കോട്ടയം: ജനവികാരം അട്ടിമറിക്കാനായിരുന്നു പോളിങ് ദിനത്തിലെ എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ ആഹ്വാനമെന്ന പിണറായി വിജയന്റെ വിമർശനത്തിന് മറുപടിയുമായി സുകുമാരൻ നായർ. തെരഞ്ഞെടുപ്പു ദിവസം പറഞ്ഞത് എൽഡിഎഫിന് എതിരാണെന്ന പ്രസ്താവന സത്യവിരുദ്ധമാണ്. അന്നു പറഞ്ഞ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നുവെന്നും അന്ന് പറഞ്ഞത് മുഖ്യമന്ത്രിക്കെതിരെ വളച്ചൊടിച്ച് രാഷ്ട്രീയ വൽക്കരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് അവരുടെ ജനഹിതം അനുസരിച്ച് സംഭവിക്കട്ടെ എന്നാണ് താൻ പറഞ്ഞത്. എന്നാൽ അതിനെ വളച്ചൊടിച്ചു. താൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് ചെയ്തത്. അതിനെ വളച്ചൊടിച്ച് രാഷ്ട്രീയവൽക്കരിക്കാനും ജനങ്ങൾക്കിടയിൽ എൻഎസ്എസിനെതിരെ ശത്രുത വളർത്താനുമുള്ള ശ്രമങ്ങൾ ഒരു മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ലായിരുന്നു.

വിശ്വാസ സംരക്ഷണം ഒഴികെ ഒരു കാര്യത്തിലും ഇടതു സർക്കാരിനോട് എതിർപ്പ് പ്രകടിപ്പിച്ചില്ല. മുഖ്യമന്ത്രിയും ചില ഇടത് നേതാക്കളും എൻഎസ്എസ് നേതൃത്വത്തോട് കാണിക്കുന്ന വിലകുറഞ്ഞ നിലപാടിനെ സമുദായം ഗൗരവത്തോടെ കാണും. ഏതു മുന്നണി ഭരിച്ചാലും പറയാനുള്ളത് പറയുക തന്നെ ചെയ്യുമെന്നും വിശ്വാസത്തിന്റെ കാര്യത്തിൽ കാര്യത്തിൽ നിലപാട് തുടരുമെന്നും സുകുമാരൻ നായർ പ്രസ്താവനയിൽ വ്യക്തമാക്കി.

'നന്നേ കാലത്ത് വോട്ടുചെയ്ത് എൽ.ഡി.എഫിന്റെ തുടർഭരണം പാടില്ലെന്ന് വിരലുയത്തി പറയുമ്പോൾ, നിങ്ങളുടെ വിരൽ എൽ.ഡി.എഫിനെതിരെയാണ് പ്രസ് ചെയ്യേണ്ടത് എന്ന സന്ദേശം അണികളിൽ എത്തിക്കാനാണ് സുകുമാരൻ നായർ ശ്രമിച്ചത്. എന്ന മുഖ്യ മന്ത്രി പിണറായി വിജയന്റെ പ്രസ്താവന തികച്ചും സത്യവിരുദ്ധമാണ് എന്ന് അന്നത്തെ റി ടെലികാസ്റ്റ് കണ്ടവർക്ക് ബോദ്ധ്യമാകുന്നതാണ്.

പ്രസ്താവനയുടെ പൂർണരൂപം

'മതേതരത്വം, ജനാധിപത്യം, സാമൂഹ്യനീതി വിശ്വാസം ഈ മൂല്യങ്ങൾ സംരക്ഷിക്കും എന്ന് ഉറപ്പുള്ള ആളുകൾക്ക് വോട്ട് ചെയ്യണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. കാരണം, ഈനാടിന്റെ അവസ്ഥ അതാണ്. അത് ജനങ്ങൾ മനസ്സിലാക്കി. ജനങ്ങൾക്ക് സമാധാനവും സ്വൈര്യവും നല്കുന്ന ഒരു ഗവണ്മെന്റ് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

തദ്ദേശതിരഞ്ഞെടുപ്പിനു മുമ്പും ഇതുതന്നെയാണ് ഞാൻ പറഞ്ഞത്. ഇവിടെ പ്രധാനമായ മൂല്യങ്ങൾ ഞാൻ പറഞ്ഞല്ലോ. അവ സംരക്ഷിക്കാൻ ജനങ്ങൾ മുൻകൈ എടുക്കും എന്നാണ് എന്റെ പ്രതീക്ഷ. ഈ ഇലക്ഷൻ അതിന് ഉപകരിക്കും എന്നാണ് ഞാൻ കരുതുന്നത്.

