തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ കേരളത്തിൽ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരം നടത്തുന്നതിനെതിരെ സാഹിത്യകാരൻ എൻ എസ് മാധവൻ. തൃശ്ശൂർ പൂരം പോലെയുള്ള സൂപ്പർ സ്‌പ്രെഡർ ഒത്തു ചേരൽ ഈ അവസസരത്തിൽ ഒഴിവാക്കണമെന്ന് എൻഎസ് മാധവൻ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പതിനേഴ് ശതമാനം പോസിറ്റിവിറ്റി നിരക്ക് എന്നാൽ കേരളത്തിലെ അഞ്ചിൽ ഒരാൾക്ക് വൈറസ് ഉണ്ട് എന്നാണ്. അത് അപകടകരമാണ്. തൃശ്ശൂർ പൂരം പോലുള്ള സൂപ്പർസ്‌പ്രെഡർ ഒത്തുചേരലുകൾ ഈ അവസരത്തിൽ നിർത്തുക. സർക്കാർ ശബരിമലപ്പേടിയിൽ ഇപ്പോൾ പ്രവർത്തിക്കരുത്, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണമെന്നും എനൻഎസ് മാധവൻ ട്വീറ്റിൽ വ്യക്തമാക്കി.

കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണ തൃശ്ശൂർ പൂരം നടക്കുന്നത്. പൂരം കാണാൻ എത്തുന്നവർ കോവിഡ് വാക്‌സീൻ രണ്ട് ഡോസുകളും എടുത്തിരിക്കണമെന്നത് നിർബന്ധമാക്കി ഇന്നലെ സർക്കാർ ഉത്തരവിറക്കിയിരുന്നു. വാക്‌സീൻ ഒറ്റ ഡോസ് മതിയെന്ന നിർദ്ദേശം പിൻവലിച്ചാണ് പ്രത്യേക ഉത്തരവിറക്കിയത്. രണ്ടു ഡോസ് വാക്‌സീൻ എടുക്കാത്തവർക്ക് ആർ.ടി.പി.സി.ആർ പരിശോധന വേണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി പൂരത്തിനായി പുറത്തിറക്കിയ പ്രത്യേക ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.