ന്യൂഡൽഹി: മൂൽചന്ദ് ആശുപത്രിയിൽ കോവിഡ് രോഗികൾക്കുള്ള റെംഡെസിവിർ ഇൻജക്ഷൻ മോഷ്ടിച്ച് കരിഞ്ചന്തയിൽ വിൽപന നടത്തിയ നഴ്‌സ് ഉൾപ്പെടെ നാലു പേർ ഡൽഹിയിൽ അറസ്റ്റിൽ. ഡൽഹി മൂൽചന്ദ് ആശുപത്രിയിലെ താൽക്കാലിക നഴ്‌സായ ലളിതേഷ് ചൗഹാൻ (24), സുഹൃത്ത് ശുഭം പട്‌നായിക് (23), സഹായികളായ വിശാൽ കശ്യപ് (22), വിപുൽ വർമ (29) എന്നിവരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.

ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുന്ന കോവിഡ് രോഗികളുടെ ഇൻജക്ഷനാണ് ലളിതേഷ് ചൗഹാൻ മോഷ്ടിച്ചിരുന്നതെന്നും മറ്റുള്ളവർ ഇത് ഉയർന്ന വിലയ്ക്ക് കരിഞ്ചന്തയിൽ വിൽപന നടത്തിവരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കോവിഡ് രോഗിയുടെ ബന്ധുക്കൾക്ക് ഇൻജക്ഷൻ വിൽക്കാനെത്തിയ വിപുലിനെയാണ് പൊലീസ് സംഘം ആദ്യം പിടികൂടിയത്. ഇയാൾ അനധികൃതമായി റെംഡെസിവിർ ഇൻജക്ഷൻ വിൽക്കുന്നുണ്ടെന്ന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. തുടർന്ന് പിതാംപുരയിൽ ഇൻജക്ഷൻ വിൽക്കാനായി എത്തിയപ്പോൾ പൊലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തതോടെയാണ് സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും വിവരം ലഭിച്ചത്.

ആശുപത്രിയിലെ കോവിഡ് വാർഡിൽ ജോലി ചെയ്യുന്ന ലളിതേഷ് ചൗഹാനാണ് സംഘത്തിന് റെംഡെസിവിർ ഇൻജക്ഷൻ മോഷ്ടിച്ച് കൈമാറുന്നത്. ചികിത്സയിലിരിക്കെ മരിക്കുന്ന രോഗികളുടെയും നേരത്തെ രോഗം ഭേദമായി ആശുപത്രി വിടുന്നവരുടെയും കൈവശമുണ്ടായിരുന്ന ഇൻജക്ഷനാണ് ഇവർ മോഷ്ടിച്ചിരുന്നത്.

ഇൻജക്ഷൻ ഉപയോഗിച്ചെന്ന കൃത്രിമരേഖയുണ്ടാക്കി ചികിത്സയിലുള്ളവരുടേതും ഇവർ മോഷ്ടിച്ചിരുന്നു. ഇത് പിന്നീട് സുഹൃത്തായ ശുഭം പട്‌നായിക്കിന് കൈമാറും. ഇയാൾ മറ്റു രണ്ടു പേർക്ക് ഒരു ഇൻജക്ഷന് 25,000 മുതൽ 35,000 രൂപ വരെ ഈടാക്കി വിൽപന നടത്തും. വിപുലും വിശാലും ഇത് പിന്നീട് 50,000 രൂപയ്ക്കാണ് കരിഞ്ചന്തയിൽ വിറ്റിരുന്നത്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ റെംഡെസിവിർ ഇൻജക്ഷനും ഓക്‌സിജൻ സിലിൻഡറുകളും കരിഞ്ചന്തയിൽ ഉയർന്ന വില ഈടാക്കി വിൽപന നടത്തുന്നത് ഡൽഹിയിൽ വ്യാപകമായിരിക്കുകയാണ്. ഇതുവരെ 49 കേസുകളാണ് ഇതു സംബന്ധിച്ച് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഓക്‌സിജൻ സിലിൻഡറും മരുന്നും വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് 24 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരം കേസുകളിൽ ഉൾപ്പെട്ട 91 പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായും 425 റെംഡെസിവിർ ഇൻജക്ഷൻ കണ്ടെടുത്തതായും ഡൽഹി പൊലീസ് കമ്മീഷണർ എസ്.എൻ. ശ്രീവാസ്തവ പറഞ്ഞു.