തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റേത് അപകട മരണമാണെന്ന് സ്ഥിരീകരിച്ച് സിബിഐ റിപ്പോർട്ട്. മാതാപിതാക്കൾ ഉന്നയിച്ച എല്ലാ ആരോപണങ്ങളും പരിശോധിച്ച ശേഷമാണ് മരണത്തിൽ ദുരൂഹതയില്ലെന്ന് റിപ്പോർട്ട് നൽകിയതെന്ന് സിബിഐ കോടതിയെ അറിയിച്ചു.

സിബിഐ അന്വേഷണ റിപ്പോർട്ട് തള്ളമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ ബാലഭാസ്‌കറിന്റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിലാണ് സിബിഐയുടെ മറുപടി. മരണത്തിൽ അട്ടിമറിയൊന്നും ഇല്ലെന്ന് സിബിഐ റിപ്പോർട്ട് നൽകി.

ബാലഭാസ്‌ക്കറിന്റേത് അപകട മരണം തന്നെയാണെന്നാണ് സാങ്കേതിക പരിശോധന ഫലം വ്യക്തമാക്കുന്നതെന്ന് സിബിഐ അറിയിച്ചു. ഇന്നോവ കാറിന്റെ സർവീസ് എഞ്ചിനീയർമാർ അടങ്ങിയ സംഘവും മോട്ടോർവാഹന വകുപ്പുമാണ് സാങ്കേതിക പരിശോധന നടത്തിയത്.

ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിലും ബാലഭാസ്‌ക്കറിന്റെ മരണം ആസൂത്രിതമല്ലെന്ന് വ്യക്തമാക്കിയിരുന്നു. നേരത്തെ അപകടം പുനരാവിഷ്‌ക്കരിച്ച് ക്രൈംബ്രാഞ്ചും പരിശോധന നടത്തിയിരുന്നു.

സാക്ഷിയായി എത്തിയ കലാഭവൻ സോബിക്ക് കേസിൽ ഇടപെടാൻ നിയമപരമായ അധികാരം ഇല്ലെന്നും സിബിഐ കോടതിയിൽ നിലപാെടെടുത്തു.

2018 സെപ്റ്റംബർ 25ന് തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് കഴക്കൂട്ടത്തിനു സമീപം പള്ളിപ്പുറത്ത് വച്ച് വാഹനാപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ടകാർ വഴിയരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ബാലഭാസ്‌കറും മകൾ തേജസ്വിനിയും അപകടത്തിൽ മരിച്ചു. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് 2018 ഒക്ടോബർ രണ്ടിനാണ് ബാലഭാസ്‌കർ മരിച്ചത്.

വാഹനത്തിലുണ്ടായിരുന്ന ബാലുവിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവർ അർജുനും പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

മരണത്തിൽ അട്ടിമറിയില്ലെന്നും അപകട മരണമാണെന്നുമായിരുന്നു സിബിഐ റിപ്പോർട്ട്. ഡ്രൈവർ അർജ്ജുൻ അശ്രദ്ധമായി അമിത വേഗത്തിൽ വാഹനമോടിച്ചതാണ് അപകടകാരണമെന്നായിരുന്നു കണ്ടെത്തൽ. കേസിൽ കള്ള തെളിവുകൾ നൽകിയതിന് സാക്ഷിയായ കലാഭവൻ സോബിക്കെതിരെയും സിബിഐ കേസെടുത്തിരുന്നു.

ഇതിന് പിന്നാലെയാണ് സിബിഐ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് ബാലഭാസ്‌ക്കറിന്റെ മാതാപിതാക്കളായ കെസി. ഉണ്ണിയും ശാന്താ കുമാരിയും കോടതിയെ സമീപിച്ചത്. തുടരന്വേഷണം വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.