തിരുവനന്തപുരം: ഉത്തർപ്രദേശിലെ ഝാൻസിയിൽ ട്രെയിൻ യാത്രക്കിടയിൽ മലയാളി ഉൾപ്പെടെയുള്ള നാല് കത്തോലിക്ക കന്യാസ്ത്രീകൾക്കു നേരേ ബജ്റംഗ്ദൾ പ്രവർത്തകരും പൊലീസും നടത്തിയ അതിക്രമങ്ങളിൽ കഴമ്പില്ലെന്ന കേന്ദ്ര റെയിൽവെ മന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവന ബിജെപിയുടെ ന്യൂനപക്ഷവിരുദ്ധ സമീപനത്തിന് മറ്റൊരു തെളിവാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

ആരോപണം അടിസ്ഥാനരഹിതമാണെന്നു പറഞ്ഞുകൊണ്ട് സംഭവത്തെ ന്യായികരിക്കാനുള്ള മന്ത്രിയുടെ ശ്രമം അപഹാസ്യമാണ്. നേരത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ സംഭവത്തെ അപലപിക്കുകയും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയും ചെയ്യുമെന്ന് അറിയിച്ചിരുന്നു. അതുപാടെ തള്ളിക്കൊണ്ടാണ് മറ്റൊരു കേന്ദ്രമന്ത്രി ന്യൂനപക്ഷവിരുദ്ധ സമീപനം സ്വീകരിച്ചത്.

ആരോപണം നൂറു ശതമാനം ശരിയാണെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്. എന്നാൽ എഫ്ഐആർ ഇടാനോ കേസ് എടുക്കാനോ പൊലീസ് തയാറായില്ല. കുറ്റക്കാർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചില്ല. ഉത്തരേന്ത്യയിലെ വർത്തമാനകാല രാഷ്ട്രീയത്തിന്റെ നേർചിത്രമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നത്.

സന്യാസാർഥിനിമാരായ രണ്ടു പേരെ മതംമാറ്റാൻ കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് ട്രെയിനിൽ സഹയാത്രികരായ ബജ്റംഗ്ദൾ പ്രവർത്തകരാണ് കന്യാസ്ത്രീകൾക്കു നേരെ ആക്രമണം നടത്തിയത്.