തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്ക് നേരെയുള്ള അതിക്രമം വർധിക്കുന്നതായി കണക്കുകൾ. പോക്സോ നിയമം നിലവിൽ വന്നശേഷം ഓരോ വർഷം കഴിയുമ്പോഴും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കൂടുന്നു. അഞ്ചുകൊല്ലത്തിനിടെ പതിനാറായിരത്തിലധികം പോക്സോ കേസുകളാണ് രജിസ്റ്റർചെയ്തത്.കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയൽ നിയമം അനുസരിച്ച് കഴിഞ്ഞവർഷം മാത്രം 3549 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2020-ൽ 3019 ആയിരുന്നു. അഞ്ചുവർഷത്തിനിടെ 2017-ൽ മാത്രമാണ് മൂവായിരത്തിൽ താഴെയായത്.കഴിഞ്ഞവർഷം ഏറ്റവുമധികം കേസുകൾ മലപ്പുറത്താണ് രജിസ്റ്റർ ചെയ്തത്-457. തിരുവനന്തപുരം-434, എറണാകുളം-327, കോഴിക്കോട്-294. പരാതികൾ പരിശോധിച്ച് കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനാലാണ് എണ്ണം കൂടുതലാകുന്നതെന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇതിൽ പതിമൂവായിരത്തോളം കേസുകൾ കോടതികളിൽ വിചാരണയിലാണ്. പോക്സോ കേസുകളിലെ വിചാരണ വേഗത്തിലാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചതിനുസരിച്ച് 28 പ്രത്യേക പോക്സോ കോടതികൾക്കുകൂടി സർക്കാർ അനുമതി നൽകിയിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക വിഭാഗമാണ് ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്.പോക്സോ കേസുകളുടെ അന്വേഷണത്തിന് സംസ്ഥാന പൊലീസിൽ പ്രത്യേക വിഭാഗം ആരംഭിക്കാൻ പൊലീസ് മേധാവി സർക്കാരിന് ശുപാർശ നൽകിരുന്നു. ഇതിന് മുഖ്യമന്ത്രി അംഗീകാരം നൽകിയിട്ടുണ്ട്.

ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി.യുടെ നേതൃത്വത്തിലാകും ഇത്. കൂടാതെ എസ്‌പി.മാരുടെ നേതൃത്വത്തിൽ ദക്ഷിണ, ഉത്തര മേഖലാ ഓഫീസുകളുമുണ്ടാകും. 350-ഓളം പുതിയ തസ്തികകൾ സൃഷ്ടിച്ചാകും പ്രത്യേക അന്വേഷണ വിഭാഗം ആരംഭിക്കുക.പോക്സോ കേസുകൾ കൂടാതെ കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്ക് 4349 കേസുകളും കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തു. 36 കുട്ടികൾ കൊല്ലപ്പെട്ടതായും കണക്കുകൾ വ്യക്തമാക്കുന്നു. ശൈശവവിവാഹങ്ങൾക്കെതിരേ 13 കേസുകളും കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് 244 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.