തിരുവനന്തപുരം: പ്രാദേശിക ഭാഷകളിലെ കണ്ടന്റ് ലക്ഷ്യമിടുന്നുവെന്ന് സൂചന നൽകി കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ളിക്‌സ് സൗത്ത് ഇന്ത്യ ആന്തം പുറത്തുവിട്ടിരുന്നു. 'നമ്മ സ്റ്റോറീസ്' എന്ന റാപ് ആന്തത്തിൽ മലയാളികളുടെ പ്രതിനിധിയായി നീരജ് മാധവ് ആണ് ഉള്ളത്. മലയാളത്തിലുള്ള റാപ് മോഡൽ ഗാനശകലവും സൗത്ത് ഇന്ത്യ ആന്തത്തിൽ ഉണ്ടായിരുന്നു. ഗാനത്തിന്റെ സബ്‌ടൈറ്റിലിൽ ബീഫിന്റെ സ്‌പെല്ലിങ് തെറ്റായി എഴുതിയതിൽ നെറ്റ്ഫ്‌ളിക്‌സിനെ പരിഹസിച്ച് എത്തിയിരിക്കുകയാണ് സാഹിത്യകാരൻ എൻ എസ് മാധവൻ.

എവിടെ പോയാലും ഞാൻ മിണ്ടും മലയാളത്തിൽ. പൊറോട്ടേം ബീഫും ഞാൻ തിന്നും അതികാലത്ത് എന്നായിരുന്നു വരികൾ. ഇതിന് സബ്‌ടൈറ്റിൽ ചെയ്തപ്പോൾ BDF എന്ന് എഴുതിയതിനെയാണ് എൻ എസ് മാധവൻ വിമർശിച്ചിരിക്കുന്നത്. മലയാളത്തിന് ഉചിതമായ തരികിട ഡയലോഗുകൾ കണ്ടെത്താൻ ശ്രമിക്കുന്നതിന് മുമ്പ് ബീഫിന്റെ സ്‌പെല്ലിങ് പഠിക്കൂ എന്നാണ് എൻ എസ് മാധവൻ എഴുതിയിരിക്കുന്നത്.

മലയാളത്തിന് ഉചിതമായ തരികിട ഡയലോഗുകൾ കണ്ടെത്താൻ ശ്രമിക്കുന്നതിന് മുമ്പ് ബീഫിന്റെ സ്‌പെല്ലിങ് പഠിക്കൂ. 'യലലള' ആണ്. സംഘിഫോബിയയുമായി ഇങ്ങോട്ടുവരരുത് എന്നുമാണ് എൻ എസ് മാധവൻ എഴുതിയിരിക്കുന്നത്.

നൂറ് ശതമാനം സാക്ഷരത, ശശി തരൂരിന്റെ ഇംഗ്ലീഷ് പ്രാവീണ്യം, റസൂൽ പൂക്കൂട്ടിയുടെ ഓസ്‌കാർ നേട്ടം, മോഹൻലാൽ, മമ്മൂട്ടി, കഥകളി, വള്ളംകളി തുടങ്ങിയവയൊക്കെ നീരജ് മാധവിന്റെ വരികളിൽ പറഞ്ഞിരുന്നു. അറിവ്, സിരി, ഹനുമാൻ കൈൻഡ് എന്നിവരാണ് ആന്തത്തിൽ വരുന്ന മറ്റ് പ്രമുഖർ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രേക്ഷകരോട് സംവദിക്കാൻ പ്രത്യേക ട്വിറ്റർ ഹാൻഡിൽ തുടങ്ങിയതിന് പിന്നാലെയാണ് ഇപോൾ ആന്തവും പുറത്തുവിട്ടിരിക്കുന്നത്. നെറ്റ്ഫ്ളിക്സിന്റെ പ്രധാന സീരീസുകളിലൊന്നായ നാർകോസിലെ പാബ്ലോ എസ്‌കോബാറിനെ മുണ്ടുടുപ്പിച്ചാണ് ആദ്യം ഇതുസംബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സ് സൂചന നൽകിയത്. തുടർന്ന് പ്രാദേശിക ഭാഷകൾ സൂചിപ്പിച്ചുള്ള ട്വീറ്റുകളും വന്നു തുടങ്ങി. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ നിന്നുള്ള തദ്ദേശീയമായ കഥകൾ ഇനി നെറ്റ്ഫ്‌ളിക്‌സിൽ കാണാമെന്ന് തന്നെയാണ് സൗത്ത് ഇന്ത്യൻ ആന്തം സൂചിപ്പിക്കുന്നത്