ഇംഫാൽ: ഗോമൂത്രത്തിനെതിരെ ഫേസ്‌ബുക്കിൽ കുറിപ്പിട്ട മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റിനുമെതിരെ ദേശീയ സുരക്ഷ നിയമപ്രകാരം (എൻ.എസ്.എ) കേസെടുത്ത് മണിപ്പൂർ പൊലീസ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ഇനിയെങ്കിലും ഗോമൂത്രത്തെ കുറിച്ച് പ്രചരിപ്പിക്കുന്നത് നിർത്തണമെന്ന് ഫേസ്‌ബുക്കിലൂടെ ആഹ്വാനം ചെയ്തതിനാണ് കേസ്.

മാധ്യമപ്രവർത്തകനായ കിശോർചന്ദ്ര വാങ്കേം, ആക്ടിവിസ്റ്റ് എറൻഡോ ലെയ്‌ചോംബം എന്നിവർക്കെതിരെയാണ് കേസ്. മരണപ്പെട്ട ബിജെപി നേതാവിനെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി പാർട്ടി നൽകിയ പരാതിയിൽ കോടതി ഇരുവർക്കും ജാമ്യം നൽകിയതിന് പിന്നാലെയാണ് ദേശീയ സുരക്ഷ നിയമപ്രകാരം കേസെടുത്തത്. ജാമ്യം നൽകിയപ്പോൾ തന്നെ കോടതി പൊലീസിനെ രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു.

ചാണകവും ഗോമൂത്രവും സഹായിച്ചില്ല, എല്ലാം തെറ്റായ പ്രചരണം മാത്രം. നാളെ മത്സ്യം കഴിച്ചു നോക്കാം -ഇതായിരുന്നു കിശോർചന്ദ്ര വാങ്കേമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. സമാനരീതിയിലായിരുന്നു എറൻഡോ ലെയ്‌ചോംബയുടെ ഫേസ്‌ബുക്ക് കുറിപ്പും.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മണിപ്പൂർ മുഖ്യമന്ത്രി ബൈറൻ സിങ്ങിനെതിരെയും ഫേസ്‌ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്തതിന് 2018ൽ കിശോർചന്ദ്ര വാങ്കേമിനെതിരെ ദേശീയ സുരക്ഷ നിയമപ്രകാരം കേസെടുത്തിരുന്നു. അക്കാലയളവിൽ ലെയ്‌ചോംബക്കതെിരെ രാജ്യദ്രോഹ കേസും ചുമത്തിയിരുന്നു.