചിരുന്നു.

കഴിഞ്ഞയാഴ്ച ചൈനയുടെ പ്രസിഡന്റ് ഷീ ജിങ് പിംഗും വടക്കൻ കൊറിയൻ ഭരണാധികാരി കീം ജോംഗ് ഉന്നും തമ്മിൽ കൂടിക്കാഴ്ച നടന്നിരുന്നു. ഇവർ തമ്മിൽ പ്രതിരോധ സഹകരണ ധാരണയിലെത്തിയതിന് പിന്നാലെയാണ് മിസൈൽ പരീക്ഷണം നടന്നത്. സൈനിക ശക്തികളായ ഇരുരാജ്യങ്ങളുടേയും തയ്യാറെടുപ്പ് മേഖലയിൽ അസ്വസ്ഥത വർദ്ധിപ്പിച്ചിരിക്കുകയാണ്. അത്യാധുനികവും ആണവ ശേഷിയുള്ളതുമായ ആയുധനിർമ്മാണത്തിനും വിപണനത്തിനുമാണ് ചൈന വടക്കൻ കൊറിയയുമായി ധാരണയിലെത്തിയത്.