ഓസ്ലോ: നോർവേ പൊതുതിരഞ്ഞെടുപ്പിൽ ഭരണം പിടിച്ചെടുത്ത് ഇടതുപക്ഷം. യൂനാസ് ഗാർ സ്റ്റോറെയുടെ നേതൃത്വത്തിൽ ലേബർ പാർട്ടിയും സഖ്യകക്ഷികളും കേവല ഭൂരിപക്ഷം ഉറപ്പിച്ചു. എട്ട് വർഷമായി ഭരിക്കുന്ന കൺസർവേറ്റീവ് പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേൽക്കേണ്ടിവന്നു.

വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ലേബർ പാർട്ടിക്ക് 48 സീറ്റും സെന്റർ പാട്ടിക്ക് 28ഉം സോഷ്യലിസ്റ്റ് ലെഫ്റ്റിന് 13ഉം സീറ്റാണുള്ളത്. 169 അംഗ പാർലമെന്റിൽ (സ്റ്റോർട്ടിങ്) ഭൂരിപക്ഷം നേടാൻ 84 സീറ്റ് മതിയെന്നിരിക്കെ സഖ്യത്തിന് 89 സീറ്റുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയായ റെഡ്ഡിന് ഏഴ് സീറ്റ് വർധിച്ച് എട്ടായി. ഗ്രീൻ പാർട്ടിക്ക് രണ്ട് കൂടി മൂന്നായി. പ്രധാനമന്ത്രി എർണ സോൾബെർഗിന്റെ കൺസർവേറ്റീവ് പാർട്ടി ഒമ്പത് സീറ്റ് നഷ്ടപ്പെട്ട് 36ൽ ഒതുങ്ങി.

സോഷ്യലിസ്റ്റ് ലെഫ്റ്റ്, സെന്റർ പാർട്ടി എന്നിവയുമായി ലേബർ പാർട്ടി സഖ്യ ചർച്ചകൾക്ക് തുടക്കമിട്ടു. അറുപത്തൊന്നുകാരനായ ലേബർ പാർട്ടി നേതാവ് ജോനാസ് ഗാർ സ്റ്റോയർ പ്രധാനമന്ത്രിയാകുമെന്നാണ് റിപ്പോർട്ട്.

സെന്റർ പാർട്ടി നേതാവ് ട്രിഗി സ്ലാഗവോൾഡ് വെഡവുമായി ചർച്ചയ്ക്കുശേഷം ജോനാസ് ഗാർ മാധ്യമങ്ങളെ കാണും. ഇരു കക്ഷി സർക്കാർ എന്ന നിർദ്ദേശമാണ് സെന്റർ പാർട്ടി മുന്നോട്ടുവയ്ക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

മുൻ സർക്കാർ ഉദ്യോഗസ്ഥനായ ജോനാസ് ഗാർ, 2005-2013ൽ വിദേശകാര്യ മന്ത്രിയായിരുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന ജെൻസ് സ്റ്റോൾട്ടൻബർഗ് നാറ്റോ സെക്രട്ടറി ജനറലായപ്പോൾ പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുത്തു.

കൺസർവേറ്റീവ് പ്രധാനമന്ത്രി എർണ സോൾബെർഗ് നേതൃത്വം നൽകുന്ന വലതുപക്ഷത്തെയാണ് ലേബർ പാർട്ടി തോൽപ്പിച്ചത്. 2013മുതൽ വലതുപക്ഷ സഖ്യമാണ് നോർവേ ഭരിക്കുന്നത്.

കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പായതോടെ പ്രതിപക്ഷ കക്ഷികളായ ഗ്രീൻസ്, കമ്മ്യൂണിസ്റ്റ് റെഡ് പാർട്ടി എന്നിവയുടെ പിന്തുണ തേടേണ്ടി വരില്ല. നേരത്തെ ഇടതുപക്ഷ കക്ഷികൾക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷം ലഭിക്കുമോ എന്ന് ആശങ്കയുയർന്നിരുന്നു. തെരഞ്ഞെടുപ്പിൽ ജയിച്ച ഇടതുപക്ഷത്തെ പ്രധാനമന്ത്രിയായിരുന്ന സോൾബെർഗ് അഭിനന്ദിച്ചു.

വടക്കൻ യൂറോപ്പിലെ ഏറ്റവും വലിയ എണ്ണ ഉൽപാദകരായ നോർവേ, ഓയിൽ വിപണിയെ ആശ്രയിച്ച് രാജ്യത്തിന് എത്രകാലം പിടിച്ചുനിൽക്കാമെന്ന ചോദ്യമാണ് പ്രചാരണത്തിൽ പ്രധാനമായി ഉന്നയിച്ചത്.