വിശ്വാസികളുടെ പ്രതിഷേധം നേരത്തെ മുതൽ ഉണ്ടല്ലോ. അതിന് കുറവൊന്നും സംഭവിച്ചിട്ടില്ല. കുറവ് എന്തെങ്കിലും സംഭവിച്ചുകാണണമെന്ന് ആരും ആഗ്രഹിച്ചിട്ടുമില്ല. അതിന്റെ പ്രതികരണം തീർച്ചയായും ഉണ്ടാകും.

ഭരണമാറ്റം ജനങ്ങൾ തീരുമാനിക്കേണ്ടതാണ്. ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത് ജനഹിതം അനുസരിച്ച് സംഭവിക്കട്ടെ. അതിനെക്കുറിച്ച് ഞാൻ കൂടുതൽ പ്രതികരിക്കുന്നില്ല''.

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നല്കിയ മറുപടിയുടെ യഥാർത്ഥരൂപമാണ് മുകളിൽ ചേർത്തിരിക്കുന്നത്. ഇതൊരു പ്രസ്താവന ആയിരുന്നില്ല. ചോദ്യങ്ങൾക്കുള്ള മറുപടി മാത്രമായിരുന്നു. ഈ നിലപാടിൽ ഞാൻ ഇപ്പോഴും ഉറച്ചു നില്ക്കുന്നു. ഇതിനെ വളച്ചൊടിച്ചും രാഷ്ട്രീയവത്കരിച്ചും ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനും എൻ.എസ്.എസ്സിനോടും അതിന്റെ നേതൃത്വത്തിനോടും ശ്രത്രുത വളർത്താനും ഉള്ള ശ്രമം ഒരു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലായിരുന്നു.

ഇടതുപക്ഷഗവൺമെന്റിന്റെ ഭരണം സംബന്ധിച്ച് വിശ്വാസസംരക്ഷണം കഴിക ഒരു കാര്യത്തിലും എൻ.എസ്.എസ്. എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. ഈ ഗവണ്മെന്റിൽ നിന്നും എൻ. എസ്. എസ്സോ അതിന്റെ ജനറൽ സെക്രട്ടറിയോ യാതൊന്നും അനർഹമായി ആവശ്യപ്പെടു കയോ നേടുകയോ ചെയ്തിട്ടുമില്ല. 10 ശതമാനം സാമ്പത്തികസംവരണം നടപ്പാക്കി എന്നു ഇത് മൂന്നാക്കവിഭാഗത്തിലുള്ള 160-ൽ പരം സമുദായങ്ങൾക്ക് വേണ്ടിയാണ്. നായർ സമുദായം അതിൽ ഒന്നു മാത്രമാണ് കേന്ദ്രഗവണ്മെന്റിന്റെ ഭരണം സംബന്ധിച്ച് ഈ തീരുമാംനം നടപ്പാക്കാനുള്ള ബാധ്യത സംസ്ഥാനസർക്കാരിനുണ്ടെങ്കിലും ഇതു സംബന്ധിച്ച നടപടി ഇപ്പോഴും അപൂർണ്ണമാണ്.

മന്നത്തു പത്മനാഭന്റെ ജന്മദിനം നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്സ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യം തെറ്റാണെന്ന് ഇപ്പോഴും ഞങ്ങൾക്ക് തോന്നുന്നില്ല. മുഖ്യമന്ത്രിയടക്കം ചില ഇടതുനേതാക്കൾ ഈ സാഹചര്യങ്ങളുടെ പേരിൽ എൻ എസ്എസിനോടും അതിന്റെ നേതൃത്തിനോടും സ്വീകരിക്കുന്ന വിലകുറഞ്ഞ നിലപാടിനെ നായർസമുദായവും സർവീസ് സൊസൈറ്റിയും അർഹിക്കുന്ന ഗൗരവത്തോടെ കാണുമെന്ന കാര്യത്തിൽ സംശയമില്ല. വിശ്വാസത്തിന്റെ കാര്യത്തിൽ എൻ.എസ്.എസ്സിന്റെ ഇപ്പോഴത്തെ നിലപാട് തുടരുക തന്നെ ചെയ്യും. അതിൽ മാതമോ രാഷ്ട്രീയമോ കാണുന്നില്ല. ഏതു മുന്നണി ഭരിച്ചാലും തങ്ങൾക്കുള്ള അഭിപ്രായം തുറന്നുപറയാനുള്ള അവകാശം എൻഎസ്എസിനുണ്ട്. അത് ഇന്നേവരെ ചെയ്തിട്ടുണ്ട്, അത് നാളെയും തുടരും'.